കോഴിക്കോട്: മനുഷ്യാവകാശ കമ്മീഷന് നോട്ടീസ് അവഗണിച്ച മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് താക്കീത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ഫാര്‍മസിയില്‍ സംഭവിച്ച വീഴ്ച പരിശോധിച്ച് ഇരകള്‍ക്ക് ആശ്വാസം നല്കാന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ നിയമാനുസരണം നടപടിയെടുക്കാന്‍ നിര്‍ബന്ധിതമാകുമെന്നാണ് മനുഷ്യാവകാശ കമ്മീഷന് താക്കീത്.
ഒക്ടോബര്‍ 26 നകം പരാതി പരിഹരിച്ച ശേഷം സ്വീകരിച്ച നടപടികള്‍ രേഖാമൂലം അറിയിക്കണമെന്നും കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. അപ്ലാസ്റ്റിക് അനീമിയ എന്ന അപൂര്‍വ രോഗമുള്ള 43 കാരിയുടെ അമ്മ, കല്‍പ്പറ്റ പള്ളിക്കുന്ന് സ്വദേശിനി ഒ.പി. രോഹിണി കമ്മീഷനില്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
2018 മാര്‍ച്ച് ആറിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ഒപിയിലെ ഡോക്ടര്‍ എഴുതിയ മരുന്ന് കഴിച്ചതോടെ മകളുടെ മുടി കൊഴിഞ്ഞു. അനീമിയ രോഗിക്ക് ഒരിക്കലും നല്കാന് പാടില്ലാത്ത മരുന്നാണ് വില്ലനായത്. മെഡിക്കല്‍ കോളേജിലെ ഫാര്‍മസിസ്റ്റ് നല്കിയ മരുന്ന് മാറിയതാകാമെന്നാണ് ഒടുവില്‍ കണ്ടെത്തിയത്. ആശുപത്രി സൂപ്രണ്ടിന് അമ്മ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല.
ഫാര്‍മസിയിലെ വീഴ്ചയെ കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷന് 2018 ജൂലൈയില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. നിരവധി തവണ ഓര്‍മ്മക്കുറിപ്പുകള്‍ അയച്ചിട്ടും റിപ്പോര്‍ട്ട് നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് ഡയറക്ടര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കമ്മീഷന് മുന്നറിയിപ്പ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: