കൊച്ചി: ലക്ഷദ്വീപിൽ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്ന് ബീഫ് ഒഴിവാക്കിയതും ഡയറി ഫാം അടച്ചു പൂട്ടിയതും ചോദ്യം ചെയ്ത ഹർജി കേരള ഹൈക്കോടതി തള്ളി. ഹൈക്കോടതി വിധി ലക്ഷദ്വീപ് ഭരണകൂടത്തിന് അനുകൂലമായതോടെ വൻ തിരിച്ചടിയാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന് ഉണ്ടായിരിക്കുന്നത്.
കവരത്തി സ്വദേശി ആർ.അജ്മൽ അഹമ്മദ് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. ലക്ഷദ്വീപ് ജനതയുടെ ജീവിതരീതിയിലും ഭക്ഷണങ്ങളിലും ഇടപെടുന്ന വിവാദ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സേവ് ലക്ഷദ്വീപ് ഫോറം പ്രവര്ത്തകന് കൂടിയായ കവരത്തി സ്വദേശി അഡ്വ. ആര് അജ്മല്‍ അഹമ്മദ് ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഭരണകൂടത്തിന് തീരുമാനമെടുക്കാൻ അധികാരമുണ്ടന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്.
ഉച്ചഭക്ഷണത്തിലെ വിഭവങ്ങൾ തീരുമാനിക്കാൻ അധികാരമുണ്ടെന്ന് ജില്ലാ ഭരണകൂടം കോടതിയെ അറിയിച്ചിരുന്നു. ദ്വീപിൽ ബീഫ് സുലഭമാണെന്നും മറ്റ് ചില പ്രോട്ടീൻ വിഭവങ്ങൾ ഉൾപ്പെടുത്തിയെന്നും ബീഫ് ഉൾപ്പെടുത്താൻ ചില പ്രായോഗിക വിഷമതകൾ ഉണ്ടെന്നും ഭരണകൂടം അറിയിച്ചിരുന്നു. ഡയറി ഫാം പ്രതിവർഷം ഒരു കോടി നഷ്ടത്തിലായതിനാലാണ് അടച്ചു പൂട്ടിയതെന്നും ഭരണകൂടം വിശദീകരിച്ചിരുന്നു.
ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിശദീകരണം കോടതിക്ക് തൃപ്തികരമായതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി തള്ളിയത്. ദ്വീപിലെ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. വിശദമായ വാദം കേൾക്കലിൽ നയപരമായ കാര്യങ്ങളിൽ കോടതിയ്ക്ക് ഇടപെടാനാവില്ലെന്ന അഡ്മിനിസ്ട്രേഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ദ്വീപിലെ സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയുടെ മെനുവില്‍ നിന്ന് മാംസാഹാരം ഒഴിവാക്കിയതും ദ്വീപിലെ ഡയറി ഫാമുകള്‍ പൂട്ടി കന്നുകാലികളെ ലേലം ചെയ്യാനുള്ള ഉത്തരവും കഴിഞ്ഞ ജൂണിലായിരുന്നു ഹൈക്കോടതി സ്റ്റേ ചെയ്തത്. അഡ്മിനിസ്ട്രേഷന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ദ്വീപ് ജനത നടത്തുന്ന പോരാട്ടങ്ങള്‍ക്കു ലഭിച്ച ഇടക്കാല ആശ്വാസം എന്നാണ് സേവ് ലക്ഷദ്വീപ് ഫോറം ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ അന്തിമ വിധിയിൽ ഹൈക്കോടതി വിധി ലക്ഷദ്വീപ് ഭരണകൂടത്തിന് അനുകൂലമായതോടെ വൻ തിരിച്ചടിയാണ് സമരസമിതിക്ക് ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: