മുംബൈ: ഗാനരചയിതാവും കവിയുമായി ജാവേദ് അക്തര്‍ നല്കിയ മാനനഷ്ടക്കേസില്‍ നടി കങ്കണ റണാവത്ത് മുംബൈ കോടതിയില്‍ ഹാജരായി. കേസ് നവമ്പര്‍ 15ലേക്ക് നീട്ടി. അഖ്തറും കോടതിയില്‍ ഹാജരായിരുന്നു.
അതേ സമയം, ജാവേദ് അക്തര്‍ തന്നെ അകാരണമായി ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് കങ്കണ കോടതിയില്‍ പരാതി നല്‍കുകയും ചെയ്തു. കേസ് നടക്കുന്ന അന്ധേരിയിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ തനിക്ക് വിശ്വാസം നഷ്ടമായെന്നും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും കങ്കണയുടെ അഭിഭാഷകന് കോടതിയോട് ആവശ്യപ്പെട്ടു. ജാവേദ് അക്തര്‍ കങ്കണയെ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും കങ്കണ ആത്മഹത്യ ചെയ്യുമെന്ന് ജാവേദ് അക്തര്‍ പറഞ്ഞതായും കങ്കണയുടെ അഭിഭാഷകന് റിസ്വാന് സിദ്ദിഖ് കോടതിയില്‍ വാദിച്ചു. ഈ വിഷയത്തില്‍ മൗനം പാലിക്കാമെന്നാണ് കരുതിയിരുന്നതെങ്കിലും ഇപ്പോള്‍ പ്രതികരിക്കാന്‍ തീരുമാനിക്കുകയാണെന്നും അഭിഭാഷകന് പറഞ്ഞു. ഈ പരാതിയില്‍ ഒക്ടോബര്‍ ഒന്നിന് കോടതി വാദം കേള്‍ക്കും.സ്വത്ത് അപഹരിക്കലും ഭീഷണിപ്പെടുത്തലുമാണ് ജാവേദ് അക്തറിന്റെ ലക്ഷ്യമെന്നും കങ്കണ ആരോപിച്ചു. നേരത്തെ ഹൃത്വിക് റോഷനുമായുണ്ടായ കേസില്‍ അക്തര്‍ തന്നെയും സഹോദരിയെയും അദ്ദേഹത്തിന്റെ വിട്ടില്‍ കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും കങ്കണ പറഞ്ഞു.
ഒരു ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സുശാന്ത് രാജ്പുത്തിന്റെ മരണവുമായി ജാവേദ് അക്തറിന് ബന്ധമുണ്ടെന്ന് കങ്കണ ആരോപിച്ചതിന്റെ പേരിലാണ് കങ്കണയ്ക്കെതിരെ ജാവേദ് അക്തര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. സുശാന്ത് രാജ്പുത്തിന്റെ മരണത്തില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും അത് തന്നെ മനപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നുമാണ് ജാവേദ് അക്തറിന്റെ ആരോപണം. ഈ വര്‍ഷമാദ്യമാണ് അന്ധേരിയിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടിതയില്‍ ഹര്‍ജി നല്‍കിയത്.
കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിന് കങ്കണയ്ക്ക് കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പിന്നീട് കോടതിയില്‍ ഹാജരായ കങ്കണയ്ക്ക് കോടതി ജാമ്യം നല്കി. തുടര്‍ന്ന് വീണ്ടും കേസ് വിചാരണകളില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ കങ്കണയ്ക്ക് സെപ്തംബര്‍ 15ന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ കങ്കണ തിങ്കളാഴ്ച കോടതിയില്‍ ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: