കറാച്ചി: 18 വര്‍ഷത്തിന് ശേഷം പാക്കിസ്ഥാനിലെത്തിയ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം ഒരു മത്സരം പോലും കളിക്കാതെ രാജ്യം വിടുന്നു. ഇന്നു മൂന്നു മണിക്ക് ആദ്യ ഏകദിന മത്സരം തുടങ്ങാന്‍ മിനിറ്റുകള്‍ മുന്‍പാണ് ഗ്രൗണ്ടില്‍ ഇറങ്ങരുതെന്ന് ന്യൂസിലാന്‍ഡ് സുരക്ഷ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയത്. ഗ്രൗണ്ടില്‍ ഭീകരാക്രമണമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്നാണ് തീരുമാനം. ഇന്നലെ ട്രോഫി അനാച്ഛാദന ചടങ്ങില്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റനും താരങ്ങളും പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് രഹസ്യാന്വേഷ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയത്. ഇതേത്തുടര്‍ന്ന് താരങ്ങളുടെ സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്ന് പാക്കിസ്ഥാനോടു ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്ത അഡേണ്‍ നിര്‍ദേശിച്ചു. പിന്മാറരുതെന്നും രാജ്യത്തിന് വലിയ നാണക്കേട് ഉണ്ടാകുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് അഭ്യര്‍ത്ഥിച്ചെങ്കിലും ന്യൂസിലാന്‍ഡ് ടീം അധികൃതര്‍ ചെവിക്കൊണ്ടില്ല.
സെപ്തംബര്‍ 17 മുതല്‍ തുടങ്ങുന്ന മൂന്നു മത്സരങ്ങളടങ്ങുന്ന ഏകദിനപരമ്പരയും അഞ്ച് ടി20 യും കളിക്കാനായിരുന്നു സന്ദര്‍ശനം. 2003 ല്‍ നടന്ന ഏകദിന പരമ്പരയില്‍ പാക്കിസ്ഥാന് 5-0 ന് വിജയിച്ച ശേഷം ആദ്യമായാണ് ന്യൂസിലാന്‍ഡ് ഇവിടെ കളിക്കാനെത്തുന്നത്. ഡിസിഷന്‍ റിവ്യൂ സൗകര്യമില്ലാത്തതിനാല്‍ (ഡി.ആര്.എസ്) പാകിസ്ഥാന് – ന്യൂസിലാന്‍ഡ് ഏകദിന പരമ്പര ഐ.സി.സി ക്രിക്കറ്റ് വേള്‍ഡ് കപ്പ് സൂപ്പര്‍ ലീഗ് ഫിക്സച്ചറിന് പുറത്തായിരുന്നു. ഉഭയക്ഷി മത്സരമായി പരമ്പര നടത്താന്‍ പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡും ന്യൂസിലാന്‍ഡ് ക്രിക്കറ്റ് അധികൃതരും ധാരണയിലെത്തുകയായിരുന്നു.
2003 ല്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിനരികില്‍ വെച്ച് സന്ദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ ടീമിന്റെ ബാറ്റിംഗ് കോച്ച് തിലന്‍ സമരവീരക്ക് വെടിയേറ്റ ശേഷം അധികം അന്താരാഷ്ട്ര ടീമുകള്‍ പാക്കിസ്ഥാനിലെത്തിയിരുന്നില്ല. യു.എ.ഇ പോലെയുള്ള നിഷ്പക്ഷ വേദികളില്‍ മത്സരം നടത്താറായിരുന്നു പതിവ്. 2002 ല്‍ ടീം താമസിച്ച കറാച്ചിയിലെ ഹോട്ടലിന് പുറത്ത് ബോംബ് സ്ഫോടനം ഉണ്ടായതിനെ തുടര്‍ന്ന് ന്യൂസിലാന്‍ഡും പര്യടനം വെട്ടിച്ചുരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: