മലപ്പുറം: കോടികളുടെ സാമ്പത്തിക ക്രമക്കേടും അനധികൃത നിക്ഷേപവും കണ്ടെത്തിയ എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ച അക്കൗണ്ടുകളില്‍ 47 എണ്ണം സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസിന്റെ അടുത്ത ബന്ധുക്കളുടേത്. ബാങ്കിലെ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി തസ്തികകളില്‍ പ്രവര്‍ത്തിച്ച ഈ ബന്ധുക്കള്‍ അതേ ബാങ്കില്‍ 47 അക്കൗണ്ടുകളുണ്ടാക്കി പണം നിക്ഷേപിക്കുകയായിരുന്നുവെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റില്‍ ഇവര്‍ രണ്ട് ബിനാമി അക്കൗണ്ടുകളിലൂടെ 1.33 കോടി രൂപയുടെ ഇടപാട് നടത്തിയതായി കണ്ടെത്തിയിരുന്നു.
മരവിപ്പിച്ച 47 അക്കൗണ്ടുകളില്‍ 35 എണ്ണവും അസി. സെക്രട്ടറിയായിരുന്ന ഇ.എന്‍. ചന്ദ്രികയുടെ പേരിലുള്ളതാണ്. ഇ.എന്‍. മോഹന്‍ദാസിന്റെ അമ്മയുടെ സഹോദരിയുടെ മകളാണ് ചന്ദ്രിക. മറ്റ് 12 അക്കൗണ്ടുകള്‍ ചന്ദ്രികയുടെ ഭര്‍ത്താവും ബാങ്ക് മാനേജരുമായിരുന്ന വി.കെ. ഹരികുമാര്‍, മക്കളായ വി.കെ. ഹേമ, വി.കെ. രേശ്മ എന്നിവരുടെ പേരിലുമാണ്. മുസ്ലിം ലീഗ് ഭരിക്കുന്ന എആര്‍ നഗര്‍ ബാങ്ക് തട്ടിപ്പിലെ സൂത്രധാരന്‍ വി.കെ. ഹരികുമാറാണെന്ന് ഇതിനകം സഹകരണ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. മരവിപ്പിച്ച അക്കൗണ്ടുകളില്‍ എത്ര തുകയുണ്ടായിരുന്നുവെന്ന് പുറത്തു വിടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. നിക്ഷേപങ്ങളുടെ ഉറവിടം എന്താണെന്ന് വ്യക്തമാക്കാന്‍ ചന്ദ്രികയ്ക്കോ കുടുംബത്തിനോ കഴിയാത്ത സാഹചര്യത്തിലാണ് ആദായ നികുതി വകുപ്പ് ഇവ കണ്ടുകെട്ടിയത്.
മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകന് ഉള്‍പ്പെടെയുള്ളവരുടെ ഏതാനും അക്കൗണ്ടുകളും ആദായ നികുതി വകുപ്പ് മരവിപ്പിച്ചിട്ടുണ്ട്. എആര്‍ നഗര്‍ ബാങ്കില്‍ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പില്‍ സിപിഎമ്മും മുസ്ലിം ലീഗും പങ്കാളികളാണെന്ന വിശ്വസനീയമായ തെളിവുകളാണ് സമീപ കാലത്തായി പുറത്തുവരുന്നത്. കെ.ടി. ജലീലിന്റെ നീക്കങ്ങളെ മുഖ്യമന്ത്രി തടഞ്ഞതടക്കമുള്ള വാര്‍ത്തകള്‍ ഇത് ശരിവയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: