ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കേരളത്തിലേക്ക് ഒഴുകിയെത്തുന്ന കോടാനുകോടി രൂപയുടെ മയക്കുമരുന്ന് കണക്കുകള്‍ ആരെയും ഞെട്ടിക്കും. ഇതിന്റെ വ്യാപന -വിപണന ശൃംഖല കൂടിയറിയുമ്പോഴാണ് വരാന്‍പോകുന്ന തലമുറകളുടെ ജീവിത തകര്‍ച്ചയുടെ രൂക്ഷത വ്യക്തമാകുന്നത്. ഓരോ ദിവസവും ജനമറിയുന്നതും മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളും സാമ്പിളുകള്‍ മാത്രം. അഫ്ഗാനിസ്ഥാന്‍ മാത്രം ഉത്പാദിപ്പിക്കുന്ന മാരക രാസ മയക്കുമരുന്നായ എംഡിഎംഎ കേരളത്തിലേയ്‌ക്കു കടത്തിയ സംഘത്തെ 2021 ഓഗസ്റ്റില്‍ കസ്റ്റംസ് പിടികൂടിയിരുന്നു. ചിലരെ വിട്ടയച്ചു. പിന്നീട് വീണ്ടും അറസ്റ്റ് ചെയ്തു. അഫ്ഗാന്‍ ലഹരി കേരളത്തില്‍ വിറ്റഴിക്കണമെങ്കില്‍ അതിന്റെ വിപണന ശൃംഖലയേത്? അന്വേഷണങ്ങള്‍ പലതും ആദ്യത്തെ ഓളങ്ങള്‍ക്കുശേഷം അട്ടിമറിക്കപ്പെടുമെന്നാണ് ഇന്നലകള്‍ നല്‍കുന്ന പാഠം.
കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ പിടികൂടിയത് 4000 കോടിയിലേറെ രൂപയുടെ ലഹരിമരുന്നാണ്. സംസ്ഥാനത്തെ ഒരു മാസത്തെ നികുതി വരുമാനം ഇത്രയും വരില്ല. വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലെ പൗരന്മാരും പലപ്പോഴായി അറസ്റ്റു ചെയ്യപ്പെട്ടു. ലഹരിക്കടത്തിന്റെ മുഖ്യകേന്ദ്രമായി കൊച്ചി മാറിയെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ലഹരിയുടെ ഇടത്താവളമായി മധ്യകേരളം മാറുമ്പോള്‍ ആഗോള ലഹരിക്കടത്തിന് ഒത്താശ ചെയ്യുന്നവര്‍ കേരളത്തിലാരൊക്കെ എന്ന ചോദ്യമുദിക്കും. ആഭ്യന്തര ലഹരി വിപണിയിലൂടെ മധ്യകേരളത്തില്‍ ലക്ഷ്യംവെയ്‌ക്കുന്ന ജനവിഭാഗങ്ങളേതെന്ന ചോദ്യവും പ്രസക്തം.
അഫ്ഗാനില്‍ താലിബാന്‍ ഉത്പാദിപ്പിക്കുന്ന എംഡിഎംഎ, കൊച്ചിയില്‍ നിന്നാണ് പിടികൂടിയത്. അതിനാല്‍ത്തന്നെ താലിബാന്‍ കേരള ബന്ധം വളരെ വ്യക്തം. ഇവര്‍ ലക്ഷ്യം വെയ്‌ക്കുന്നത് ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ കേരളത്തിലെ യുവതലമുറയെത്തന്നെയാണ്. അവരെ ലഹരിക്ക് അടിമകളാക്കി മാറ്റിയെടുക്കുക, സാവധാനം ഭീകര സംഘടനകളിലേയ്‌ക്ക് നയിക്കുക, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇവരുടെ പ്രവര്‍ത്തന മേഖലകളിലേയ്‌ക്ക് സാവധാനം വ്യാപിപ്പിക്കുക. വരും തലമുറയുടെ നാശവും അരക്ഷിതാവസ്ഥയുമാവും അനന്തരഫലം. ഇതിന്റെ സൂചനകള്‍ തിരിച്ചറിഞ്ഞിട്ടും തിരുത്തലുകള്‍ക്ക് തയ്യാറാകാത്തത്ര ബലഹീനമാണ് സാക്ഷര സമൂഹത്തിന്റെ രാഷ്‌ട്രീയ അടിമത്തവും പ്രതികരണ ശേഷിയും.
*കാബൂളിലെ മലയാളം*
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീകരതയില്‍ നിന്നുയര്‍ന്ന മലയാളഭാഷ കേരളത്തിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. ഇതും തെളിയിക്കുന്നത് താലിബാന്‍- കേരള ഭീകര ബന്ധമാണ്. കേരളത്തില്‍ നിന്നും മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഐഎസ്, താലിബാന്‍ ഭീകര സംഘടനകളിലേയ്‌ക്ക് എത്തിച്ചേര്‍ന്നിരിക്കുന്നവര്‍ ഒരു ദിവസത്തെ സൃഷ്ടിയല്ല. ഇവിടെയാണ് മുന്‍ ഡിജിപിമാര്‍ ഔദ്യോഗിക വിരമിക്കലിനുശേഷം കേരളത്തില്‍ ഭീകരപ്രസ്ഥാനങ്ങളുടെ സ്ലീപ്പര്‍ സെല്‍ എന്ന് വിലപിച്ചതിന്റെ പൊരുള്‍ മനസ്സിലാക്കേണ്ടത്. ഔദ്യോഗിക കാലയളവില്‍ ഇവരുടെ കൈകളില്‍ കൂച്ചുവിലങ്ങിട്ടിരുന്നുവോ എന്ന സംശയം ബാക്കി നില്‍ക്കുന്നു.
അഭയാര്‍ത്ഥികളും ഭീകരരും
താലിബാനോടൊപ്പം കാബൂളില്‍ ചാവേറാക്രമണം നടത്തിയ ഐസിസ്, ഖെരാബന്‍ ഭീകരരുടെ അധിനിവേശത്തിന്റെ ലക്ഷ്യം അഫ്ഗാനിസ്ഥാന്‍ മാത്രമാണെന്ന് പറഞ്ഞ് തലയൂരാന്‍ ശ്രമിക്കുന്നവര്‍ക്ക് തെറ്റി. ആദ്യം മധ്യേഷ്യയിലേക്കും പിന്നീട് ഭാരതത്തിലേക്കും അഭയാര്‍ത്ഥികളുടെ രൂപത്തില്‍ കടന്നുവരുന്നത് ഭീകരരാണ്. ശ്രീലങ്കയില്‍ നിന്നു വിഴിഞ്ഞത്ത് എത്തിയ ബോട്ടില്‍ നിന്ന് ആയുധങ്ങളും ലഹരിമരുന്നുകളും എല്‍ടിഇ ഭീകരന്മാരെന്ന് സംശയിക്കുന്നവരില്‍ നിന്ന് പിടിച്ചെടുത്തിട്ട് ഏതാനും ദിവസമേ ആയുള്ളൂ. പാക്കിസ്ഥാനില്‍ നിന്നാണ് ശ്രീലങ്കവഴി കേരളത്തിലേയ്‌ക്ക് ഈ പാത തുറന്നിരിക്കുന്നത് എന്നതും ഗൗരവ വിഷയം തന്നെ.
കെത്രയ ഓപ്പറേഷന്‍
കശ്മീര്‍-കാബൂള്‍-കേരള ഓപ്പറേഷന്‍ അഥവാ കെത്രയ ഓപ്പറേഷന്റെ പിന്നാമ്പുറങ്ങളും നിസാരവത്കരിക്കരുത്. പാക്കിസ്ഥാന്‍ പിന്തുണയോടെയുള്ള കശ്മീര്‍ ഭീകരതയ്‌ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. യാഥാര്‍ത്ഥ്യമെന്താണെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടല്‍ ഫലം കാണുന്നുവെന്നാണിപ്പോള്‍ പുറംലോകമറിയുന്നത്. ദിവസം തോറുമുള്ള മാധ്യമചര്‍ച്ചകളില്‍ കശ്മീരിലെ രക്തച്ചൊരിച്ചിലുകളും ക്രൂരകൊലപാതകങ്ങളും കുറഞ്ഞിട്ടുണ്ടെന്നുള്ളത് ആശ്വാസകരം. പക്ഷേ ചിതറിക്കപ്പെട്ട് കശ്മീരില്‍ നിന്ന് പലായനം ചെയ്ത ജനവിഭാഗങ്ങളുണ്ട്. പ്രത്യേകിച്ച് കാശ്മീരി പണ്ഡിറ്റുകള്‍. ഒരുകാലത്ത് തേനും പാലുമൊഴുകിയ ആപ്പിള്‍ദേശത്ത് ശാന്തിയും സമാധാനവും പകര്‍ന്നേകി ജീവിച്ചവര്‍. ഇവരുടെ ഇടയിലേയ്‌ക്കാണ് ഭീകരപ്രസ്ഥാനങ്ങള്‍ പാക്കിസ്ഥാന്‍ പിന്തുണയോടെ കടന്നുവന്നത്. ഇന്ത്യയുടെ വടക്ക് ശോഭിച്ചുനിന്ന കശ്മീരില്‍ നടമാടിയ ഭീകരതാണ്ഡവം ഇന്നിപ്പോള്‍ തെക്ക,് കേരളത്തെ ലക്ഷ്യം വെക്കുന്നോ? കാശ്മീരില്‍ പണ്ഡിറ്റ് വിഭാഗമെങ്കില്‍ കേരളത്തില്‍ ആര് എന്ന് തിരിച്ചറിയാന്‍ സാക്ഷരരായ മലയാളികള്‍ക്കു കഴിയും. ആഗോള ഭീകരതയുടെ ആത്യന്തിക ലക്ഷ്യം ഒരു മതവിഭാഗത്തെ ഉന്മൂലനം ചെയ്ത് ഭീകരരുടെ ലോകമതം സ്ഥാപിക്കുകയാണ്. കശ്മീരിന്റെ ദുരന്തവും കാബൂള്‍ നല്‍കുന്ന പാഠവും താലിബാനില്‍ മുഴങ്ങിയ മലയാളി ശബ്ദങ്ങളും നല്‍കുന്ന സൂചനകളും അപകടങ്ങളും തിരിച്ചറിഞ്ഞ് സംരക്ഷണ കവചമൊരുക്കുന്നില്ലെങ്കില്‍ കേരളം കാണാനിരിക്കുന്നത് വലിയ വെല്ലുവിളികളായിരിക്കും.
യുവതികളുടെ ലഹരിബന്ധം
ഭീകരപ്രസ്ഥാനങ്ങളിലും ലഹരി സ്വര്‍ണ്ണക്കടത്തുകളിലും യുവതികള്‍ക്കുള്ള പങ്ക് കേരളസമൂഹത്തെ ഞെട്ടിക്കും. ഐസിസ് ഭീകരസംഘത്തിലേക്ക് മതംമാറി ചേക്കേറിയ യുവതികള്‍ക്കു പുറമെ കേരളത്തിലെ ഭീകരപ്രസ്ഥാനങ്ങളുടെ സ്ലീപ്പര്‍ സെല്ലുകളിലെ പല കണ്ണികളും സ്ത്രീകളാണെന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂരില്‍ നടന്ന അറസ്റ്റ് തെളിയിക്കുന്നത്. കൊച്ചിയില്‍ എംഡിഎംഎ ലഹരിയുമായി അറസ്റ്റു ചെയ്യപ്പെട്ടവരിലുമുണ്ട് രണ്ടു സ്ത്രീകള്‍. കണ്ണൂരില്‍ അറസ്റ്റിലായ മിസ സിദ്ദിഖ്, ഷിഫ ഹാരീസ് എന്നീ യുവതികളുടെ ഐഎസ് ബന്ധങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ നിസ്സാരവത്കരിച്ചു. വിവിധ സാമൂഹ്യമാധ്യമങ്ങളിലൂടെ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുക മാത്രമല്ല സ്ത്രീകളിലൂടെയുള്ള സ്ലീപ്പര്‍ സെല്ലുകളും കേരളത്തില്‍ സജീവമാണെന്നു തെളിയിക്കുന്നതാണിവരുടെ അറസ്റ്റ്. ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്നപേരില്‍ 7 പേരടങ്ങുന്ന സംഘം ഭീകരവാദ പ്രചാരണം നടത്തുന്നുവെന്നാണ് എന്‍ഐഎ ആവര്‍ത്തിച്ചു പറയുന്നത്. കേരളത്തിന്റെ സാംസ്‌കാരികത്തനിമയെപ്പോലും ചോദ്യം ചെയ്ത് ലഹരിവിപണിയിലെ ഇടനിലക്കാര്‍ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഒരുക്കുന്ന നിശാപാര്‍ട്ടികളിലെയും റേവ് പാര്‍ട്ടികളിലെയും പെണ്‍സാന്നിധ്യങ്ങളും അപകടകരമായ സൂചനയാണ്.
സ്ത്രീകളും കുട്ടികളുമെവിടെ?
കേരളത്തില്‍ നിന്ന് കാണാതായിട്ടുള്ള സ്ത്രീകളുടെയും കുട്ടികളുടെയും കണക്കുകള്‍ ദേശീയ ക്രൈം ബ്യൂറോയും കേരള പോലീസും ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിരിക്കുന്നത് ശ്രദ്ധിക്കണം: 2016ല്‍ 7435 പേര്‍, 2017ല്‍ 9202, 2018ല്‍ 11536, 2019ല്‍ 12802. ദേശീയ ക്രൈം ബ്യൂറോയുടെ കണക്ക്: കുട്ടികള്‍: 2016ല്‍ 1524, 2017ല്‍ 1568, 2018ല്‍ 1991. സ്ത്രീകള്‍: 2016ല്‍ 4926, 2017ല്‍ 6076, 2018ല്‍ 7839. ഇത് സര്‍ക്കാര്‍ രേഖകളിലെ ഔദ്യോഗിക കണക്കുകളാണ്. യാഥാര്‍ഥ്യം ഇതിന്റെ പതിന്മടങ്ങായിരിക്കും. ഇവരെവിടെപ്പോയി, എങ്ങനെ അപ്രത്യക്ഷരായി? ഉത്തരം വിരല്‍ചൂണ്ടുന്നത് രാജ്യാന്തര ഭീകരവാദ- തീവ്രവാദ സംഘടനകളിലേയ്‌ക്കും മയക്കുമരുന്ന് മാഫിയകളിലേയ്‌ക്കും തന്നയാണ്.
(കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: