തൃശ്ശൂര്‍: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ കുതിരാനിലെ രണ്ടാം തുരങ്കത്തിന്റെ നിര്‍മാണം ഇഴയുന്നു. തുരങ്കത്തിന്റെ പണി പൂര്‍ത്തിയാക്കാന്‍ ലഭിച്ച വനഭൂമിക്ക് തുല്യമായ റവന്യൂ ഭൂമി സര്‍ക്കാര്‍ ഇതുവരെ വിട്ടുനല്‍കാത്തതാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകാന്‍ കാരണം.
കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വനംവകുപ്പ് ഒരു വര്‍ഷത്തെ അനുമതി മാത്രമാണ് നല്‍കിയിട്ടുള്ളത്. തുരങ്കത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ജൂണ്‍ 8ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ദേശീയപാത അതോറിറ്റി ഇക്കാര്യം അറിയിച്ചിരുന്നു. വനംവകുപ്പ് നല്കിയ അനുമതി ഒക്ടോബര്‍ 30ന് അവസാനിക്കും. ഇതിനുള്ളില്‍ പൊതുമരാമത്ത്, റവന്യൂ വകുപ്പുകള്‍ തത്തുല്യമായ ഭൂമി വിട്ടുനല്‍കണം. വനം, പരിസ്ഥിതി, കാലാവസ്ഥാവ്യതിയാനം എന്നീ കാര്യങ്ങളില്‍ വകുപ്പ് മന്ത്രാലയത്തിന്റെ ഉത്തരവിലെ നിബന്ധന പാലിക്കണമെന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ഉന്നയിച്ചെങ്കിലും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയെടുത്തിട്ടില്ല.
കുതിരാന്‍ തുരങ്കത്തിന്റെ മുകളില്‍ നിന്നും റോഡിന്റെ ഇരുവശങ്ങളില്‍ നിന്നുമുള്ള മണ്ണിടിച്ചില്‍ തടയാന്‍ ആവശ്യമായ പണികള്‍ നടത്തുന്നതിന് വനഭൂമി വിട്ടുകിട്ടുന്നതിനായി കേരള വനം വകുപ്പില്‍ ദേശീയപാത അതോറിറ്റി അപേക്ഷ നല്‍കിയിരുന്നു. കേന്ദ്ര വനം-പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം മന്ത്രാലയത്തിലും ദേശീയപാത അതോറിറ്റി അധികൃതര്‍ അപേക്ഷ സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പീച്ചി വൈല്‍ഡ് ലൈഫ് സാന്‍ച്ചുറിയില്‍ നിന്നും (0.9984 ഹെക്ടര്‍) തൃശ്ശൂര്‍ ഫോറസ്റ്റ് ഡിവിഷനില്‍ നിന്നും (0.4334 ഹെക്ടര്‍) ലഭിക്കുന്ന ഭൂമിയില്‍ നിര്‍മാണം നടത്താനുള്ള സ്റ്റേജ് -വണ്‍ അനുമതി നല്കി വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2020 ജനു. 31ന് ഉത്തരവിട്ടിരുന്നു.
ഉത്തരവിന്റെ 5 ാമത്തെ നിബന്ധന പ്രകാരം റവന്യൂഭൂമി നല്കിയാല് മാത്രമേ രണ്ടാംഘട്ടത്തിന് അനുമതി ലഭിക്കുകയുള്ളൂ. ഉത്തരവ് പുറപ്പെടുവിച്ച് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ഭൂമി ഇതുവരെ വിട്ടുനല്കിയിട്ടില്ല. റവന്യൂ ഭൂമി വിട്ടുനല്‍കണമെന്ന് ദേശീയപാത അതോറിറ്റിയും ആവശ്യപ്പെട്ടിരുന്നു. കുതിരാനിലെ ഒരു തുരങ്കം തുറക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുപ്രവര്ത്തകന് ഷാജി കോടങ്കണ്ടത്ത് നേരത്തേ നല്കിയ ഹര്‍ജിയുടെ മറുപടിയിലാണ് ദേശീയപാത അതോറിറ്റി ഈ ആവശ്യം ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: