ന്യൂദൽഹി: ബെംഗളൂരു പോലീസ് സ്റ്റേഷൻ കലാപത്തിൽ പ്രതിയായ ഒളിവിൽ കഴിയുകയായിരുന്ന എസ്ഡിപി ഐ പ്രവര്‍ത്തകനെ എന്‍ ഐഎ അറസ്റ്റ് ചെയ്തു. കർണാടക പോലീസും എൻഐഎയും ചേര്‍ന്നുള്ള സംയുക്ത നീക്കത്തിലാണ് ചിക്ബലാപൂരിൽ ഒളിവില്‍ കഴിഞ്ഞിരുന്ന എസ്ഡിപിഐ പ്രവർത്തകനായ തബ്രേസ് (35) അറസ്റ്റിലായത്. ഓള്‍ഡ് ബെംഗളൂരു ലേഔട്ട് സ്വദേശിയാണ് തബ്രേസ്.
ബെംഗളൂരു കലാപത്തിന്റെ ഗൂഢാലോചനയിൽ മുഖ്യപങ്കുവഹിച്ചിട്ടുള്ള തബ്രേസ് സമൂഹമാദ്ധ്യമങ്ങൾ വഴി മറ്റുള്ളവരെയും ആക്രമണത്തിന് പ്രേരിപ്പിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ വാഹനങ്ങളും പൊതുമുതലുകളും നശിപ്പിച്ചും ഇയാൾ കലാപത്തിൽ പങ്കുചേർന്നിരുന്നതായി പോലീസ് കണ്ടെത്തി.
സമൂഹമാദ്ധ്യമത്തിൽ ഇസ്ലാമിക പ്രവാചകനായ മുഹമ്മദ് നബിയെ സംബന്ധിക്കുന്ന പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് ബെംഗളൂരുവിൽ കലാപങ്ങൾ തുടങ്ങിയത്. 2020 ആഗസ്ത് 11ന് രാത്രിയായിരുന്നു സംഭവം. കോൺഗ്രസിന്റെ നിയമസഭാംഗമായ അഖന്ദ ശ്രീനിവാസിന്റെ ബന്ധുവായ നവീന്‍ ആണ് മുഹമ്മദ് നബിയെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. തുടർന്ന് മുസ്ലീം സമുദായത്തിൽപ്പെട്ട ഒരു കൂട്ടം ജനങ്ങൾ ചേർന്ന് അഖന്ദ ശ്രീനിവാസിന്റെ വസതിയും പോലീസ് സ്റ്റേഷനും ആക്രമിച്ചു. നിരവധി വാഹനങ്ങൾ കത്തിച്ചും പൊതുമുതലുകൾ നശിപ്പിച്ചും ജനക്കൂട്ടം അക്രമം നടത്തി. പൊലീസ് ജീപ്പ് കത്തിച്ചു.
ഡിജെ ഹള്ളി(ദേവരജീവനഹള്ളി) പോലീസ് സ്റ്റേഷനിലും സമീപ പ്രദേശങ്ങളിലുമാണ് പ്രധാനമായും കലാപം നടന്നത്. അപകടകരമായ ആയുധങ്ങളും കല്ലും ഉപയോഗിച്ച് പൊലീസ് സ്റ്റേഷന് ആക്രമിച്ചു. 2020 ആഗസ്ത് 12ന് ഡിജെ ഹള്ളി(ദേവരജീവനഹള്ളി) പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് സെപ്റ്റംബർ 21ന് എൻഐഎ ഏറ്റെടുത്തു. തുടർന്ന് കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് 109 പേരെ പ്രതി ചേർത്ത് എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ എസ് ഡി പിഐയുടെ സഗായ്പുരം വാര്‍ഡ് അംഗമാണ് തബ്രേസ്. പൊലീസ് സ്റ്റേഷന് ആക്രമണം ഗൂഡാലോചന നടത്തിയതിന് പിന്നില്‍ തബ്രേസാണെന്ന് എൻഐഎ കുറ്റപത്രത്തില്‍ പറയുന്നു. വാട്സാപ് ഗ്രൂപ്പില്‍ പലരെയും അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: