മാധ്യമ പ്രവര്‍ത്തനം മറ്റെന്ത് തൊഴിലിനേക്കാളും മഹത്വമുള്ളതാണെന്ന് വിശ്വസിച്ച വ്യക്തിയായിരുന്നു കെ.എം. റോയി. ഞാന്‍ കേരള കൗമുദിയില്‍ ട്രെയിനി ആയിരുന്ന കാലത്താണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത് പരിചയപ്പെടുന്നത്, 1979ല്‍. അന്ന് അദ്ദേഹം യുഎന്ഐയിലെ പ്രഗത്ഭ ലേഖകനായിരുന്നു. കോട്ടയവും കൊച്ചിയുമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലങ്ങള്‍. ഒപ്പം ഇന്ത്യന്‍ ഫെഡറേഷന് ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റിന്റെ സെക്രട്ടറി ജനറല്‍ സ്ഥാനവും വഹിച്ചിരുന്നു. ട്രെയിനിങ്ങിന്റെ ഭാഗമായി ഞാന്‍ അന്ന് തിരുവനന്തപുരം ബ്യൂറോയില്‍ ജോലി ചെയ്യുമ്പോഴാണ്, പ്രസ്ക്ലബില്‍ വച്ച് പരിചയപ്പെടുന്നത്. പത്രപ്രവര്‍ത്തകരുടെ വേജ് ബോര്‍ഡ് സംബന്ധിച്ച് വാര്‍ത്താസമ്മേളനം നടത്തുന്നതിനായാണ് അന്ന് അവിടെ എത്തിയത്. യുവ പത്രപ്രവര്ത്തകന് എന്ന നിലയില്‍ ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ അദ്ദേഹം എന്നോട് വളരെ വാത്സല്യം കാണിച്ചിരുന്നു. അതിനുശേഷം അദ്ദേഹത്തെ വായിച്ചുമാത്രമാണ് അടുത്തറിഞ്ഞത്.
1991ല്‍ കൊച്ചിയില്‍ എത്തിയശേഷമാണ് റോയി സാറുമായി വ്യക്തിബന്ധം ആരംഭിക്കുന്നത്. ആ കാലത്ത് അദ്ദേഹം കോട്ടയത്ത് മംഗളത്തിന്റെ എഡിറ്ററായിരുന്നു. മംഗളം വാരികയില്‍ ഇരുളും വെളിച്ചവും എന്ന പേരില്‍ ഒരു പംക്തി അദ്ദേഹം എഴുതിയിരുന്നു. പല വിഷയങ്ങളും ചര്‍ച്ച ചെയ്യുന്ന ഒരു പംക്തിയായിരുന്നു അത്. ചലച്ചിത്ര ഗാനങ്ങള്‍ മുതല്‍ ആസ്ട്രോ ഫിസിക്സ് വരെയുള്ള കാര്യങ്ങളെക്കുറിച്ചു വരെ അതില്‍ എഴുതി. അദ്ദേഹത്തിന്റെ അഭിരുചി ഏതിലെന്ന് മനസ്സിലാക്കുക അതിനാല്‍ തന്നെ പ്രയാസമായിരുന്നു.
പ്രവാസി മലയാളികളില്‍ ഗൃഹാതുരത്വമുണര്ത്തിയിരുന്ന ഉത്രാട പൂനിലാവേ വാ എന്ന ശ്രീകുമാരന്‍ തമ്പി രചിച്ച് രവീന്ദ്രന് മാഷ് ഈണം നല്കി യേശുദാസ് ആലപിച്ച ആ ലളിതഗാനത്തെ കുറിച്ച് അതീവ രസകരമായ കുറിപ്പ് അദ്ദേഹം ഇരുളും വെളിച്ചവും പംക്തിയില്‍ എഴുതിയിരുന്നു. മംഗളം വാരികയ്ക്ക് പകരം മറ്റേതെങ്കിലും പ്രസിദ്ധീകരണത്തില്‍ ആയിരുന്നു ആ കുറിപ്പ് വരേണ്ടിയിരുന്നതെന്ന് അന്ന് എന്റെ മനസ്സില്‍ തോന്നിയിരുന്നു.
ആ കാര്യം പിന്നീട് അദ്ദേഹത്തെ കണ്ടപ്പോള്‍ പങ്കുവച്ചു. മറ്റൊരു മാധ്യമത്തില്‍ എഴുതാനുള്ള അവസ്ഥ അന്ന് ഇല്ലായിരുന്നുവെന്നും, പംക്തി മുടങ്ങാതെ നിലനിര്ത്തേണ്ടതുണ്ടായിരുന്നുവെന്നുമാണ് അന്ന് പ്രതികരിച്ചത്. ആ കുറിപ്പുകളെല്ലാം സമാഹരിച്ച് പുസ്തകം ആക്കണമെന്നും ഞാന്‍ അഭിപ്രായപ്പെട്ടു. ഏതാനും വര്‍ഷം മുമ്പ് ആ കുറിപ്പുകളെല്ലാം പല വോള്യങ്ങളായി പ്രസിദ്ധീകരിച്ചു. അതെല്ലാം ഒറ്റ വോള്യമായി ഇറക്കിയപ്പോള്‍ അതിന്റെ ഒരു കോപ്പി എന്നെ ഏല്‍പ്പിച്ചു. റിവ്യു എഴുതണമെന്നും പറഞ്ഞു. ഞാന്‍ ഏറെ സന്തോഷത്തോടെ ആ കര്‍ത്തവ്യം നിര്‍വഹിക്കുകയും ചെയ്തു.
പത്രപ്രവര്‍ത്തനത്തിലുള്ള അദ്ദേഹത്തിന്റെ മികവിനെ മറ്റൊരു തരത്തിലാണ് നോക്കിക്കാണുന്നത്. കെ.എം. റോയിയുടെ ഏറ്റവും ശ്രദ്ധേയ സ്കൂപ്പ് ആയി മാധ്യമലോകം കണക്കാക്കുന്നത് ജോണ്‍ പോള്‍ മാര്‍പ്പാപ്പയുടെ കേരളാ സന്ദര്‍ശനം സംബന്ധിച്ചുള്ളതാണ്.
അന്താരാഷ്ട്ര സ്കൂപ്പ് എന്ന് തന്നെ വേണമെങ്കില്‍ അതിനെ വിശേഷിപ്പിക്കാം. രാവിലെ നടക്കാനിറങ്ങിയ റോയ് സെന്റ് ആല്‍ബര്‍ട്സ് കോളേജിന്റെ അടുത്തുകൂടെ പോകുമ്പോള്‍ വരാപ്പുഴ ബിഷപ്പ് ഹൗസിലെ ഒരു പുരോഹിതനെ കണ്ടുമുട്ടുകയും അവര്‍ തമ്മിലുള്ള സംഭാഷണ മധ്യേ പോപ്പിന്റെ സന്ദര്‍ശന കാര്യം പുരോഹിതന് പരാമര്‍ശിക്കുകയുമായിരുന്നു. അങ്ങനെയാണ് അതേക്കുറിച്ച് റോയി അറിയാനിടയായത്. യുഎന്‍ഐയില്‍ ആ വാര്‍ത്ത എക്സ്ക്ലൂസിവായി പ്രസിദ്ധീകരിച്ചു. അതിന് ശേഷമാണ് മറ്റ് മാധ്യമങ്ങള്‍ അതറിഞ്ഞതും വാര്‍ത്ത ഏറ്റെടുത്തതും. 1984 ലാണ് സംഭവം.
ഇന്ദിരാഗാന്ധി ലക്ഷദ്വീപ് സന്ദര്‍ശിച്ചപ്പോള്‍ ആ വാര്‍ത്തയും ജനങ്ങളിലേക്ക് ആദ്യം എത്തിച്ചതും റോയി സാറാണ്. ലക്ഷദ്വീപില്‍ പോയാണ് അദ്ദേഹം അത് റിപ്പോര്‍ട്ട് ചെയ്തത്. യുഎന്‍ഐയെ ആശ്രയിക്കുന്ന മറ്റ് മാധ്യമങ്ങള്‍ക്കും റോയിയുടെ വാര്‍ത്തയായിരുന്നു പ്രധാന ആശ്രയം. കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ക്ക് കിട്ടുന്നതിനേക്കാള്‍ വേഗത്തില്‍ കേരള സംബന്ധമായ വാര്‍ത്തകള്‍ അദ്ദേഹത്തിന് കിട്ടിയിരുന്നുവെന്നത് പത്രപ്രവര്‍ത്തനത്തിലുള്ള അദ്ദേഹത്തിന്റെ മികവിന് ഉദാഹരണമാണ്. നല്ല സംഘാടകന്‍ എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. പത്രപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്ക് വേണ്ടി വീറോടെ അധികൃതര്‍ക്ക് മുമ്പാകെ വാദിച്ചു, സമരം ചെയ്തു.
വളരെ വ്യത്യസ്തവും വിപുലവുമായിരുന്നു അദ്ദേഹത്തിന്റെ എഴുത്തിന്റെ മണ്ഡലം. കല, സാഹിത്യം, രാഷ്ട്രീയം ഉള്‍പ്പടെ എല്ലാ മേഖലകളിലും അറിവുണ്ടായിരുന്ന വ്യക്തി. എന്തിനെക്കുറിച്ചും സാമാന്യേന വിശദമായി പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അതുപോലെ തന്നെ മനോഹരമായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണകലയും. ആകാരസൗഷ്ടവവും ശബ്ദ ഗാംഭീര്യവും ഏതൊരു വേദിയിലും നിറഞ്ഞുനില്ക്കാന് അദ്ദേഹത്തെ സഹായിച്ചു. അച്ചടിഭാഷയിലായിരുന്നു സംസാരം. കൊച്ചിയില്‍ ഏറെനാള്‍ ജോലി ചെയ്തിട്ടും അവിടുത്തെ പ്രാദേശിക സംഭാഷണ ശൈലി റോയിയെ സ്വാധീനിച്ചതേയില്ല. അത് മനപ്പൂര്‍വ്വം അങ്ങനെ പരുവപ്പെടുത്തിയെടുത്തതാണെന്ന് അദ്ദേഹം പറയുമായിരുന്നു. പ്രൊഡക്ഷന്‍ ഫാക്ടറിയെന്ന് അദ്ദേഹത്തെക്കുറിച്ച് പറയാം. കലാകൗമുദിയുടെ ചുമതലയില്‍ ഞാന്‍ ഉണ്ടായിരുന്നപ്പോള്‍ അദ്ദേഹത്തില്‍ നിന്ന് ലേഖനം ആവശ്യപ്പെട്ടാല്‍, കാലതാമസം കൂടാതെ സമഗ്രമായിത്തന്നെ എഴുതി നല്‍കുമായിരുന്നു. മാതൃകാ പത്രപ്രവര്ത്തകന് എന്ന നിലയില്‍ ബന്ധങ്ങള്‍ സൂക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്നു. തന്റെ തൊഴിലിനാവശ്യമായ രീതിയില്‍ മനോഹരമായി അത് ഉപയോഗപ്പെടുത്തുന്നതിലും മിടുക്കുണ്ടായിരുന്നു. മഹാരാജാസ് കോളജില്‍ എ.കെ. ആന്റണിയും വയലാര്‍ രവിയും അദ്ദേഹത്തിന്റെ സഹപാഠികളായിരുന്നു. പക്ഷേ മത്തായി മാഞ്ഞൂരാന് സ്ഥാപിച്ച കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാരനായിരുന്നു റോയി. മാഞ്ഞൂരാനെ പൊളിറ്റിക്കല്‍ ജീനിയസായിട്ടായിരുന്നു അദ്ദേഹം കണ്ടത്.
സമ്പന്നമായിരുന്നു അദ്ദേഹത്തിന്റെ ശിഷ്യവൃന്ദം. നല്ല ശിഷ്യന്മാരെ വാര്‍ത്തെടുക്കാന്‍ റോയിക്ക് സാധിച്ചു. വ്യക്തിനിഷ്ഠമായ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ ശ്രവിക്കാന്‍ ആരാധകരേറെയുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം അമേരിക്ക സന്ദര്‍ശിക്കാന്‍ എനിക്ക് അവസരമുണ്ടായി. ഒട്ടും വിരസമായിരുന്നില്ല ആ യാത്ര. സദാ ഊര്‍ജ്ജസ്വലനായി ആരോടും വലിപ്പച്ചെറുപ്പമില്ലാതെ പെരുമാറുന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷത. സമശീര്ഷനെപ്പോലെയാണ് അദ്ദേഹം എന്നോട് പെരുമാറിയതെന്ന് ഈ അവസരത്തില്‍ ഞാന്‍ ഏറെ കൃതജ്ഞതയോടെ ഓര്‍ക്കുന്നു. എഴുത്തില്‍ ചിന്തയുടെ ഒരു കണിക കണ്ടാല്‍ പോലും അദ്ദേഹം വിളിക്കും, അഭിനന്ദിക്കും. അത്തരത്തിലൊരു പ്രോത്സാഹനം നല്കാന് അദ്ദേഹം ഒരിക്കലും മടിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ ലേഖനങ്ങള്‍ രാഷ്ട്രീയ നേതാക്കള്‍ മതിപ്പോടെയാണ് വായിച്ചിരുന്നത്.
എറണാകുളത്ത് ഇടതുപക്ഷത്തിന് വേണ്ടി മത്സരിപ്പിക്കാന്‍ പാര്‍ട്ടി പല തവണ നീക്കം നടത്തിയിരുന്നു. ഒരിക്കല്‍, എറണാകുളത്ത് ഇടതുപക്ഷത്തിന്റെ പാര്‍ലമെന്ററി സ്ഥാനാര്‍ത്ഥി താങ്കള്‍ ആണെന്ന് കേട്ടല്ലോ എന്ന് ഫോണിലൂടെ ഞാന്‍ ചോദിച്ചു. ഉടനെ വന്നു മറുപടി; ‘എനിക്ക് വേറെ ജോലിയൊന്നും ഇല്ലേ? ഞാന്‍ ആ മണ്ടത്തരത്തിന് പോയി നില്‍ക്കുമോ?’ എന്നായിരുന്നു അത്. എല്ലാറ്റിനും ഉപരിയാണ് മാധ്യമ പ്രവര്‍ത്തനം എന്ന ആത്മവിശ്വാസമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. എന്നില്‍ വളരെ മതിപ്പുളവാക്കിയ മറുപടിയായിരുന്നു അത്. കൊച്ചി കോര്പ്പറേഷന് കൗണ്‍സിലറായും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച പാരമ്പര്യവും റോയിക്കുണ്ട്. കക്ഷി രാഷ്ട്രീയത്തിന്റെ കോട്ടയില്‍ നിന്ന് മാറിനില്‍ക്കാനുള്ള കൗതുകം അദ്ദേഹം കാണിച്ചു. ഇടതുപക്ഷത്തിന് വിലയ്ക്കെടുക്കാന്‍ സാധിക്കാത്ത വ്യക്തി കൂടിയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകരില്‍ പലരും രാഷ്ട്രീയത്തില്‍ ഭാഗ്യാന്വേഷികളായി പായുമ്പോള്‍ റോയിയെ പോലുള്ള ഒരാള്‍ ഒരുകാലത്ത് അത്തരം അവസരങ്ങളും പദവികളും വേണ്ടെന്നു വച്ചതും ഈ നിമിഷത്തില്‍ ഓര്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: