അഹമ്മദാബാദ്: ഗുജറാത്തിലെ 17-ാമത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ തിങ്കളാഴ്ച ചുമതലയേറ്റു.
ഗാന്ധിനഗറില്‍ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആചാര്യ ദേവ്രത് സത്യവാചകം ചൊല്ലിക്കോടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, ദര്‍ശന ജാര്‍ദോഷ്, പര്‍ഷോത്തം രുപാല, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെയാണ് ഭൂപേന്ദ്ര പട്ടേലിന്റെ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള വരവ്. പ്രത്യേകിച്ച് ഒരു കാരണവും പറയാതെയാണ് 2016 മുതല്‍ 2021 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി രാജിവെച്ചത്. ഉപമുഖ്യമന്ത്രിയായിരുന്ന നിതിന്‍ പട്ടേല്‍, മന്ത്രി ആര്.സി. ഫാല്‍ദു, ബിജെപി വൈസ് പ്രസിഡന്റ് ഗോര്‍ധന്‍ സഡാഫിയ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പറഞ്ഞുകേട്ടതെങ്കിലും അവസാനം അപ്രതീക്ഷിതമായി ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രി പദത്തില്‍ എത്തുകയായിരുന്നു. പട്ടിദാര്‍ ജാതിയില്‍പ്പെട്ട ഭൂപേന്ദ്ര പട്ടേല്‍ ആദ്യമായാണ് എംഎല്‍എ ആകുന്നത്. ഗട്ട്ലോദിയ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ 1.17 ലക്ഷം വോട്ടുകള്‍ക്കാണ് തോല്പിച്ചത്.
ഇപ്പോള്‍ ഉത്തര്‍പ്രദേശ് ഗവര്‍ണറും മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയുമായ ആനന്ദിബെന്‍ പട്ടേലിന്റെ അടുത്ത അനുയായിയാണ് ഭൂപേന്ദ്ര പട്ടേല്‍. എഞ്ചിനീയറാണ്. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്റെയും അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്റെയും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിക്കസേരയില്‍ നടന്ന മാറ്റിപ്രതിഷ്ഠയെന്നാണ് വിലയിരുത്തല്‍.
മന്ത്രിസഭയില്‍ അഴിച്ചുപണി നടത്താന്‍ അമിത്ഷാ, പ്രള്‍ഹാദ് ജോഷി, ഭൂപേന്ദ്ര യാദവ്, നരേന്ദ്ര സിംഗ് തോമാര്‍, ബിജെപി പ്രസിഡന്റ് സി.ആര്. പാട്ടീല്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗം നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: