കോഴിക്കോട്: സര്, മാഡം വിളികള്‍ ഒഴിവാക്കി കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത്. ഇവിടുത്തെ ജീവനക്കാരെയും ജനപ്രതിനിധികളെയും ഇനിമുതല്‍ സര്, മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കാം. പകരം ഔദ്യോഗിക സ്ഥാനങ്ങള്‍ ഉപയോഗിക്കാം. പഞ്ചായത്തിലേക്കുള്ള അപേക്ഷകളിലും കത്തിടപാടുകളിലും ഈ അഭിസംബോധന ഒഴിവാക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണ സമിതിയോഗമാണ് ഈ പ്രമേയം പാസാക്കിയത്.
ബ്രിട്ടീഷ് ഭരണകാലത്തെ പദപ്രയോഗങ്ങളാണ് സര്, മാഡം വിളിയെന്ന് ഭരണസമിതി നിരീക്ഷിച്ചു. ആ ശീലങ്ങള്‍ മാറ്റിയെടുക്കുക എന്ന ഉദ്ദേശത്തിലാണ് നടപടി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് അംഗം ശിഹാബ് മാട്ടു മുറി പ്രമേയം അവതരിപ്പിച്ചു. ബഫസല് കൊടിയത്തൂര്‍ പിന്താങ്ങി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരീം പഴങ്കല്‍, അംഗങ്ങളായ, രിഹ്ല മജീദ്, എംടി റിയാസ്, ദിവ്യ ഷിബു, ആയിശ ചേലപ്പുറത്ത്, ബാബു പൊലുകുന്നത്ത് എന്നിവര്‍ സംബന്ധിച്ചു.
പാലക്കാട് ജില്ലയിലെ മാത്തൂര്‍ പഞ്ചായത്തിലാണ് രാജ്യത്ത് തന്നെ ആദ്യമായി സര്, മാഡം വിളികള്‍ ഒഴിവാക്കിയത്. ഈ മാതൃകയില്‍ നിരവധി തദ്ദേശ സ്ഥാപനങ്ങളാണ് ഇപ്പോള്‍ ഇത്തരത്തില്‍ തീരുമാനമെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: