കോഴിക്കോട്: കൊല്ലം സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ കോഴിക്കോട് ചേവരമ്പലത്തെ ലോഡ്ജ് പോലീസ് അടച്ചുപൂട്ടി. സംഭവത്തില്‍ ലോഡ്ജ് നടത്തിപ്പുകാര്‍ക്കും പങ്കുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. വിശദമായ അന്വഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് പോലീസ് ലോഡ്ജിലെത്തി പൂട്ടിച്ചത്. കേസില്‍ പിടിയിലായ നാല് പ്രതികളായ അത്തോളി സ്വദേശികളായ നിജാസ്, ഷുഹൈബ്, കോളിയോട്ടുതാഴം കവലയില്‍ മീത്തല്‍ വീട്ടില്‍ കെ.എ. അജ്നാസ്, അത്തോളി ഇടത്തില്‍ താഴം നെടുവില്‍പൊയില്‍ വീട്ടില്‍ എന്‍.പി. ഫഹദ് എന്നിവരെ കോടതി റിമാന്റ് ചെയ്തു.
ചേവായൂര്‍ പൊലീസ്സ്റ്റേഷന് പരിധിയിലെ ചേവരമ്പലത്തെ ഫ്ലാറ്റിലാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. യുവതിക്ക് ഗുരുതര പരിക്കുണ്ട്. ശ്വാസതടസ്സവും ബോധക്ഷയവുമുണ്ടായതോടെ യുവതിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചതോടെയാണ് പീഡനം പുറത്തറിഞ്ഞത്. വെള്ളിയാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത യുവതി നാട്ടിലേക്ക് പോയി. അജ്നാസ് ടിക്ടോക്ക് വഴി പരിചയപ്പെട്ടാണ് യുവതിയെ കോഴിക്കോട്ടെത്തിച്ച് സംഘം ചേര്‍ന്ന് പീഡിപ്പിച്ചത്.
രണ്ടുമാസത്തിനുള്ളില്‍ ചേവായൂര്‍ പോലീസ്സ്റ്റേഷന് പരിധിയില്‍ രണ്ടു പീഡന കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ചേവരമ്പലത്തെ കൂട്ടബലാത്സംഗക്കേസില്‍ 48 മണിക്കൂറില്‍ എല്ലാ പ്രതികളെയും പിടികൂടാന്‍ കഴിഞ്ഞത് പോലീസിന് നേട്ടമാണ്. എന്നാല്‍ കഴിഞ്ഞ ജൂലായില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ രണ്ടാം പ്രതി ഇന്ത്യേഷ് കുമാറിനെ ഇനിയും പിടികൂടാന്‍ പോലീസിന് കഴിയാത്തത് നാണക്കേടായിരിക്കയാണ്. ചേവായൂരില്‍ മാനസികവെല്ലുവിളി നേരിടുന്ന യുവതിയെ നിര്‍ത്തിയിട്ട സ്വകാര്യ ബസിലാണ് പീഡിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: