ഭാരതത്തിന്റെ ശില്പശാസ്ത്ര വൈദഗ്ധ്യം ആധുനികസാങ്കേതികവിദഗ്ധരെയും നവയുഗഎഞ്ചിനീയര്മാരെയും എക്കാലവും വിസ്മയിപ്പിക്കുന്നു. ഇതിന്റെ വിശ്വോത്തര ദൃഷ്ടാന്തമാണ് ശിവതാണ്ഡവ മുഹൂര്‍ത്തങ്ങളിലൊന്നിനെ സാക്ഷാത്ക്കരിക്കുന്ന നടരാജവിഗ്രഹം. ഭാരതീയ സങ്കല്പമനുസരിച്ച് ആദിയും അന്ത്യവുമില്ലാതെ അവിരാമം തുടരുന്ന ചാക്രിക പ്രക്രിയയായ സമയത്തെയും ഒരേസമയം സൃഷ്ടി സ്ഥിതി സംഹാര മൂര്‍ത്തിയായി മഹാദേവനെയും നടരാജവിഗ്രഹം പ്രതീകവല്‍ക്കരിക്കുന്നു. സൂക്ഷ്മമായി ഉദാഹരിക്കാന്‍ പിന്നെയുമെത്രയോ പ്രതീകങ്ങളാകുന്നു നടരാജന്.
ഓരോ ഭാരതീയനും അഭിമാനിക്കാവുന്നൊരു നടരാജ വിഗ്രഹമുണ്ട് ജനീവയിലെ യൂറോപ്യന്‍ ഓര്ഗനൈസേഷന് ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് (CERN) ആസ്ഥാനത്ത്. ‘കണികാ ഭൗതിക’ (Particle Physics) ത്തില്‍ ആധികാരിക ഗവേഷണം നടത്തുന്ന ലോകത്തെ വിഖ്യാതമായ ശാസ്ത്രഗവേഷണ സ്ഥാപനങ്ങളിലൊന്നാണ് സേണ്‍. സേണിന്റെ ഓപ്പണ്‍ എയര്‍ സ്ക്വയറിലുള്ള നടരാജവിഗ്രഹത്തിന് എണ്ണായിരം വര്‍ഷത്തെ പഴക്കമുണ്ട്. തഞ്ചാവൂരില്‍ നിന്നാണ് വിഗ്രഹം ജനീവയിലെത്തിയത്. ‘ന്യൂട്രിനോ കണിക’ കണ്ടെത്താനുള്ള ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തങ്ങള്‍ക്ക് തുണയായത് ഈ നടരാജവിഗ്രഹമത്രേ.
നടരാജവിഗ്രഹം വെളിപ്പെടുത്തുന്ന ഭാതീയശില്പ്പശാസ്ത്രത്തിന്റെ മഹാരഹസ്യങ്ങളുറങ്ങുന്നത് സ്ഥാപത്യവേദത്തിലാണ്. ശബ്ദവും വെളിച്ചവും പ്രകൃതിയില്‍ നിന്ന് എങ്ങനെയുണ്ടാകുന്നു എന്ന രഹസ്യവും സ്ഥാപത്യവേദത്തിലെ ശില്പ്പശാസ്ത്രപ്രകാരം അറിയാനാകും. ഈ അന്വേഷണങ്ങളെല്ലാം ചെന്നെത്തുന്നത് വിശ്വസ്രഷ്ടാവായി ഭാരതീയ പുരാണങ്ങള്‍ പ്രകീര്‍ത്തിക്കുന്ന വിശ്വകര്മാവിലാണെന്നു കാണാം. വിശ്വപ്രപഞ്ചത്തിലെ ഓരോ കണികയും വിശ്വകര്‍മ്മാവിന്റെ സൃഷ്ടിയാണ് എന്ന് വിശ്വസിക്കപ്പെടുന്നു. വിശ്വത്തെ സൃഷ്ടിച്ച പരംപൊരുള്‍ ആണ് വിശ്വകര്‍മ്മാവ്. പ്രപഞ്ചത്തിന്റെ എഞ്ചിനീയര്‍ എന്നും ജഗത്തിന്റെ വാസ്തുശില്‍പ്പി എന്നും വിശ്വകര്‍മ്മാവിനെ വിശേഷിപ്പിക്കുന്നു.
സൃഷ്ടിപരമായ തൊഴിലുകളിലേര്‍പ്പെടുന്നവര്‍ വിശ്വകര്‍മ്മാവിനെ ഈശ്വരനായി ആരാധിക്കുന്നു. ശിരസില്‍ കിരീടവും, ഒരു കരത്തില്‍ ഗ്രന്ഥവും മറുകരത്തില്‍ കയറും അളവുകോലും ധരിച്ചിരിക്കുന്ന പഞ്ചമുഖനാണ് വിശ്വകര്‍മ്മാവ്. വിശ്വകര്‍മ്മാവില്‍ നിന്നും ഉത്ഭവിച്ചതിനാല്‍ വിശ്വകര്‍മ്മജര്‍ പഞ്ചമുഖോത്ഭവര് എന്നും അറിയപ്പെടുന്നു.
ഭാരതത്തില്‍ കശ്മീര്‍ മുതല്‍ കേരളം വരെയുള്ള ക്ഷേത്രങ്ങളെല്ലാം നിര്‍മ്മിച്ചിട്ടുള്ളത് ശില്പ്പശാസ്ത്രമനുസരിച്ചാണ്.
ഇതേ ശാസ്ത്രപ്രകാരം മഹാക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചവരാണ് വിശ്വകര്‍മാവിന്റെ പിന്‍ഗാമികളായ വിശ്വകര്‍മ്മജര്‍. ഭാരതീയ നിര്മ്മാണകലാസംസ്കൃതിയുടെ ഉപജ്ഞാതാക്കളായാണ് വിശ്വകര്‍മ്മസമൂഹം അറിയപ്പെടുന്നത്. വാസ്തുശാസ്ത്രപ്രകാരമുള്ള അളവുകോല്‍ വച്ച് നിര്‍മ്മിതി ചെയ്താല്‍ അവിടെ ഈശ്വരചൈതന്യമുണ്ടാകും. ഇതിന്റെ മികച്ച ഉദാഹരണമാണ് പെരുന്തച്ചന്റെ സ്പര്‍ശമുള്ള കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം.
പ്രാചീന ഭാരതീയ വിജ്ഞാനവ്യവസ്ഥിതിയില് നിന്നുയിര്‍കൊണ്ട വാസ്തുവിദ്യാശാസ്ത്രവും ശില്പ്പശാസ്ത്രവും സ്ഥാപത്യവേദവും മായാമതവും സമരാംഗണസൂത്രധാരയും വിശ്വകര്‍മ്മജരുടെ സര്‍ഗാത്മക കരവിരുതിനെ ശാസ്ത്രീയമാക്കാനും സാങ്കേതികമേന്മയാല് ഉജ്ജ്വലമാക്കാനും സഹായകമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: