മലപ്പുറം/കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥനാ സംഗമം സംഘടിപ്പിച്ച് മുസ്ലിം വനിതകള്‍. കൊച്ചിയിലും മലപ്പുറത്തുമാണ് ദുഃആ സമ്മേളനങ്ങള്‍ ചേര്‍ന്നത്. ന്യൂനപക്ഷ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന ദുഃആ സമ്മേളനത്തില്‍ നിരവധി പേര് പങ്കെടുത്തു. മുത്തലാഖ് നിരോധിച്ച്, ഇന്ത്യയിലെ മുസ്ലീം സ്ത്രീകളുടെ ജീവിതം സുരക്ഷിതമാക്കുകയും, ആത്മാഭിമാനം സംരക്ഷിക്കുകയും ചെയ്ത നരേന്ദ്ര മോദിക്ക് പരിപാടിയില്‍ പങ്കെടുത്തവര്‍ ജന്മദിനാശംസകള് നേര്‍ന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ന്യുനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് അധ്യക്ഷനായി. ന്യൂന പക്ഷമോര്‍ച്ച ദേശീയ സെക്രട്ടറി സെയദ് ഇബ്രാഹിം, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ്, ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന്, ജനറല്‍ സെക്രട്ടറി കെ.എസ്.ഷൈജു, എന്‍.എല്‍ ജെയിംസ്, അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു.
ജാതിമത രാഷ്ട്രീയഭേദമന്യേ രാഷ്ട്രത്തെ നയിക്കുന്ന നരേന്ദ്ര മോദിക്ക് നല്ല ആരോഗ്യത്തോടെ ഇനിയും മുന്നോട്ട് പോകാനാകട്ടെയെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രാജ്യം കൂടുതല്‍ സമ്പന്നമാകട്ടെയെന്നുള്ള പ്രാര്‍ത്ഥനകളോടെയായിരുന്നു മലപ്പുറത്തെ ദു:ആ സമ്മേളനം. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് കള്ളിയത്ത് സത്താര്‍ ഹാജി, വൈസ് പ്രസിഡന്റുമാരായ ഹുസൈന് വരിക്കോട്ടില്‍, പി. സിദ്ധീഖ്, കെ. ഷംസീര്‍ എന്നിവര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കി.
ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അജി തോമസ്, ഷാജി ജോര്‍ജ്ജ്, പോള്‍സണ്‍ കരുളായി, എം.ടി. സണ്ണി എടക്കര എന്നിവരുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ സെന്റ് ജോസഫ് പള്ളിയില്‍ ക്രിസ്തീയ ആചാരമനുസരിച്ച് പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: