ബിപിഎച്ച് അഥവാ ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ . പ്രോസ്റ്റേറ്റ് വികസിക്കുന്നതിന് പറയുന്ന ശാസ്ത്രീയ നാമമാണിത്. ആളുകളിൽ വാർദ്ധക്യവുമായി ബന്ധപ്പെട്ടുള്ള അവസ്‌ഥ. കൂടുതലും ശരീരത്തിലെ ഹോർമോണിലുണ്ടാവുന്ന മാറ്റങ്ങളാണ് കാരണം. ബിപിഎച് അപകടകരമായൊരു അവസ്‌ഥയല്ല, അതായത് അർബുദമോ അതിലേക്ക് നയിക്കുകയോ ചെയ്യുന്നില്ലെന്ന് അർത്ഥം.എന്നിരുന്നാലും, ബിപിഎച്ചും ക്യാൻസറും ഒരേ സമയം ബാധിക്കാനുള്ള സാധ്യതകളുണ്ട്. ബിപിഎച്ച് ലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. ബിപിഎച് എന്ന അവസ്‌ഥ ശരീരത്തിൽ ബാധിക്കുന്നതിന് അനുസൃതമായി രോഗ ലക്ഷണങ്ങളിലും മാറ്റം വന്നേക്കും. പ്രോസ്റ്റേറ്റ് വികസിക്കുന്നതിനോട് അനുബന്ധിച്ച് ഉടലെടുക്കുന്ന അസ്വസ്ഥതകളും സങ്കീർണ്ണതകളും കാലക്രമേണ സംഭവിക്കുന്നതാണ്. പ്രധാനമായും മൂന്ന് ഘടകങ്ങളാണ് ബിപിഎചിന് കാരണമാവുന്നത്.
● വാർദ്ധക്യം.
● കുടുംബ ചരിത്രം – ഏറ്റവും അടുത്ത രക്തബന്ധത്തിലുള്ള ആർക്കെങ്കിലും ബിപിഎച് ഉണ്ടെങ്കിൽ നിങ്ങൾക്കും സമാന അവസ്ഥ വരാനുള്ള സാധ്യത കൂടുതലാണ്.
● ആരോഗ്യ സ്ഥിതി – അമിതവണ്ണം പോലെയുള്ള അവസ്ഥകൾ ബിപിഎച്ചിന് കാരണമായേക്കാമെന്നാണ് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.
പ്രായത്തിന് അനുസൃതമായി പ്രോസ്റ്റേറ്റിന് രണ്ട് വളർച്ചാ കാലഘട്ടമാണുള്ളത്. പ്രായപൂർത്തിയാകുമ്പോഴാണ് ആദ്യ ഘട്ടം. ഈ സമയം പ്രോസ്റ്റേറ്റിന്റെ വലുപ്പം മുമ്പുള്ളതിൽ നിന്നും ഇരട്ടിയാകുന്നു. ഏകദേശം ഇരുപത്തിയഞ്ചാം വയസ്സിൽ തുടങ്ങി ജീവിതകാലം മുഴുവൻ തുടർന്നുപോകുന്നതാണ് പ്രോസ്റ്റേറ്റ് വളർച്ചയുടെ രണ്ടാം ഘട്ടം. മേൽപറഞ്ഞ രണ്ടാം ഘട്ടത്തിലാണ് ബിപിഎച് സാധാരണ സംഭവികുക. പ്രോസ്റ്റേറ്റ് വലുതാകുന്നത് മൂത്ര സഞ്ചിയുടെ സ്വാഭാവിക നിലനിൽപ്പിനെ അലോസരപ്പെടുത്തുകയോ തടയുകയോ ചെയ്യും. ഇടയ്‌ക്കിടെ മൂത്രമൊഴിക്കൽ, മൂത്രമൊഴിച്ചതിന് ശേഷവും മൂത്രസഞ്ചി നിറഞ്ഞിരിക്കുന്നു എന്ന തോന്നൽ, ദുർബലമായ ഒഴുക്കിൽ മൂത്രം പോകുക, മൂത്രമൊഴിച്ചു തുടങ്ങാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളാണ് സാധാരണ നിലയിൽ ബിപിഎച് ഉള്ളവരിൽ കാണാറുള്ളത്. ഈ ഒരു സാഹചര്യത്തെ നേരിടാൻ രോഗികൾ വെള്ളം കുടിക്കുന്നത് കുറയ്‌ക്കുകയും മൂത്രം ഒഴിക്കുന്നതിനെ കുറിച്ച് സദാ ആലോചിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് കാണാറുള്ളത്. ഉദാഹരണത്തിന്, പോകുന്നിടത്തെല്ലാം മൂത്രപ്പുര അടുത്തുണ്ടോ എന്ന് നോക്കുക, ദീർഘ ദൂര യാത്രകൾക്ക് മുമ്പ് മൂത്രമൊഴിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നു. ഇത്തരത്തിൽ പ്രതിസന്ധിയെ നേരിടാൻ മനഃപൂർവമായി നടത്തുന്ന ശ്രമങ്ങൾ രോഗിയുടെ ജീവിതനിലവാരത്തെയാണ് ബാധിക്കുന്നത്.
ബിപിഎച് വളരെ സാധാരണമായൊരു അവസ്ഥയാണ് എന്നും അമ്പതിനും അറുപതിനും ഇടയിലുള്ള പകുതിയോളം പുരുഷന്മാരിൽ ഇത് കാണപ്പെടുന്നുണ്ട് എന്നുമാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിലെ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ.നിത്യ ആറിന്റെ വിലയിരുത്തൽ. എൺപത് വയസ്സാകുമ്പോഴേക്കും ഏകദേശം 90 ശതമാനം പുരുഷന്മാർക്കും ബിപിഎച് ഉണ്ടാകും. ഉയർന്ന രോഗ വ്യാപന തോത് ഉണ്ടായിട്ടും, വാർധക്യത്തിന്റെ ഭാഗമായിട്ടാണ് പലരും ഇതിനെ കാണുന്നത്. അതുകൊണ്ട് തന്നെ ഈ അവസ്ഥയെ കുറിച്ചുള്ള അവബോധം ആളുകളിൽ കുറവാണ്. അടിക്കടി ബാത്റൂമിൽ പോകുന്നത് വർധിക്കുമ്പോഴാണ് മിക്കവരും അസ്വാഭാവികതയുണ്ടെന്ന് തിരിച്ചറിയുന്നതെന്നും ഡോ. നിത്യ പറയുന്നു.
‘ബിപിഎച്ചും പ്രോസ്റ്റേറ്റ് കാന്‍സറും തമ്മില്‍ യാതൊരു ബന്ധവുമില്ല. എങ്കിലും ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുമ്പോള്‍ വൈദ്യസഹായം തേടുകയെന്നത് അത്യാവശ്യമാണ്. ശരീരത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകളും രോഗലക്ഷണങ്ങളും വരുമ്പോള്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തുന്ന കാഴചയാണ് സാധാരണയായി കണ്ടുവരുന്നത്.രോഗലക്ഷണങ്ങള്‍ ചെറുതായാലുംകഠിനമായാലും കൃത്യ സമയത്ത് ഡോകടറെ കാണുന്നതാണ് ഉചിതം.ബിപിഎച്ചിന് നിരവധി ചികിത്സകളുണ്ട്. ഏത് രീതിയാണ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായതെന്ന് നിങ്ങളും നിങ്ങളുടെ ഡോക്ടറും ഒരുമിച്ച് ചർച്ച ചെയ്ത് തീരുമാനിക്കുകയാണ് വേണ്ടത്. ബിപിഎച്ചിന് പലപ്പോഴും നിരന്തരമായ നിരീക്ഷണം മാത്രമേ ആവശ്യമായി വരൂ. ചില സന്ദർഭങ്ങളിൽ മരുന്നുകൾ ഫലപ്രദമായിരിക്കും. ചിലരിൽ വിവിധതരം ചികിൽസകളുടെ സംയോജനം ഗുണം ചെയ്യും”. ഡോ. നിത്യ പറഞ്ഞു.
രോഗലക്ഷണങ്ങൾ നിയന്ത്രിക്കാൻ ലളിതമായ ജീവിതശൈലിയും ചര്യകളും സഹായിക്കും. അവയിൽ ചിലത് താഴെ നൽകുന്നു.
● എല്ലായ്‌പ്പോഴും ഉന്മേഷത്തോടെയും സജീവമായും ഇരിക്കുക – നിഷ്‌ക്രിയമായിരിക്കുന്നത് നിങ്ങളുടെ മൂത്രസഞ്ചി ശൂന്യമാക്കുന്നതിൽ പ്രശ്നങ്ങൾ ഉണ്ടാക്കും.
● ശുചിമുറിയില്‍ പോകുമ്പോൾ നിങ്ങളുടെ മൂത്രസഞ്ചി പൂർണമായും കാലിയായെന്ന് ഉറപ്പ് വരുത്തുക.
● എല്ലാ ദിവസവും കൃത്യമായ ഇടവേളകൾ നിശ്ചയിച്ചു മൂത്രമൊഴിക്കാൻ ശ്രമിക്കുക. മൂത്രം ഒഴിക്കാൻ തോന്നിയാലും ഇല്ലെങ്കിലും ഈ സമയത്ത് മൂത്രപ്പുരയിൽ പോവുക.
● രാത്രിയിൽ മൂത്രമൊഴിക്കാനുള്ള പ്രേരണ തടയാൻ രാത്രി 8 മണിക്ക് ശേഷം വെള്ളമോ മറ്റു ദ്രാവകങ്ങളോ കുടിക്കുന്നത് നിർത്തുക.
● മദ്യപാനം നിയന്ത്രിക്കുക.
കൂടുതൽ ഗുരുതരമായ സാഹചര്യങ്ങളിൽ പ്രോസ്റ്റേറ്റിന്റെ വികാസം മൂത്രം ഒഴിക്കലിനെ തടസ്സപ്പെടുത്തുകയോ വൃക്ക സംബന്ധമായ രോഗങ്ങളിലേക്കോ നയിച്ചേക്കും. ഇവയ്‌ക്ക് അടിയന്തര ചികിത്സ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ, നിങ്ങളിൽ രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ട് എങ്കിൽ കൃത്യമായി രോഗനിർണയം നടത്തുകയും, രോഗം ഭേദമാക്കാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന് പഠിക്കുകയുമാണ് വേണ്ടത്.
9497629127
ഡോ. നിത്യ. ആർ
(കൺസൾട്ടന്റ് യൂറോളജിസ്റ്റ്)
കിംസ് ഹോസ്പിറ്റൽ തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: