ലഖ്നോ : ഉത്തർപ്രദേശിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ടിക്കറ്റ് ലഭിക്കണമെങ്കില്‍ ആദ്യം 11,000 രൂപ നല്കി അപേക്ഷിക്കണം. ഫണ്ടില്ലാത്ത പ്രതിസന്ധി നേരിടുന്നതിനാലാണ് കോണ്‍ഗ്രസ് കേട്ടുകേള്‍വിയില്ലാത്ത ഇത്തരമൊരു വ്യവസ്ഥ മുന്നോട്ട് വെച്ചിരിക്കുന്നത്. പ്രിയങ്ക ഗാന്ധി വധേരയുടെ തന്ത്രമാണ് ഇതെന്ന് പറയപ്പെടുന്നു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്ത്ഥിയാകേണ്ടവര് പണം നൽകണമെന്ന് സംസ്ഥാന കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അജയ് കുമാർ ലല്ലു പറഞ്ഞു.2022 ഫിബ്രവരിയോടെയാണ് ഉത്തർപ്രദേശ് നിയസഭാ തെരഞ്ഞെടുപ്പ്. സ്ഥാനാര്‍ത്ഥിയാകാന്‍ അപേക്ഷ നല്കാന് 11,000 രൂപയും ഫീസായി അടക്കണമെന്ന് യുപി കോണ്‍ഗ്രസ് ഉത്തരവും പുറത്തിറക്കി.
സംസ്ഥാനതലത്തില്‍ അപേക്ഷകളുടെ ചുമതല സഞ്ജയ് ശര്‍മ്മയും വിജയ് ബഹാദൂറുമാണ്, ജില്ലാ തലത്തിലും നഗരതലത്തിലും ജില്ലാകമ്മിറ്റിക്കാണ് ചുമതല. പണം ആര്‍ടിജിഎസ് വഴിയോ മണിയോര്‍ഡറായോ ഡിഡിയായോ നല്‍കാം. ഇതിന് രസീതിയും നല്‍കും. സപ്തംബര്‍ 25 വരെ അപേക്ഷിക്കാം. അതേ സമയം സ്ഥാനാര്‍ത്ഥിയായില്ലെങ്കില്‍ പണം തിരിച്ചുനല്‍കുമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് വിശദീകരണം നല്‍കിയിട്ടില്ല.
കോൺഗ്രസിന് 2022 ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പ് നിർണായകമാണ്. ബിജെപി ഭരണ സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയസാധ്യത കുറവാണെന്ന് സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ബിജെപി തുടർഭരണം നടത്തുമെന്നാണ് പ്രവചനം.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും ഏഴ് സീറ്റില്‍ മാത്രം വിജയിച്ച കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് പ്രിയങ്ക. തന്റെ നേതൃത്വത്തില്‍ മാത്രമായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ 2022ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: