ജബല്‍പൂര്‍: വനവാസി ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച് കോണ്‍ഗ്രസിന് സംസാരമല്ലാതെ പ്രവര്ത്തിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാല്‍ വനവാസികളുടെ ക്ഷേമത്തിന് ബിജെപി പ്രതിജ്ഞാബദ്ധമാണ്. 2021-22 ല്‍ ആദിവാസികള്‍ക്കായി അനുവദിച്ച ബജറ്റ് വര്‍ദ്ധിപ്പിച്ചത് ബിജെപി സര്‍ക്കാരാണ്. ആളുകളെയും സമൂഹങ്ങളെയും വേര്‍തിരിക്കാന്‍ ശ്രമിക്കുന്നവരെ അതിനനുവദിക്കരുത്. രാജ്യത്തിന്റെ പുരോഗതിക്കായി എല്ലാ സമുദായങ്ങളുടെയും ഐക്യമാണ് ആവശ്യം.
മധ്യപ്രദേശില്‍, സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ആദിവാസി നേതാക്കളെ ആദരിക്കുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ ശങ്കര്ഷായുടെയും രഘുനാഥ് ഷായുടെയും ത്യാഗങ്ങള്‍ രാജ്യത്തിന് എന്നും പ്രചോദനമാണ്. അത് നമ്മെ ഇന്ത്യയുടെ വികസനത്തിനായി പ്രതിജ്ഞാബദ്ധരാക്കും. നമ്മുടെ ചില ചരിത്രകാരന്മാര് എഴുതിയ ചരിത്രത്തില്‍ ഇടം കണ്ടെത്താത്ത സ്വാതന്ത്ര്യസമര സേനാനികളുടെ ഓര്‍മ്മകള്‍ പുനരുജ്ജീവിപ്പിക്കാന്‍ ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വനം ചെയ്തിട്ടുണ്ട്. ചരിത്രത്തില്‍ അവരുടെ സംഭാവനകള്‍ അവഗണിക്കപ്പെട്ടു. അതിനര്‍ത്ഥം നമ്മള് അവരെയും മറക്കുന്നു എന്നാണോ? ആസാദി കാ അമൃത് മഹോത്സവം യുവാക്കളെ ഈ സ്വാതന്ത്ര്യസമര സേനാനികളുമായും നമ്മുടെ മഹത്തായ ഭൂതകാലവുമായും ബന്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. ഇത് ജനങ്ങളെ സ്വയം ആശ്രയിക്കാനുള്ള തീരുമാനമെടുക്കാന്‍ ലക്ഷ്യമിടുന്നു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തുടനീളം നിരവധി പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: