ചേര്‍ത്തല: ചേര്‍ത്തലയില്‍ നിന്ന് ഇന്ദ്രപ്രസ്ഥത്തിലേക്ക് കേരളത്തനിമയുള്ളൊരു സമ്മാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം പിറന്നാളിന് സമ്മാനമായി നല്‍കാനാണ് സൗമ്യ, മോദിജിയുടെ ഫോട്ടോയില്‍ മുത്തുകള്‍ പതിച്ച അലങ്കാരവസ്തുവും നെറ്റിപ്പട്ടവും നിര്‍മിക്കുന്നത്. തണ്ണീര്‍മുക്കം പഞ്ചായത്ത് 12-ാം വാര്‍ഡില്‍ ദേവകീസദനത്തില് സൗമ്യ ഹരിഹരന് കഴിഞ്ഞ ലോക്ഡൗണ്‍ കാലത്താണ് നെറ്റിപ്പട്ടം നിര്‍മാണത്തിലേക്ക് തിരിഞ്ഞത്.
ബിഎഡ് കഴിഞ്ഞ് സ്കൂളുകളില്‍ ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് സൗമ്യയുടെ കഴിവ് പുറംലോകം അറിഞ്ഞത്. ലണ്ടന്‍, കാനഡ, ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നാണ് ഇപ്പോള്‍ ഓര്‍ഡറുകള്‍ എത്തുന്നത്. ആവശ്യക്കാര്‍ കൂടിയതോടെ അയല്‍വാസികളായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജോലി നല്കാന് കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സൗമ്യ. ദല്‍ഹിയിലെ മിലിട്ടറി ആസ്ഥാനത്തേക്ക് ഏഴടി ഉയരത്തിലുള്ള നെറ്റിപ്പട്ടം നിര്‍മിച്ചുനല്‍കി ഈ വീട്ടമ്മ മുന്‍പും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഭര്‍ത്താവ് ഹരിഹരനും അമ്മ ശാന്ത പി. നായരും മക്കളായ മാളവികയും ധന്വന്തും സൗമ്യക്ക് പ്രോത്സാഹനവും സഹായവുമായി കൂടെയുണ്ട്.
പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ അദ്ദേഹത്തിന് കേരളത്തനിമയുള്ളൊരു സമ്മാനം നല്‍കണമെന്ന ആഗ്രഹത്തിലാണ് മൂന്നടിയില്‍ നെറ്റിപ്പട്ടവും മോദിജിയുടെ ഫോട്ടോ പതിപ്പിച്ച അലങ്കാരവസ്തുവും തയ്യാറാക്കിയത്. സൗമ്യയുടെ സമ്മാനം പ്രധാനമന്ത്രിക്ക് അരികിലെത്തിക്കാന്‍ ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: