ദില്ലി: മൂലധനലഭ്യതയില്ലാതെ ശ്വാസം മുട്ടുന്ന ടെലികോം മേഖലയ്‌ക്ക് ഉണര്‍വ്വേകി, ഈ രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. അതേസമയം, ചൈന, പാകിസ്താൻ ഉൾപ്പടെയുള്ള രാജ്യങ്ങളിൽനിന്നുള്ള നിക്ഷേപകർക്ക് പുതിയ ആനുകൂല്യം ബാധകമാകില്ല.
അതുപോലെ കുടിശ്ശിക, ക്രമീകരിച്ച മൊത്ത വരുമാനം (എജിആർ), സ്പെക്ട്രം കുടിശ്ശിക എന്നിവയ്‌ക്ക് നാല് വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കുക വഴി കടത്തില്‍ ആടിയുലയുന്ന ടെലികോം കമ്പനികള്‍ക്ക് പിടിച്ചുനില്‍ക്കാനാവും. 4 ജി സേവനം വ്യാപിപ്പിക്കാനും 5 ജി ശൃംഖലയിൽ നിക്ഷേപ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതുമാണ് പരിഷ്‌കാരങ്ങൾ. കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവാണ് മന്ത്രിസഭാ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.
പുതിയ നയപ്രകാരം ടെലികോം മേഖലയില്‍ ഒമ്പത് ഘടനാപരമായ പരിഷ്‌കാരങ്ങള്‍ക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഈ നടപടികള്‍ വ്യവസായത്തിലെ ചില കമ്പനികള്‍ നേരിടുന്ന പണലഭ്യത സംബന്ധിച്ചുള്ള ആശങ്കകള്‍ ലഘൂകരിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ടെലികോം മേഖലയുടെ സമഗ്ര പാക്കേജിന്റെ ഭാഗമായാണ് ടെലികോം മേഖലയിൽ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) കേന്ദ്രം അനുവദിച്ചത്. ഇതുവരെ 49 ശതമാനം വിദേശ നിക്ഷേപം മാത്രമേ ഈ മേഖലയില്‍ അനുവദിച്ചിരുന്നുള്ളു. പുതിയ തീരുമാന പ്രകാരം പ്രത്യേക അനുമതിയില്ലാതെ കമ്പനികൾക്ക് 100ശതമാനം വിദേശനിക്ഷേപം സ്വീകരിക്കാം.
അതേസമയം, ചൈന, പാകിസ്താൻ ഉൾപ്പടെയുള്ള രാജ്യങ്ങളിൽനിന്നുള്ള നിക്ഷേപകർക്ക് പുതിയ ആനുകൂല്യം ബാധകമാകില്ല. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ചൈന ഉള്‍പ്പടേയുള്ള രാജ്യങ്ങള്‍ക്ക് 2020 ഏപ്രിലില്‍ ഇന്ത്യയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലായിരുന്നു കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു നടപടിയുണ്ടായത്.
അതേസമയം കുടിശ്ശിക, ക്രമീകരിച്ച മൊത്ത വരുമാനം (എജിആർ), സ്പെക്ട്രം കുടിശ്ശിക എന്നിവയ്‌ക്ക് സർക്കാർ നാല് വർഷത്തെ മൊറട്ടോറിയവും പ്രഖ്യാപിട്ടുണ്ട്.ബുദ്ധിമുട്ടുന്ന മേഖലയ്‌ക്കുള്ള ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായാണ് ഈ തീരുമാനം. വിദേശനിക്ഷേപ പരിധി ഉയർത്താൻ തീരുമാനിച്ചതും മൊറൊട്ടോറിയം പ്രഖ്യാപിച്ചതും വോഡാഫോൺ ഐഡിയ ഉൾപ്പടേയുള്ള സാമ്പത്തിക പ്രതിസന്ധിനേരിടുന്ന കമ്പനികൾക്ക് ആശ്വാസമാകും. . അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു (എജിആര്‍) ഇനത്തില്‍ ആയിരക്കണക്കിനു കോടികളുടെ കുടിശികയാണു ടെലികോം കമ്പനികള്‍ സര്‍ക്കാരിനു നല്‍കാനുള്ളത്. വോഡഫോണ്‍ ഐഡിയ (വിഐ) ചെയര്‍മാന്‍ സ്ഥാനത്തുനിന്നുള്ള കുമാര്‍ മംഗലം ബിര്‍ളയുടെ രാജിയെത്തുടര്‍ന്നാണു സര്‍ക്കാര്‍ തീരുമാനം. ശതകോടീശ്വരനായ കുമാര്‍ മംഗലം ആഗസ്ത് നാലിനാണു രാജിവച്ചത്. വോഡഫോണ്‍ ഐഡിയയിലെ തന്റെ മുഴുവന്‍ ഓഹരിയും കൈമാറാന്‍ തയാറാണെന്ന് കേന്ദ്ര സര്‍ക്കാരിനോട് കുമാര്‍ മംഗലം ബിര്‍ള രാജിക്ക് മുൻപ് അറിയിച്ചിരുന്നു.
എജിആറിന്റെ നിര്‍വചനം യുക്തിസഹമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ടെലികോം മേഖല സംബന്ധിച്ച തീരുമാനങ്ങളെക്കുറിച്ച് സംസാരിക്കവെ അശ്വനി വൈഷ്ണവ് പറഞ്ഞു. ടെലികോം കമ്പനികളുടെ എജിആറിൽ ടെലികോം ഇതര വരുമാനം കണക്കിലെടുക്കില്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. മൊബൈൽ ടവറുകൾക്ക് അനുമതി നൽകാനുള്ള നടപടിക്രമങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. ഇനിമുതല്‍ സ്വയം സാക്ഷ്യപത്രം നൽകി കമ്പനികൾക്ക് ടവറുകൾ സ്ഥാപിക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: