മൂന്ന് ദേശീയ നേതാക്കളുടെ, ചിന്തകരുടെ ദര്‍ശനങ്ങള്‍ ബിരുദാനന്തര കോഴ്സില്‍ പാഠപുസ്തകമാക്കിയത് കേരളത്തില്‍ വലിയ വിവാദമായിരിക്കുകയാണല്ലോ; കണ്ണൂര്‍ സര്വ്വകലാശാലയിലാണിത്. ഗുരുജി ഗോള്‍വല്‍ക്കര്‍, വീര്‍ സവര്‍ക്കര്‍, ദീനദയാല്‍ ഉപാധ്യായ എന്നിവരാണ് ഈ മഹാന്മാര്. മറ്റനവധി പേരുടേതിനൊപ്പമാണ് ഇവരും പഠിപ്പിക്കപ്പെടുന്നത്. കേരളത്തിലായതിനാല്‍ അത് വാര്‍ത്തയായി, വിവാദമാക്കാന്‍ ശ്രമവും നടന്നു. ഇവിടെ അതാണല്ലോ എന്നും പ്രധാനം. എന്നാല്‍ എന്തുകൊണ്ട് അവരെക്കുറിച്ച് പിജി വിദ്യാര്‍ഥികള്‍ക്ക് ഒരു ധാരണ കൊടുത്തുകൂടാ? എന്താണവരുടെ പ്രാധാന്യം? പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയെയാണ് ഇവിടെ വിലയിരുത്തുന്നത്.
ആരാണ് ദീനദയാല്‍ ഉപാധ്യായ? ഇന്ത്യന്‍ പ്രത്യയശാസ്ത്ര ലോകത്തിന് എന്താണ് അദ്ദേഹത്തിന്റെ സംഭാവന? അദ്ദേഹത്തിന്റെ കളങ്കമില്ലാത്ത യഥാര്‍ഥ മതേതരത്വ -ദേശീയ – വികസന- രാഷ്ട്രീയ – ആഗോള വിഷയങ്ങളിലെ കാഴ്ചപ്പാടുകള്‍… ; ദീനദയാല്‍ജിയുടെ ജീവിതവും ചിന്തകളും മുഴുവന്‍ ഇവിടെ കുറിയ്ക്കാനാവില്ല; പക്ഷെ, അദ്ദേഹത്തെ അറിയാത്ത, അറിയാന്‍ ഇനിയും ശ്രമിച്ചിട്ടില്ലാത്തവര്ക്കായി ചില സൂചനകള്‍. ചിലര്‍ ഇപ്പോള്‍ പറഞ്ഞുനടക്കുന്നത് പോലെ അത്രയേറെ അകറ്റി നിര്‍ത്തേണ്ട ഒരാളാണോ എന്ന് വിലയിരുത്താന്‍ വേണ്ടിമാത്രം.
സമര്‍പ്പിത ജീവിതം
ആഗ്രയില്‍ നിന്ന് എംഎ പാസ്സായ ശേഷം ജീവിതം രാഷ്ട്രത്തിനായി സമര്‍പ്പിക്കാന്‍ തീരുമാനിച്ച വ്യക്തി. കുടുംബത്തില്‍ വിഷമങ്ങളും പ്രയാസങ്ങളുമുണ്ട്. അവര്‍ ഏറെ പ്രതീക്ഷിച്ചിരുന്ന വ്യക്തിയാണ്. എങ്കിലും രാഷ്ട്രത്തിനായി എന്തെങ്കിലും ചെയ്യണം എന്ന് തീരുമാനിച്ചു; ആര്‍എസ്എസ് പ്രചാരകനാവുന്നു. 1942 -ലാണിത്. ആര്‍എസ്എസിന്റെ പ്രചാരകനാവുക എന്നാല്‍ സര്‍വസ്വവും ത്യജിച്ചുകൊണ്ട് പൊതുപ്രവര്‍ത്തനത്തിന് തയ്യാറാവുക എന്നതാണല്ലോ. ഒരര്‍ഥത്തില്‍ സംന്യാസം തന്നെ. അങ്ങനെ സമാജ സേവനത്തിനായി ഇറങ്ങിത്തിരിച്ചു.
1951 -ല്‍ ഒരു പുതിയ രാഷ്ട്രീയ കക്ഷി തുടങ്ങാനായി ഉപദേശവും സഹായവും അഭ്യര്‍ത്ഥിച്ച് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ആര്‍എസ്എസ് സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറെ സന്ദര്‍ശിച്ചു. അന്ന് ആര്‍എസ്എസ് നിലപാട് വ്യക്തമാക്കി; ‘ തങ്ങള്‍ക്ക് രാഷ്ട്രീയമില്ല. എന്നാല്‍ മുഖര്‍ജി മുന്നോട്ട് പൊയ്ക്കൊള്ളൂ; കഴിയാവുന്ന സഹായങ്ങള്‍ ചെയ്യാം…’. അന്ന് ഗുരുജി ചില പ്രചാരകന്മാരുടെ സേവനം മുഖര്‍ജിക്ക് നല്കി. അതിലൊരാള്‍ ദീനദയാല്‍ ഉപാധ്യായ ആയിരുന്നു. എ.ബി. വാജ്പേയി, നാനാജി ദേശ്മുഖ്. എല്‍.കെ. അദ്വാനി, സുന്ദര്‍സിംഗ് ഭണ്ഡാരി, ജഗന്നാഥ റാവു ജോഷി, രാം ഭാവു ഗോഡ്ബോലെ എന്നിവരും ഒപ്പമുണ്ടായിരുന്നു. അവരൊക്കെ ഏത് നിലയിലെത്തി എന്നത് ഇവിടെ വിശദീകരിക്കേണ്ടതില്ല.
എന്നും ലളിതമായ ജീവിത ശൈലി. ദീനദയാല്‍ജിയെ പരിചയമുള്ളവര്‍ പറയാറുണ്ട്, കയ്യില്‍ രണ്ടു ബാഗുണ്ടാവും; ഒന്ന് ചെറുത്, മറ്റൊന്ന് വലുതും. ചെറുതില്‍ രണ്ടോ മൂന്നോ സെറ്റ് വസ്ത്രങ്ങള്‍; മറ്റേത് നിറയെ പുസ്തകങ്ങള്‍, കടലാസുകള്‍. പകല്‍ മുഴുവന്‍ സംഘടനാ പ്രവര്‍ത്തനം; രാത്രിയില്‍ തീവണ്ടിയാത്രയും. യാത്ര സാധാരണ കമ്പാര്‍ട്ട്മെന്റിലും. ആ യാത്രയില്‍ അനവധിപേരുമായി പരിചയപ്പെടാനും സംവദിക്കാനും എഴുതാനും
കഴിയുമെന്നതാണ് അദ്ദേഹം കണ്ട ഗുണം. ഉന്നത ചിന്തയും ലളിതമായ ജീവിത ശൈലിയും. ‘ജീവിതത്തില്‍ നമ്മള് അനവധി വ്യക്തികളെ പരിചയപ്പെടും; ചിലര്‍ നല്ലവരാവും ചിലര്‍ മഹാന്മാരാവും; എന്നാല്‍ മഹാന്മാരും നല്ലവരുമായവര് കുറവാകും’ എന്ന് സാധാരണ പറയാറുണ്ട്; രണ്ടും ചേര്‍ന്ന ചുരുക്കം ചിലരില്‍ ഒരാളായിരുന്നു ദീനദയാല്‍ജി. 1958 ല്‍ അദ്ദേഹം ജനസംഘത്തിന്റെ ജനറല്‍ സെക്രട്ടറിയായി; 1967 ല്‍ ദേശീയ അധ്യക്ഷനും.
വേണമെങ്കില്‍ അദ്ദേഹത്തിന് നേരത്തെ ആ പരമോന്നത പദവിയിലേക്ക് എത്താമായിരുന്നു. പക്ഷെ, മറ്റുള്ളവരെ നേതാവാക്കാനും പിന്നില്‍ നിന്ന് പ്രവര്‍ത്തിക്കാനുമാണ് അദ്ദേഹം തീരുമാനിച്ചത്.
1967-ല്‍ കോഴിക്കോട് നടന്ന ദേശീയ സമ്മേളനത്തിലാണ് ദീനദയാല്‍ ഉപാധ്യായ ദേശീയ അധ്യക്ഷനാവുന്നത്. അതുകഴിഞ്ഞ് ഏതാനും മാസമേ അദ്ദേഹം നമ്മോടൊപ്പമുണ്ടായിരുന്നുള്ളൂ. ലക്നൗവില്‍ നിന്ന് പാട്നയ്ക്കുള്ള തീവണ്ടിയാത്രക്കിടെ മുഗള്‍ സരായ് റെയില്‍വേ സ്റ്റേഷന് സമീപം റെയില്‍വേ ട്രാക്കില്‍ ആ മൃതദേഹം കിടക്കുന്നതാണ് കണ്ടത്. 1968 ഫെബ്രുവരി 11 ന്. പ്രസ്ഥാനത്തിന് താങ്ങാനാവുന്നതിനപ്പുറമായിരുന്നു ആ വിടവാങ്ങല്‍. നേരത്തെ ശ്യാമപ്രസാദ് മുഖര്‍ജി ശ്രീനഗറിലെ ജുഡീഷ്യല്‍ കസ്റ്റഡിക്കിടെ കൊല്ലപ്പെടുകയായിരുന്നുവല്ലോ?
ആ മരണങ്ങളിലെ ദുരൂഹത ഇന്നും നിലനില്ക്കുന്നു. ദീനദയാല്‍ജിയുടെ മരണം സംബന്ധിച്ച് ജസ്റ്റിസ് വൈ. വി. ചന്ദ്രചൂഡ് അന്വേഷിച്ചുവെങ്കിലും ‘യാതൊന്നുമില്ല’ എന്ന വിലയിരുത്തലില്‍ എത്തിച്ചേരുകയായിരുന്നു. ഒരു ദേശീയ പ്രതിപക്ഷ കക്ഷിയുടെ അധ്യക്ഷന്‍ റയില്‍വേ ട്രാക്കില്‍ മരിച്ചു കിടക്കുന്നതില്‍ ദുരൂഹതയില്ല എന്ന്. ചന്ദ്രചൂഡ് പിന്നീട് ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി. അദ്ദേഹത്തിന്റെ പുത്രന് ഇപ്പോള്‍ സുപ്രീം കോടതി ജഡ്ജിയുമാണ്.
കമ്മ്യൂണിസ്റ്റ് സഹകരണം;അറബ് വിരോധമില്ല
രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ പാടില്ലെന്ന നിലപാടെടുത്ത നേതാവായിരുന്നു ദീനദയാല്‍ജി. അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാം, എന്നാല്‍ അതുകൊണ്ട് മാറ്റിനിര്‍ത്തുന്ന രീതി കക്ഷികള്‍ക്കിടയില്‍ പാടില്ല എന്നദ്ദേഹം തുറന്നുപറഞ്ഞു. 1967 ല്‍ പഞ്ചാബ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ സംയുക്ത വിധായക് ദള്‍ സര്‍ക്കാര്‍ രൂപീകരണത്തെച്ചൊല്ലി ജനസംഘത്തില്‍ ചില വാഗ്വാദങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി എങ്ങനെയാണ് ജനസംഘം സഹകരിക്കുക, അധികാരം പങ്കിടുക എന്നതൊക്കെ. അന്ന് പഞ്ചാബിലും ബീഹാറിലും ജനസംഘത്തിന്റെ സഖ്യകക്ഷി ആയിരുന്നു സിപിഐ. അതിനെക്കുറിച്ചു ചര്‍ച്ച വന്നപ്പോഴാണ് നിലപാട് വ്യക്തമാക്കിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ഭിന്നതകള്‍ പലതുമുണ്ടാവാം.
എന്നാല്‍ ഒരു നിശ്ചിത പരിപാടി അംഗീകരിച്ചുകൊണ്ട് ഒരു സര്‍ക്കാരില്‍ പങ്കാളികളാവുന്നതില്‍ തെറ്റില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെയും ജനസംഘത്തിന്റെയും നിലപാട്. 1977 -ല്‍ ജനത പാര്‍ട്ടി കാലഘട്ടത്തിലും പിന്നീട് 1989 ല്‍ വിപി സിങ് സര്‍ക്കാരിനുള്ള പിന്തുണയുടെ കാര്യത്തിലും അതെ നിലപാടുകള്‍ പ്രാവര്‍ത്തികമായിട്ടുമുണ്ട്. വി.പി. സിങ് സര്‍ക്കാരിനെ ബിജെപിയും സിപിഎമ്മും പുറമെനിന്ന് പിന്താങ്ങുകയായിരുന്നല്ലോ. ഇവിടെ നാം ശ്രദ്ധിക്കേണ്ടത്, കമ്മ്യുണിസ്റ്റുകളുമായി കൂട്ടുചേരുന്നതില്‍ തെറ്റില്ലെന്ന് പരസ്യമായി പറഞ്ഞ, കമ്മ്യൂണിസ്റ്റുകള്‍ ഒരുകാലത്ത് കൂടെ ചേര്‍ത്തു നിര്‍ത്തിയ നേതാവിനെയാണ് ഇന്ന് എതിര്‍ക്കുന്നത് എന്നതാണ്.
ദീനദയാല്‍ജിയുടെ ഒരു പ്രധാന സംഭാവന, രാജ്യത്ത് വേണ്ടത്ര ചര്‍ച്ചചെയ്യപ്പെടാതെ പോയിട്ടുണ്ട്. അത് ഇന്തോ -പാക് കോണ്‍ഫെഡറേഷന്‍ എന്ന നിര്‍ദേശമാണ്. 1964 ഏപ്രില്‍ 12 നാണ് ആ നിര്‍ദേശം ദീനദയാല്‍ജിയും സോഷ്യലിസ്റ്റ് നേതാവ് റാം മനോഹര്‍ ലോഹ്യയും മുന്നോട്ട് വെച്ചത്. 1962 ലെ ചൈനീസ് യുദ്ധാനന്തരം ലോഹ്യയും ദീനദയാലും രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആഴത്തില്‍ ചിന്തിച്ചു. ഇന്ത്യയും പാക്കിസ്ഥാനും ഇനി ഒന്നാവും എന്ന് കരുതിക്കൂടാ; എന്നാല്‍ രണ്ടു രാജ്യങ്ങള്‍ക്കും ഒരു കോണ്‍ഫെഡറേഷന്‍ ആയിക്കൂടേ എന്നതായിരുന്നു ചിന്ത. പരസ്പരമുള്ള പ്രശ്നങ്ങള്‍ ഗൗരവതരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കണം. പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ മറ്റു മതന്യൂനപക്ഷങ്ങള്‍ എന്നിവരുടെ സംരക്ഷണം ഉറപ്പാക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ലോഹ്യക്കും ദീനദയാലിനും ഒരേ നിലപാടായിരുന്നു.
അറബ് -ഇസ്രായേല്‍ യുദ്ധവേളകളില്‍ അദ്ദേഹം സ്വീകരിച്ച നിലപാടാണ് മറ്റൊന്ന്. സ്വാഭാവികമായും അന്ന് ജനസംഘക്കാരുടെ മനസ്സ് പൊതുവെ ഇസ്രയേലിനൊപ്പമായിരുന്നു. എന്നാല്‍ അതല്ല ശരി എന്ന് തുറന്നുപറയാനും പാര്‍ട്ടി നേതാക്കളെ വരെ തിരുത്താനും
അദ്ദേഹം തയ്യാറായിരുന്നു. അക്കാലത്തൊക്കെ കോണ്‍ഗ്രസ് ഏകപക്ഷീയമായി അറബ് പക്ഷത്താണ് നിലകൊണ്ടിരുന്നത് എന്നതോര്‍ക്കുക. കോണ്‍ഗ്രസ് അങ്ങനെയൊരു നിലപാടെടുക്കുന്നു എന്നത് കൊണ്ട് നാം കണ്ണടച്ച് അറബ് വിരുദ്ധ പക്ഷത്ത് അണിനിരന്നുകൂടാ; ഇസ്രയേലിനെ കണ്ണടച്ച് പിന്തുണച്ചുകൂടാ എന്ന് തുറന്നു പറഞ്ഞു. കമ്യൂണിസ്റ്റ് വിരോധമില്ല, അതേസമയം മുസ്ലിം രാജ്യങ്ങളോട് അന്ധമായ എതിര്‍പ്പുമില്ല എന്ന് തുറന്നുപറഞ്ഞ നേതാവുകൂടിയാണ് ദീനദയാല്‍ജി.
ഏകാത്മ മാനവ ദര്‍ശനം
മുതലാളിത്തവും കമ്മ്യൂണിസവും ആണ് ലോകക്രമത്തിനുള്ള മാര്‍ഗരേഖകള്‍ എന്ന സ്ഥിതി നിലനില്‍ക്കുമ്പോഴാണ് ഒരു ദേശീയ ബദല്‍ എന്ന ചിന്തയുമായി ദീനദയാല്‍ജി വരുന്നത്. ജനസംഘത്തിന് അതിന്റെതായ ഒരു ദിശാബോധം നല്കല് മാത്രമല്ല ഇന്ത്യക്കായി സ്വദേശീയമായ ഒരു പുതിയ വീക്ഷണ ഗതി സംഭാവന ചെയ്യുക കൂടിയാണ് അദ്ദേഹം ചെയ്തത്. കമ്മ്യൂണിസത്തിനും മുതലാളിത്തത്തിനും ആയുസ്സില്ല എന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ശരിവെക്കപ്പെടുന്നത് ഇതിനകം നാം കണ്ടുവല്ലോ. സംഘര്ഷത്തിന്റെതല്ല സമന്വയത്തിന്റേതാണ് ഒരു രാജ്യത്തിനുവേണ്ട കാഴ്ചപ്പാട് എന്നതായിരുന്നു അത്.
യുഎസിലും മറ്റും മുതലാളിത്ത വ്യവസ്ഥിതി പാളം തെറ്റിക്കഴിഞ്ഞു; കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ ഒന്നൊന്നായി നിലം പരിശായി, സോവിയറ്റ് യൂണിയനടക്കം. ചൈനയാവട്ടെ അമേരിക്കയിലെയടക്കം കുത്തക വ്യവസായികളുടെ പിന്നാലെയാണ്. ദീനദയാല്‍ജിയുടെ സാമ്പത്തിക ക്രമവും ചിന്തയും എത്രത്തോളം വസ്തുനിഷ്ഠമായിരുന്നു എന്നതല്ലേ അത് കാണിക്കുന്നത്.
1965 -ലാണ് ‘ഏകാത്മ മാനവ ദര്‍ശനം’ അന്തിമമായി ജനസംഘം അംഗീകരിച്ചത്. 2014 -ലും 2019- ലും ബിജെപിയെ വലിയ ഭൂരിപക്ഷത്തോടെ രാജ്യം വിജയിപ്പിച്ചത് ആ ദര്‍ശനത്തിനുള്ള അംഗീകാരം കൂടിയാണല്ലോ. ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അടിസ്ഥാന പ്രമാണം, രാജ്യത്തെ സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നയപരിപാടി, ഒരു സര്‍വകലാശാല പാഠ്യവിഷമാക്കിയത് പാതകമാവുന്നതെങ്ങിനെ. യഥാര്‍ഥത്തില്‍ യുവതലമുറ അറിയേണ്ടതല്ലേ അതൊക്കെ; അതിവിടെ പഠിപ്പിക്കേണ്ടതല്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: