വിളപ്പില്‍(തിരുവനന്തപുരം): എ.പി.ജെ. അബ്ദുല്‍കലാം സാങ്കേതിക സര്‍വ്വകലാശാലയ്ക്കായി ഏറ്റെടുക്കുന്ന അമ്പതേക്കറില്‍ പകുതിയിലേറെയും സിപിഎം, സിപിഐ നേതാക്കളുടെയും ബന്ധുക്കളുടെയും. തിരുവനന്തപുരം നഗരസഭയുടെ കണികാണുംപാറയിലെ ചവര്‍ ഫാക്ടറിയോട് ചേര്‍ന്നു കിടക്കുന്ന ഭൂമിയാണിത്.
ഈ ഭൂമി ഏറ്റെടുക്കുമ്പോള്‍ തൊട്ടരികില്‍ ഏറ്റെടുത്തിട്ടും വാങ്ങാത്ത 50 ഏക്കറിലെ എഴുപതോളം ഭൂവുടമകളുടേയും പ്രദേശവാസികളുടേയും പരാതികള്‍ക്കാണ് പരിഹാരമില്ലാതാവുന്നത്. അവരുടെ വായടപ്പിക്കാനാണ് സര്‍വ്വകലാശാല ഇവിടെ വിളപ്പില്‍ശാലയില്‍ നിന്ന് തൃശ്ശൂരിലേക്ക് കൊണ്ടുപോകാന്‍ അണിയറനീക്കം നടക്കുന്നുവെന്ന് എംഎല്‍എ ഐ.ബി. സതീഷ് അടക്കമുള്ളവര്‍ പ്രചരിപ്പിക്കുന്നതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
വിളപ്പില്‍ശാലയെന്ന പേര് ഇനി കേരളത്തിന്റെ സാങ്കേതിക വിജ്ഞാനത്തിന്റെ കേന്ദ്രമായി മാറുമെന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച ഐ.ബി. സതീഷാണ് ഇപ്പോള്‍ സര്‍വ്വകലാശാല തൃശ്ശൂരിലേക്ക് മാറ്റുമെന്ന ഫേയ്സ്ബുക്കില്‍ കുറിച്ചത്. മന്ത്രിസഭയിലെയും സര്‍വ്വകലാശാലയുടേയും ചില ഉന്നതരാണ് ഈ നീക്കത്തിന് പിന്നിലെന്നും അദ്ദേഹം പറയാതെ പറയുന്നു.
സര്‍വ്വകലാശാലയ്ക്ക് സ്വതന്ത്രമായ കാമ്പസും കേരളത്തിലുടനീളമുള്ള 143 എന്‍ജിനീയറിങ് കോളജുകളുടെ ഏകോപനവുമാണ് ഈ ആസ്ഥാനത്ത് നടക്കേണ്ടത്. ഇതിന് നൂറേക്കറില്‍ അധികം ഭൂമിയാണ് ആവശ്യമെന്ന് സര്‍വ്വകലാശാല അധികൃതരും സമ്മതിക്കുന്നു. പക്ഷേ, വസ്തു വിട്ടുനല്‍കി കാത്തിരിക്കുന്നവരുടെ ഭൂമിക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വില നല്‍കാനാണ് കാലതാമസം. സാമ്പത്തിക പ്രതിസന്ധിയെന്ന പേരില്‍ നടത്തുന്ന രാഷ്ട്രീയം പാവങ്ങളുടെ ആത്മഹത്യയ്ക്ക് കാരണമാവുമോയെന്ന ആശങ്കയാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: