കോട്ടയം: അദാലത്തില്‍ പങ്കെടുക്കാന്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നൂറുകണക്കിനാളുകള്‍ കോടതി വരാന്തയില്‍ തിങ്ങിക്കൂടി. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും ഗതാഗത നിയമലംഘനങ്ങള്‍ നടത്തിയതിന്റെ പേരിലും എടുത്ത കേസുകളുടെ പിഴ അടച്ച് ഒറ്റത്തവണ തീര്‍പ്പാക്കലിന്റെ ഭാഗമായി നടത്തിയ അദാലത്തിലാണ് ജനക്കൂട്ടം.
ഇതിന്റെ ഭാഗമായിട്ടാണ് നൂറു കണക്കിനാളുകള്‍ കോടതി വരാന്തയില്‍ ഒത്തുകൂടിയത്. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിന്റെ മുമ്പിലും വരാന്തയിലും ഇടനാഴിയിലുമായിട്ടാണ് നൂറു കണക്കിനാളുകള്‍ തിങ്ങിക്കൂടിയത്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. വഴിയരികില്‍ അഞ്ചുപേരില്‍ കൂടുതല്‍ ഒന്നിച്ചു നിന്നാലോ, വെള്ളം കുടിക്കുവാന്‍ മാസ്ക് താഴ്ത്തിയാലോ അത്തരക്കാരെ പിടികൂടി കേസെടുക്കുന്ന പോലീസ്, കോടതി വരാന്തയില്‍ നൂറുകണക്കിനാളുകള്‍ ഒന്നിച്ചു കൂടിയിട്ടും നടപടി എടുക്കാതെ കാഴ്ചക്കാരായി നിന്നു.
കോടതി ജീവനക്കാരാണ് ഇങ്ങനെ ആളുകള്‍ ഒന്നുകൂടാന്‍ വഴിയൊരുക്കിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അദാലത്തില്‍ പങ്കെടുക്കുവാന്‍ സമയം ക്രമീകരിച്ച് കക്ഷികളെ അറിയിച്ചിരുന്നുവെങ്കില്‍ കോടതി വരാന്തയില്‍ ആളുകള്‍ കൂടിച്ചേരുന്നത് ഒഴിവാക്കാമായിരുന്നു എന്ന അഭിപ്രായമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: