തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമിയില്‍ ഗ്രന്ഥസൂചി തയ്യാറാക്കിയതില്‍ വന്‍ ക്രമക്കേടും അഴിമതിയും നടന്നതായി പരാതി. 2001-2005 കാലത്തെ ഗ്രന്ഥസൂചി തയ്യാറാക്കാന്‍ അക്കാദമി ചെലവഴിച്ചത് 25,81,110 രൂപയെന്ന് കണക്കുകള്‍ പറയുന്നു. പരമാവധി നാലോ അഞ്ചോ ലക്ഷം കൊണ്ട് തയ്യറാക്കാവുന്ന ഗ്രന്ഥസൂചിക്കായാണ് ഇത്രയും ഭീമമായ തുക ചെലവാക്കിയത്. ഡോ. എന്‍. സാമിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ആദ്യം ഗ്രന്ഥസൂചി തയ്യാറാക്കിയത്.
പിന്നീട് ഇടതു ഭരണസമിതി വന്നപ്പോള്‍ ഡോ. എസ്.കെ. വസന്തന്, പ്രൊഫ. ലളിത ലെനിന് എന്നിവരുടെ മേല്‍നോട്ടത്തില്‍ മറ്റൊരു സമിതിയെ ഇതില്‍ മാറ്റം വരുത്താനായി ചുമതലപ്പെടുത്തി. ഈയിനത്തിലാണ് വന്‍തുക ചെലവഴിച്ചതായി കാണുന്നത്.
ഇതിന് പുറമേ സാങ്കേതിക സഹായം നല്‍കിയതിന് കെ.എസ്. ഹുസൈന് എന്നയാള്‍ക്ക് ഒരു ലക്ഷം രൂപ പ്രതിഫലം നല്‍കിയതായും അക്കാദമി കണക്കുകളില്‍ കാണുന്നു. എന്ത് സാങ്കേതിക സഹായമാണെന്ന് വ്യക്തമാക്കുന്നില്ല. ഇതോടെ ഗ്രന്ഥസൂചിക്കായി അക്കാദമിയുടെ ഖജനാവില്‍ നിന്ന് ചോര്‍ന്നത് 27 ലക്ഷത്തോളം രൂപ. അച്ചടിച്ചെലവുകള്‍ ഈ തുകയില്‍ ഉള്‍പ്പെട്ടിട്ടില്ല. തയ്യാറാക്കാന്‍ വേണ്ടിവന്ന ചെലവുകള്‍ എന്നാണ് അക്കാദമി രേഖകളിലുള്ളത്. വളരെക്കുറച്ച് കോപ്പികള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അത് തന്നെ കമ്പ്യൂട്ടര്‍ പ്രിന്റെടുത്ത് തയ്യാറാക്കിയതാണ്.
ഗ്രന്ഥസൂചി നിര്‍മാണത്തിന്റെ മറവില്‍ വന്‍ അഴിമതിയാണ് അക്കാദമിയില്‍ നടന്നതെന്ന് ചൂണ്ടിക്കാട്ടി സാഹിത്യ വിമര്‍ശം പത്രാധിപര്‍ സി.കെ. ആനന്ദന് പിള്ള സാംസ്കാരിക വകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്. സാധാരണ നിലയില്‍ ഗ്രന്ഥസൂചി തയ്യാറാക്കാന്‍ ആവശ്യമായതിന്റെ അഞ്ചിരട്ടി വരെയാണ് ചെലവാക്കിയിട്ടുള്ളത്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ ഇതുവരെ സാംസ്കാരിക വകുപ്പിന്റെ ഭാഗത്ത് നിന്ന് അന്വേഷണ നടപടിയൊന്നുമുണ്ടായിട്ടില്ല.
തന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഗ്രന്ഥസൂചി കുറ്റമറ്റതായിരുന്നുവെന്നും പിന്നെ എന്തിനാണ് മറ്റൊരു സമിതിയെ ചുമതലപ്പെടുത്തി ഭീമമായ സംഖ്യ ചെലവഴിച്ചതെന്ന് അറിയില്ലെന്നുമാണ് ഡോ. എന്‍. സാമിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: