ന്യുയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ ഇകൊമേഴ്സ് കമ്പനിയായ ആമസോണ്‍ ചൈനയില്‍ നിന്നുള്ള 600 ബ്രാന്‍ഡുകളെ നിരോധിച്ചു.
ആമസോണിന്റെ നയങ്ങള്‍ ലംഘിച്ചുവെന്ന ആരോപണമുയര്‍ത്തിയാണ് ചൈനയുടെ 600 ബ്രാന്‍ഡുകളെ പുറത്താക്കിയത്. ചൈനയുടെ ബ്രാന്‍ഡുകള്‍ തുടര്‍ച്ചയായി ലംഘിച്ച ആമസോണ്‍ നയങ്ങളില്‍ പ്രധാനം വ്യാജ റിവ്യൂകള്‍ നല്കുന്ന പതിവാണ്. ഉല്പന്നങ്ങള്ക്ക് അനുകൂലമായ റിവ്യൂ എഴുതാന്‍ ഉപഭോക്താക്കള്‍ക്ക് ഗിഫ്റ്റ് കാര്‍ഡ് നല്കുന്ന പതിവ് ചൈനീസ് കമ്പനികള്‍ പുലര്‍ത്തിയിരുന്നതായി വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആമസോണ്‍ സ്റ്റോറില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിംഗ് ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. ആരോഗ്യകരമായ മത്സരങ്ങള്‍ക്കിടയിലും സത്യസന്ധമായ ഉല്പന്നങ്ങള്ക്ക് വളരാനുള്ള ഇടം നല്‍കുകയാണ് ആമസോണിന്റെ ധര്‍മ്മം. എന്നാല്‍ ഇവിടെ വ്യാജ ഉല്പന്ന റിവ്യൂ പ്രചരിപ്പിക്കുന്നതോടെ ഈ ലക്ഷ്യം പാഴാവുകയാണെന്ന് ആമസോണിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതാണ് ഔദ്യോഗിക വിശദീകരണമെങ്കിലും ചൈനയ്ക്കെതിരെയുള്ള അമേരിക്കന്‍ നീക്കത്തെ പിന്തുണയ്ക്കാനാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ യുഎസ്-ചൈന സംഘര്‍ഷം ഓണ്‍ലൈന്‍ വ്യാപാരമേഖലയിലേക്കും കടക്കുകയാണ്. എങ്ങിനെയാണ് ചൈന ഇതിനെ പ്രതിരോധിക്കുന്നത് എന്നാണ് ലോകം വീക്ഷിക്കുന്നത്.
എന്തായാലും ചൈനയ്ക്ക് വലിയ തിരിച്ചടിയാണ് ഇത്. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആമസോണിന്റെ എല്ലാ വെബ്സൈറ്റുകളില്‍ നിന്നും ചൈനീസ് ബ്രാന്‍ഡുകളെ നിരോധിച്ചെന്നാണ് ദി വേര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അഞ്ചുമാസത്തെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് തെരഞ്ഞെടുത്ത 600 ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് നേരെ ആമസോണ്‍ വാതില്‍ കൊട്ടിയടച്ചത്. ഏകദേശം 3000 ലേറെ അക്കൗണ്ടുകള്‍ വഴിയാണ് ഈ ചൈനീസ് ബ്രാന്‍ഡുകള്‍ വില്പന നടത്തിയിരുന്നത്. കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ വരെ വിജയകരമായി വിറ്റു വന്ന ചൈനീസ് ബ്രാന്‍ഡുകളെയാണ് ആമസോണ്‍ പുറത്താക്കിയത്.
അമേരിക്കയും ചൈനയും തമ്മിലുള്ള സംഘര്‍ഷം ഒരു യുദ്ധത്തിലെത്തുമോ എന്ന ആശങ്കകള്‍ക്കിടയിലാണ് ആമസോണിന്റെ ചൈനയ്ക്കെതിരായ സര്‍ജിക്കല്‍ സ്ട്രൈക്ക്.പസഫിക് മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന ചൈനീസ് ഇടപെടലുകള്‍ കുറയ്ക്കുവാനായി അമേരിക്കയും, ബ്രിട്ടനും ആസ്ട്രേലിയയും ചേര്‍ന്ന് ത്രിരാഷ്ട്ര സഖ്യം രൂപീകരിച്ചതോടെ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മേഖല വീണ്ടും പ്രക്ഷുബ്ദമായിരിക്കുന്നു. ഏത് സമയവും ഒരു യുദ്ധമുണ്ടായേക്കാം എന്ന ആശങ്ക ഉയര്‍ന്നു വരികയാണ്. അത്തരത്തിലൊരു യുദ്ധമുണ്ടായാല്‍ അത് മറ്റൊരു ലോക മഹായുദ്ധമായി മാറുമോ എന്ന ഭയത്തിനും കനം വര്‍ദ്ധിക്കുകയാണ്.
ആണവായുധ യുദ്ധമല്ല, വ്യാപാരമേഖലയില്‍ ചൈനയെ തകര്‍ക്കുകയാണ് വേണ്ടതെന്ന നിര്‍ദേശങ്ങളാണ് പാശ്ചാത്യവിദഗ്ധര്‍ ഉയര്‍ത്തുന്നത്. ചൈനയെ വ്യാപാരപരമായി തകര്‍ക്കാന്‍ തന്നെയാണ് ആമസോണിന്റെ ഈ നീക്കം. നേരത്തെ ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായപ്പോള്‍ ചൈനീസ് ഉല്‍പ്പനങ്ങള്‍ക്കും ആപ്പുകള്‍ക്കും ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് വിജയത്തിലെത്തുകയും ചെയ്തു. ഈ മോഡലാണ് ആമസോണും പരീക്ഷിക്കുന്നത്.
ആമസോണിന്റെ ഈ നീക്കത്തോട് ചൈന എങ്ങനെ പ്രതികരിക്കുമെന്നതും നിര്‍ണ്ണായകമാണ്. അഫ്ഗാനിലും മറ്റും അമേരിക്കന്‍ വിരുദ്ധ ഇടപെടലിന് ശ്രമിച്ചതും ചൈനയ്ക്ക് തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാകും ഇത്തരമൊരു തീരുമാനം ആമസോണ്‍ എടുത്തതെന്ന വിലയിരുത്തലും സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: