ന്യൂദല്‍ഹി: യുഎസ് ഓപ്പണില്‍ മുത്തമിട്ട എമ്മയെ കാത്തിരിക്കുന്നത് ആഘോഷങ്ങളുടെ ദിനങ്ങൾ. നീണ്ട 44 വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിട്ടനിലേക്ക് ഗ്രാന്‍സ്ലാം കിരീടം കൊണ്ടുവന്ന വനിത ടെന്നീസ് താരം എമ്മ റഡു കാനുവിന് ലഭിക്കുക ബ്രിട്ടന്റെ പരമോന്നത ബഹുമതിയായ സിബിഇ (കമാണ്ടര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എമ്പയര്‍). ഈ ബഹുമതി ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകും എമ്മ. എലിസബത്ത് രാജ്ഞിവരെ വ്യക്തിപരമായി അഭിനന്ദിച്ച എമ്മയുടെ ജീവിതം മാറിമറിയുകയാണ് ഈ ഒരൊറ്റ വിജയത്തോടെ.
സിബിഇ ലഭിച്ചില്ലെങ്കില്‍ ഒബിഇ (ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എമ്പയര്‍) എങ്കിലും ലഭിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കൗമാരപ്രായത്തിലുള്ളവര്‍ക്ക് ഈ ബഹുമതി ലഭിക്കുന്നത് വിരളമാണെങ്കിലും എമ്മയുടെ പ്രകടനം മികച്ചതാണ്. മത്സരത്തിലെ വിജയത്തോടെ എമ്മയുടേ വരുമാനം എട്ടിരട്ടിയായി വര്‍ദ്ധിച്ചു. ഓര്‍പിംഗ്ടണിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് എ ലെവല്‍ പൂര്‍ത്തിയാക്കി മാസങ്ങള്‍ക്കകമാണ് എമ്മ യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കുന്നത്. ടൂര്‍ണമെന്റില്‍ പത്ത് മാച്ചുകള്‍ കളിച്ച ഈ ബ്രിട്ടീഷ് ടെന്നീസ് താരം ഒരു സെറ്റ് പോലും തോറ്റില്ലെന്നതും ശ്രദ്ധേയമാണ്.
ബിബിസിയുടെ ഈ വര്‍ഷത്തെ കായികതാരം ബഹുമതിക്കും എമ്മക്ക് സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്. 1.8 മില്യണ്‍ പൗണ്ടാണ് യുഎസ് ഓപ്പണിലെ വിജയം എമ്മയ്‌ക്ക് നേടിക്കൊടുത്ത സമ്മാന തുക. ഇതിനുപുറമേ നിരവധി സ്‌പോണ്‍സര്‍ഷിപുകളും ബ്രാന്‍ഡ് അമ്പാസിഡര്‍ ആകാനുള്ള അവസരങ്ങളും ഈ പതിനെട്ടുകാരിയെ തേടിയെത്തുകയാണ്. മാര്‍ക്കറ്റിംഗ് വിദഗ്ദരുടെ അഭിപ്രായത്തില്‍ ഇപ്പോള്‍ എമ്മയ്‌ക്ക് 150 മില്ല്യണ്‍ പൗണ്ട് വരെ മൂല്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: