(355ാം ശ്ലോകം തുടര്‍ച്ച)
ബുദ്ധിയുടെ ദോഷത്താല്‍ നീ, ഞാന്‍, ഇത് എന്നിവ ആത്മാവില്‍ ആരോപിക്കുകയാണെന്ന് നാം കണ്ടു. ആത്മ സാക്ഷാത്കാരം നേടുമ്പോള്‍ എല്ലാ വികല്പങ്ങളും തീരും. ആത്മാവിന്റെ യഥാര്‍ത്ഥ സ്വരൂപം സമാധിയില്‍ അനുഭവമാകുമ്പോഴാണ് വികല്പങ്ങളൊക്കെ ഒടുങ്ങുക.
ഉള്ളിലുള്ള വിചാരങ്ങളുടെ ഒഴുക്കും വേഗതയും ചഞ്ചലതയും നിലയ്‌ക്കുമ്പോള്‍ മനസ്സ് പൂര്‍ണ്ണമായും ഏകാഗ്രമാകും. സമചിത്തതയെ നേടും. ബുദ്ധി ദോഷങ്ങളായ സങ്കല്പം മുതലായവ മുഴുവനായും ഇല്ലാതാകും. അപ്പോള്‍ ആത്മാവിന്റെ യഥാര്‍ത്ഥ സ്വരൂപം അറിയുകയും ചെയ്യും.
അടുത്തുള്ള വസ്തുവിനെ ഇത് എന്നും, അകലെയുള്ളതിനെ അത് എന്നും പറയുന്നു. ഇത്, അത് എന്നിവ സ്ഥലകാല കല്പനകളെ ഉണ്ടാക്കുന്നതാണ്. നാം കാണുന്ന എല്ലാ വസ്തുക്കളും സ്ഥലകാല ബന്ധനത്തില്‍ പെട്ടവയാണ്. കാണാന്‍ കാഴ്ചകളുള്ളപ്പോള്‍ അവയെ കാണുന്ന ഒരാളുണ്ടാകും. കാണുന്നത് ദൃശ്യം, കാഴ്ചക്കാരന്‍ ദ്രഷ്ടാവ്.
ദൃക് ദൃശ്യഭേദങ്ങള്‍ മനസ്സിന്റെ കല്പനയാണ്. ഇവയ്‌ക്ക് ആധാരമായ പരമാത്മാവിനെ സാക്ഷാത്കരിക്കുമ്പോള്‍ മനസ്സിലെ വികല്പങ്ങളെല്ലാം ഇല്ലാതാവും. സമാധിയില്‍ മനസ്സിലെ സങ്കല്പവികല്‍ല്പങ്ങള്‍ നിലയ്‌ക്കുമ്പോള്‍ ദൈ്വത പ്രതീതി നീങ്ങും.
ശ്ലോകം 356
ശാന്തോ ദാന്തഃ പരമുപരതഃ
ക്ഷാന്തിയുക്ത സമാധിം
കുര്‍വ്വന്‍ നിത്യം കലയതിയതിഃ
സ്വസ്യസര്‍വ്വാത്മഭാവം
തേനാവിദ്യാതിമിരജനി താന്‍
സാധു ദഗ്ധ്വാവികല്‍പാന്‍
ബ്രഹ്മാകൃത്യാ നിവസതി
സുഖം നിഷ്‌ക്രിയോ നില്‍വികല്പഃ
മനസ്സിനെ ശാന്തമാക്കി ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് വിഷയങ്ങളില്‍ നിന്നും പൂര്‍ണ്ണമായി പിന്‍വാങ്ങി ക്ഷമയോടെ സമാധി അഭ്യസിക്കുന്ന സാധകന്‍ തന്റെ അന്തരാത്മാവ് സര്‍വ്വ അന്തരാത്മാവ് തന്നെ എന്ന് സദാ ഭാവന ചെയ്യുന്നു. ഇത്തരത്തിലുള്ള സമാധി അഭ്യാസത്താല്‍ അവിദ്യയാകുന്ന അന്ധകാരത്തില്‍ നിന്നുണ്ടാകുന്ന വിവിധ കല്പനകളെ നിശ്ശേഷം ദഹിപ്പിച്ച് ബ്രഹ്മാകാരേണ നിഷ്‌ക്രിയനും നിര്‍വികല്പനുമായി സുഖത്തോടെ കഴിയുന്നു.
മനസ്സിനേയും ഇന്ദ്രിയങ്ങളേയും കീഴടക്കി ഉപരതിയിലൂടെയും ദ്വന്ദ്വങ്ങളെ സഹിക്കാന്‍ ശേഷിയുള്ള യതികള്‍ സമാധിയിലൂടെ ആ സര്‍വ്വാത്മഭാവത്തെ നേടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക