കൊച്ചി :സല്യൂട്ട് വിവാദം സോഷ്യല്‍മീഡിയയില്‍ അടക്കം ചര്‍ച്ചയാകുന്ന വേളയില്‍ രാജ്യസഭാ എംപി സുരേഷ് ഗോപിയെ കണ്ടപ്പോള്‍ തന്നെ സല്യൂട്ട് ചെയ്ത എസ്ഐ സാം ലെസ്ലി വിശദീകരണവുമായി രംഗത്ത്. നല്ലൊരു മനുഷ്യന് എന്ന നിലയില്‍ അദ്ദേഹത്തോട് ആദരവുണ്ടെന്നും അതുകൊണ്ടാണ് സല്യൂട്ട് ചെയതെന്നും എസ്ഐ സാം ലെസ്ലി പറഞ്ഞു. ഇന്നലെ ചേരാനെല്ലൂരില്‍ ബിജെപിയുടെ സ്മൃതികേരം പദ്ധതി പരിപാടിക്ക് എത്തിയപ്പോഴായിരുന്നു സാം ലെസ്ലി സുരേഷ് ഗോപിയെ സല്യൂട്ട് ചെയ്തത്.
‘ആരും നിര്‍ബന്ധിച്ചതൊന്നുമല്ല, കലാകാരന് എന്ന നിലയിലും നല്ലൊരു മനുഷ്യന് എന്ന നിലയിലും എനിക്ക് അദ്ദേഹത്തോട് ആദരവുണ്ട്. അദ്ദേഹം ദേശീയ അവാര്‍ഡ് നേടിയ നടനാണ്. അങ്ങനെയൊരാളെ സല്യൂട്ട് ചെയ്യുന്നതില്‍ എന്താണ് പ്രശ്നം?’- സാം ലെസ്ലി ചോദിച്ചു. അതേസമയം, സല്യൂട്ട് ചെയ്തപ്പോള്‍ സുരേഷ് ഗോപി അടുത്ത് വിളിച്ച് സംസാരിച്ചതായും സാം ലെസ്ലി പറഞ്ഞു.
മിന്നല്‍ ചുഴലിക്കാറ്റില്‍ നാശനഷ്ടമുണ്ടായ പുത്തൂരില്‍ എത്തിയപ്പോഴാണ് എംപിയെ കണ്ടിട്ടും പൊലീസ് ജീപ്പില്‍ തന്നെയിരുന്ന എസ്ഐയെ വിളിച്ചുവരുത്തി സുരേഷ് ഗോപി സല്യൂട്ട് അടിപ്പിച്ചത്. ‘ഞാനൊരു എംപിയാണ്. മേയറല്ല, സലൂട്ടൊക്കെ ആകാം. ശീലമൊന്നും മറക്കല്ലേ’-എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥനോട് സുരേഷ് ഗോപിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: