ബാഴ്സലോണ: റോബര്‍ട്ട് ലെവന്‍ഡോസ്കിയുടെ ഇരട്ട ഗോളില്‍ ബയേണ്‍ മ്യൂണിക്കിന് ചാമ്പ്യന്‍സ് ലീഗില്‍ വിജയത്തുടക്കം. ഗ്രൂപ്പ് ഇ യിലെ ആദ്യ മത്സരത്തില്‍ അവര്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയും ആദ്യ മത്സരത്തില്‍ വിജയം നേടി. ഗ്രൂപ്പ് എച്ചില് അവര്‍ എതിരില്ലാത്ത ഒരു ഗോളിന് സെനിറ്റിനെ മറികടന്നു.
സൂപ്പര്‍ സ്റ്റാര്‍ മെസി വിട്ടുപോയതിനുശേഷം ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ മത്സരത്തിനിറങ്ങിയ ബാഴ്സയെ ബയേണ്‍ വാരിക്കളഞ്ഞു. തുടക്കം മുതല്‍ തകര്‍ത്തുകളിച്ച ബയേണ്‍ 34-ാം മിനിറ്റില്‍ മുള്ളറുടെ ഗോളില്‍ ലീഡ് എടുത്തു. ആദ്യ പകുതിയില്‍ ജേതാക്കള്‍ 1-0 ന് മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ ഇരട്ട ഗോള്‍ നേടി ലെവന്‍ഡോസ്കി ബയേണിന് വിജയം ഒരുക്കി. 56, 85 മിനിറ്റുകളിലാണ് ലെവന് സ്കോര്‍ ചെയ്തത്. നിലവിലെ ചാമ്പ്യന്മാരായ ചെല്‍സി ലുകാകുവിന്റെ ഗോളിലാണ് സെനിറ്റിനെ തോല്‍പ്പിച്ചത്. 69-ാം മിനിറ്റിലാണ് ലുകാകു ലക്ഷ്യം കണ്ടത്.
സൂപ്പര്‍ സ്ട്രൈക്കര്‍ റൊണാള്‍ഡോ വിട്ടുപോയശേഷം ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ മത്സരത്തിനിറങ്ങിയ യുവന്റസ് വിജയം നേടി. ഗ്രൂപ്പ് എച്ചില് അവര്‍ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മാല്മോം എഫ്എഫിനെ തോല്‍പ്പിച്ചു. അലക്സ് സാന്‍ഡ്രോ, ഡിബാല, മോറാട്ട എന്നിവരാണ് ഗോളുകള്‍ നേടിയത്. ഈ വിജയത്തോടെ മൂന്ന് പോയിന്റുമായി യുവന്റസ് ചെല്‍സിക്കൊപ്പം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്.
ഗ്രൂപ്പ് എഫില്‍ വിയാറയലും അറ്റ്ലാന്റയും തമ്മില്‍ നടന്ന മത്സരം സമനിലയായി. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. മനു ട്രിഗ്യൂറസും ഗ്രോനീവെല്ഡുമാണ് വിയാ റയലിനായി സ്്കോര്‍ ചെയ്തത്. ഫ്രൂളറും ഗോസന്സുമാണ് അറ്റ്ലാന്റയ്ക്കുവേണ്ടി ഗോളുകള്‍ നേടിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അട്ടിമറിച്ച യംഗ് ബോയ്സാണ് ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനത്ത്.
ഗ്രൂപ്പ് ജിയില്‍ ലാ ലിഗ ടീമായ സെവിയ സാല്‍സ്ബര്‍ഗിനെ സമനിലയില്‍ പിടിച്ചുനിര്‍ത്തി. ഇരു ടീമുകളും ഓരോ ഗോള്‍ നേടി. 21-ാം മിനിറ്റില്‍ സുസിക് പെനാല്‍റ്റി ഗോളാക്കി സാല്‍സ്ബര്‍ഗിനെ മുന്നിലെത്തിച്ചു. 42-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി റാകിടിച്ച് സെവിയയ്ക്ക് സമനില നേടിക്കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: