തിരുവനന്തപുരം: പൂവാര്‍ സ്വദേശിയെ പോലീസ് കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ച എസ്.ഐ സനലിനെ സസ്‌പെന്‍ഡ് ചെയ്തു. പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച രാവിലെ പൂവാർ പെട്രോൾ പമ്പിന് സമീപമാണ് പൂവാർ കല്ലിംഗവിളാകം മണ്ണാംവിളാകാം സ്വദേശി സുധീർ ഖാനാണ്(35) പോലീസിന്റെ ക്രൂരമർദ്ദനം ഏറ്റത്. സുധീറിന്റെ കാല്‍ മര്‍ദ്ദനമേറ്റ് ചതഞ്ഞ നിലയാണ് ഉള്ളത്. ദേഹമാസകലം മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്. കാരണമില്ലാതെയാണ് തന്നെ പോലീസ് പിടിച്ച് മര്‍ദ്ദിച്ചതെന്ന് സുധീര്‍ഖാന്‍ പറയുന്നു. ഞായാറാഴ്ച രാവിലെ 11 മണിയോടെ പൂവാര്‍ പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം.
ബീമാപള്ളിയിലെ വീട്ടിലേക്ക് ഭാര്യയെ ബസ് കയറ്റി വിട്ടശേഷം പമ്പില്‍ എത്തി ഇന്ധനം നിറച്ച് പുറത്ത് ഇറങ്ങി. തുടര്‍ന്ന് പമ്പിന് സമീപം റോഡ് വശത്ത് വണ്ടി നിറുത്തി റോഡിന് താഴേക്ക് മൂത്രമൊഴിക്കാന്‍ ഇറങ്ങിയ സുധീറിനെ ഇതുവഴി ജീപ്പില്‍ വന്ന പൂവാര്‍ എസ്.ഐ സനലും സംഘവും തടയുകയായിരുന്നു. എന്താണ് ഇവിടെ നില്‍ക്കുന്നത് എന്ന് ചോദിച്ചു. കാര്യം പറഞ്ഞപ്പോള്‍ വാഹനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങി തലങ്ങും വിലങ്ങും മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയും ഉപദ്രവിച്ചു.
ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞപ്പോള്‍ അവര്‍ ചെവികൊണ്ടില്ലെന്നും യുവാവ് ആരോപിക്കുന്നു. ബോട്ടിങിനെത്തിയ വിനോദ സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതിനാണ് സുധീറിനെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: