ബെംഗളൂരു: സൈനിക ഉദ്യോഗസ്ഥന് ചമഞ്ഞ് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐക്ക് നല്‍കിയതിന് രാജസ്ഥാന് സ്വദേശിയെ അറസ്റ്റ് ചെയ്തു. ബാര്‍മര്‍ സ്വദേശി ജിതേന്ദര്‍ സിങ്ങിനെയാണ് ബെംഗളൂരുവില്‍ മിലിറ്ററി ഇന്റലിജന്‍സും ബെംഗളൂരു പൊലീസിനു കീഴിലുള്ള സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്ത് 12 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ നല്കി. പോലീസ് വിശദാന്വേഷണം തുടങ്ങി.
ഇന്ത്യന്‍ സൈനിക, പ്രതിരോധ നിര്‍മാണ സ്ഥാപനങ്ങളുടെ രഹസ്യവിവരങ്ങളാണ് ഇയാള്‍ എഎസ്ഐക്ക് ചോര്‍ത്തിയതെന്നാണ് പ്രാഥമിക വിവരം. ബാര്മറിലേതുള്പ്പെടെയുള്ള സൈനിക താവളങ്ങളുടെയും അതിര്‍ത്തിയിലെ സേനാ നീക്കങ്ങളുടെയും വിഡിയോകളും ചിത്രങ്ങളും ഇയാള്‍ ചോര്‍ത്തിയതിനു തെളിവു ലഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഐഎസ്ഐയ്ക്ക് അയച്ച ശേഷം ഡിലീറ്റ് ചെയ്ത വിഡിയോകളും ചിത്രങ്ങളും ശബ്ദസന്ദേശങ്ങളും വീണ്ടെടുത്തിട്ടുണ്ട്. സൈനിക ഉദ്യോഗസ്ഥന് ചമഞ്ഞു പലയിടങ്ങളിലും എത്തിയിരുന്ന ഇയാളില്‍ നിന്ന് കരസേനാ ക്യാപ്റ്റന്റെ യൂണിഫോമും പിടിച്ചെടുത്തു. രണ്ട് മാസമായി ബെംഗളൂരുവില്‍ വസ്ത്രവ്യാപാരം നടത്തുകയായിരുന്നു.
ഐഎസ്ഐ തന്ത്രപൂര്‍വ്വമാണ് ഇയാളെ വലയിലാക്കിയത്. ഇതിനായി ‘നേഹ പൂജാജി’ എന്ന പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി. ഇതിലൂടെയാണ് ജിതേന്ദര്‍ സിങ്ങിനെ 2016ല്‍ ഐഎസ്ഐ വലയിലാക്കിയത്. സൈനിക വേഷത്തില്‍ പ്രൊഫൈല്‍ ചിത്രമിട്ട ഇയാളെ കരസേനാ ഉദ്യോഗസ്ഥനായി തെറ്റിദ്ധരിച്ചായിരുന്നു യുവതിയുടെ പേരില്‍ അടുപ്പമുണ്ടാക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് നിരന്തരം ചാറ്റിങ്ങ് നടത്തി. അടുത്ത സൗഹൃദത്തിലായതിനു പിന്നാലെ സൈനിക വിവരങ്ങള്‍ ചോര്‍ത്താന്‍ ആവശ്യപ്പെടുകയും വിവിധ അക്കൗണ്ടുകളിലേക്കു വന്‍തുകകള്‍ കൈമാറുകയും ചെയ്തു. നേഹയുടെ പേരിലുള്ള അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത് പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: