തിരുവനന്തപുരം : എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തെന്ന് ആരോപണം. കോണ്‍ഗ്രസ്സില്‍ നിന്നും എന്‍സിപിയിലേക്ക് ചേക്കേറിയ പി.സി. ചാക്കോയ്ക്കെതിരെ എ.കെ. ശശീന്ദ്രന് വിഭാഗമാണ് എതിര്‍പ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതോടെ എന്‍സിപി സംസ്ഥാന നേതൃത്വത്തിനുള്ളില്‍ തര്‍ക്കം ഉടലെടുത്തിരിക്കുകയാണ്.
എന്‍സിപി നേതൃനിരയിലേക്ക് പി.സി. ചാക്കോ വന്നതില്‍ ഒരു വിഭാഗം നേരത്തെ എതിര്‍പ്പുമായി എത്തിയതാണ്. പി.സി ചാക്കോ പ്രസിഡന്റ് ആയതിനു പിന്നാലെ ജില്ലാ പ്രസിഡന്റുമാരെ മാറ്റിയിരുന്നു. ഇതിനെതിരെ ഒരുവിഭാഗം രംഗത്തെത്തുകയും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസം ഉടലെടുക്കുകയുമായിരുന്നു. ഇതിനിടെ ചാക്കോയുടെ വിശ്വസ്ഥനായ സംസ്ഥാന സെക്രട്ടറി ബിജു ആബേല്‍ ജേക്കബ് പാര്‍ട്ടി പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പ് അടുത്തിടെ പുറത്തുവന്നിരുന്നു. ഇതോടെ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര തര്‍ക്കം രൂക്ഷമാവുകയായിരുന്നു.
മുന്‍ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ ടി.പി. പീതാംബരനെയും മന്ത്രി എ.കെ. ശശീന്ദ്രനേയും വകവയ്ക്കാതെ ചാക്കോ തന്നിഷ്ടപ്രകാരം തീരുമാനങ്ങള്‍ എടുക്കുന്നെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ഇതിനിടെയാണ് ബിജു ആബേല്‍ ജേക്കബ് എറണാകുളത്തെ പാര്‍ട്ടി പ്രവര്ത്തകന് ബേബിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്തു വന്നത്.പൊതുജനങ്ങളോട് മാന്യമായേ മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങള്‍ പെരുമാറാവൂ എന്ന സര്‍ക്കാര്‍ നിര്‍ദേശമുള്ളപ്പോഴാണ് പുതിയ വിവാദം.
മന്ത്രി എ.കെ. ശശീന്ദ്രന്റെ പേഴ്സണല്‍ സ്റ്റാഫംഗമായി ബിജു ആബേല്‍ ജേക്കബിനെ ആക്കിയതിന് പിന്നില്‍ ചാക്കോയുടെ ഇടപെടല്‍ ആണെന്നും വിമര്‍ശനമുണ്ട്. ബിജു ആബേല്‍ ജേക്കബിനെതിരെ എന്‍സിപിയിലെ ഒരു വിഭാഗം മുഖ്യമന്ത്രിക്ക് പരാതി നല്കി. അതേസമയം ചില സ്ഥാപിത താല്‍പ്പര്യക്കാരാണ് പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങളുണ്ടെന്ന് പ്രചരിപ്പിക്കുന്നതെന്ന് പിസി ചാക്കോ അനുകൂലികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: