കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ആദ്യ മുലപ്പാല്‍ ബാങ്ക് കോഴിക്കോട്ട് തുടങ്ങി. മെഡിക്കല്‍ കോളജ് ആശുപത്രിക്ക് കീഴില്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ആരംഭിച്ച മുലപ്പാല്‍ ബാങ്കിന്റെ (ഹ്യുമന്‍ മില്‍ക്ക് ബാങ്ക്) ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വ്വഹിച്ചു.
പ്രസവം കഴിഞ്ഞ അമ്മമാര്‍, കുട്ടികള്‍ ന്യൂബോണ്‍ ഐ.സി.യുവിലുള്ള അമ്മമാര്‍, മുലപ്പാലൂട്ടുന്ന അമ്മമാര്‍, മുലപ്പാലൂട്ടുന്ന ജീവനക്കാര്‍, നവജാത ശിശുവിഭാഗം ഒ.പി.യിലെത്തുന്ന അമ്മമാര്‍ തുടങ്ങിയ മുലപ്പാലൂട്ടുന്നവരില്‍ സ്വമേധയാ മുലപ്പാല്‍ ദാനം ചെയ്യാന്‍ സമ്മതമുള്ളവരില്നിന്നാണ് സ്വീകരിക്കുക. ഇവരില്‍ നിന്നും സമ്മതപത്രം വാങ്ങിയശേഷം സ്ക്രീനിങ് ടെസ്റ്റ് നടത്തി മറ്റ് അസുഖങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തും. ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ച് പ്രത്യേകം ബോട്ടിലുകളില്‍ മുലപ്പാല്‍ ശേഖരിക്കും. രണ്ട് മുതല്‍ എട്ടു ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ സൂക്ഷിക്കുകയും പാസ്ചുറൈസേഷന് നടത്തി പ്രത്യേക സംഭരണികളിലേക്ക് മാറ്റുകയും ചെയ്യും. പാസ്ചുറൈസേഷന് ചെയ്ത പാല് അണുവിമുക്തമാണെന്ന് മൈക്രോബയോളജി പരിശോധനയിലൂടെ സ്ഥിരീകരിക്കും. തുടര്‍ന്ന് ആവശ്യക്കാരായ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കും. ഉദ്ഘാടനചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ അധ്യക്ഷനായി. എം.കെ രാഘവന് എം.പി മുഖ്യാതിഥിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: