ന്യൂദല്‍ഹി: ഇനി കേരളത്തിന്റെ മുഹമ്മദിന് മാത്രമല്ല, 18 കോടിയുടെ മരുന്ന് വേണ്ട എല്ലാ കുട്ടികള്‍ക്കും ആശ്വാസം. സോള്‍ജെന്‍സ്മയുടെ 12 ശതമാനം ജിഎസ്ടി കേന്ദ്രം ഒഴിവാക്കി.
സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി(എസ്എംഎ) രോഗം ബാധിച്ചവര്‍ക്കുള്ള ചികിത്സയ്‌ക്കുള്ള 18 കോടി രൂപ വിലവരുന്ന മരുന്നിനുള്ള 12 ശതമാനം ജിഎസ്ടി ഒഴിവാക്കാന്‍ കേന്ദ്രം തീരുമാനിച്ചു. സോള്‍ജെന്‍സ്മയ്‌ക്ക് ജിഎസ്ടി ഒഴിവാക്കിയതായി ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ലഖ്നോവിലെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം പ്രഖ്യാപിച്ചത്.
18 കോടി മരുന്നിന് 12 ശതമാനം ജിഎസ്ടി തന്നെ കോടികള്‍ വരും. അതാണ് ഒഴിവാക്കിയത്. നേരത്തെ കണ്ണൂര്‍ മാട്ടൂലിലെ ഒന്നരവയസ്സുകാരന്‍ മുഹമ്മദിന്റെ ചികിത്സയ്‌ക്ക് സോള്‍ജെന്‍സ്മ വരുത്താന്‍ നികുതി ഒഴിവാക്കണമെന്ന് കേരളത്തിലെ എംപിമാര്‍ ഒന്നടങ്കം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടിരുന്നു. അന്ന് മരുന്നിന്റെ ഇറക്കുമതി ചുങ്കവും ജിഎസ്ടിയും കേന്ദ്രം ഒഴിവാക്കിക്കൊടുത്തിരുന്നു.
ഇപ്പോള്‍ കേന്ദ്രം സോള്‍ജെന്‍സ്മയ്‌ക്കുള്ള ജിഎസ്ടി എന്നെന്നേക്കുമായി ഒഴിവാക്കിയിരിക്കുകയാണ്.
അപൂർവമായ ജനിതകാവസ്ഥയിലുള്ള കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനും അവരിൽ ചലനം സാധ്യമാക്കുന്നതിനുമുള്ള മരുന്നാണ് സോൾജെൻസ്മ. 2 വയസ്സിൽ താഴെയുള്ള കുട്ടികളിലെ സ്പൈനൽ മസ്കുലർ അട്രോഫി (എസ്‌എംഎ) ചികിത്സയ്‌ക്കായി ഉപയോഗിക്കുന്ന ഒരു അഡെനോ-അനുബന്ധ വൈറസ് വെക്റ്റർ അധിഷ്ഠിത ജീൻ തെറാപ്പിയാണ് സോൾജെൻസ്മ. കഴിഞ്ഞ വര്‍ഷം ഈ മരുന്ന് വാങ്ങാന്‍ കഴിയാതെ എസ് എംഎ രോഗം ബാധിച്ച് ഇന്ത്യയില്‍ 36 കുട്ടികള്‍ മരണപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: