തൃശ്ശൂര്‍: വ്യാജ സ്വര്‍ണം വില്ക്കാന് ശ്രമിച്ചപ്പോള്‍ പിടിയിലായ മലപ്പുറം വളാഞ്ചേരി തൈക്കുളത്തില്‍ ഹൗസില്‍ ഹംസക്കുട്ടി (32) നവി മുംബൈ സ്വദേശിനി സക്കീന(27) എന്നിവര്‍ താമസിച്ചിരുന്ന ലോഡ്ജ് പരിശോധിച്ചപ്പോള്‍ മയക്കുമരുന്ന ശേഖരവും പിടികൂടി.
ഇന്നലെ ഹൈറോഡിലെ ഒരു ജ്വല്ലറിയില്‍ വ്യാജ സ്വര്‍ണം വില്ക്കാന് എത്തിയപ്പോള്‍ അടുത്തുള്ള മറ്റൊരു ജ്വല്ലറിയുടമയാണ് ഇവരെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ഒമ്പതിനാണ് അടുത്തുള്ള ജ്വല്ലറി ഉടമ കബളിക്കപ്പെട്ടത്. എന്നാല്‍ അന്ന് ഒരു പവന് എന്നു പറഞ്ഞാണ് ഇവര്‍ വിറ്റത്. ഉരച്ചു നോക്കുമ്പോള്‍ സ്വര്‍ണം ആണെങ്കിലും ഉരുക്കുമ്പോഴാണ് ഉള്ളില്‍ ചെമ്പാണെന്ന് മനസിലാവുക.
ജ്വല്ലറിയില്‍ വിവരം പറഞ്ഞ ശേഷം ഇവരെ പിടിച്ചുവച്ച് ഈസ്റ്റ് പോലീസില്‍ വിവരം അറിയിച്ചു. എസ്.എച്ച.ഒ. ലാല്‍കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ പോലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്തു. കെഎസ്ആര്‍ടിസിക്ക് സമീപമുള്ള ലോഡ്ജിലാണ് താമസമെന്ന് പറഞ്ഞതിനാല്‍ പോലീസെത്തി പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ബാഗുകളില്‍ നിന്നാണ് അഞ്ച് ഗ്രാം എംഡിഎംഎ, 12 ഗ്രാം നൈട്രോപാസം എന്നീ മയക്കു മരുന്നുകള്‍ കണ്ടെത്തിയത്. തൃശ്ശൂരില്‍ വില്‍പ്പനക്കായി കൊണ്ടുവന്നതാണെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. വിമാനത്തിലാണ് ഇരുവരും ഓരോ ആഴ്ചയും മുംബൈയിലേക്ക് പോവുന്നത്. ഇരുവരേയും റിമാന്‍ഡ് ചെയ്തു. എസ്.ഐ.മാരായ ഗീതുമോള്‍, സുനില്‍ കുമാര്‍, എ.എസ്.ഐ. സുധീര്‍ തുടങ്ങിയവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: