കാബൂള്‍: മുന്‍ അഫ്ഗാന് വൈസ് പ്രസിഡന്റും പഞ്ച്ശീറില്‍ താലിബാനെതിരെ അഫ്ഗാനികളുടെ പോരാട്ടത്തിന് നേതൃത്വം നല്‍കുകയും ചെയ്യുന്ന അംറുള്ള സാലേയുടെ സഹോദരനെ താലിബാന് തീവ്രവാദികള്‍ വധിച്ചു.
വ്യാഴാഴ്ച രാത്രി പഞ്ച്ശീര്‍ താഴ് വരയില്‍ നടന്ന ഏറ്റുമുട്ടലിനിടയില്‍ റോഹുള്ള സാലേയെ താലിബാന് തിരിച്ചറിയുകയായിരുന്നു. എന്നാല്‍ റോഹുള്ള സാലേയുടെ മൃതശരീരം അടക്കാന്‍ ബന്ധുക്കളെ താലിബാന് സമ്മതിച്ചില്ല. റോഹുള്ള സാലേയുടെ മൃതശരീരം അവിടെക്കിടന്ന് അഴുകിപ്പോകട്ടെ എന്ന് താലിബാന് തീവ്രവാദികള്‍ പറയുന്നത് കേട്ടതായി റോബുല്ല സാലേയുടെ മരുമകന് എബദുല്ല പറഞ്ഞു.
‘ഇന്നലെ അദ്ദേഹത്തെ അവര്‍ കൊന്നു. ഈ മൃതശരീരം സംസ്കാരിക്കാന്‍ അവര്‍ ഞങ്ങളെ അനുവദിച്ചില്ല. മൃതശരീരം അവിടെക്കിടന്ന് അഴുകിപ്പോകട്ടെ എന്ന് അവര്‍ തുടര്‍ച്ചയായി പറയുന്നത് കേട്ടു,’ എബദുള്ള പറഞ്ഞു. ഇതോടെ അംറുല്ല സാലേയ്ക്ക് താലിബാനില്‍ നിന്നും കിട്ടുന്ന രണ്ടാമത്തെ വലിയ തിരിച്ചടിയാണിത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അംറുല്ല സാലേയുടെ സഹോദരിയെയും താലിബാന് തീവ്രവാദികള്‍ പീഢിപ്പിച്ച് കൊന്നിരുന്നു. ഇതോടെയാണ് അംറുല്ല സാലേ ജീവിതം താലിബാന് വിരുദ്ധപ്പോരാട്ടത്തിന് സമര്‍പ്പിച്ചത്.
പഞ്ച്ശീര്‍ താഴ് വര സമ്പൂര്‍ണ്ണമായി കീഴടക്കിയതായി താലിബാന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ദേശീയ പ്രതിരോധ മുന്നണി (എന്‍ആര്‍എഫ്) ഈ അവകാശവാദം തള്ളിക്കളഞ്ഞു. ഇപ്പോഴും പഞ്ച് ശീര് പ്രവിശ്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ തങ്ങളുടെ അധീനതയിലാണെന്നും താലിബാന് വിരുദ്ധ മുന്നണി അവകാശപ്പെടുന്നു.
താലിബാന് വിരുദ്ധപ്പോരാട്ടത്തിന് നേതൃത്വം നല്കുന്ന അഹമ്മദ് മസൂദും അംറുല്ല സാലേയും പഞ്ച് ശീര് വിട്ട് ഓടിപ്പോയെന്നും താജികിസ്ഥാനില്‍ അഭയം തേടിയെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഈ വാര്‍ത്ത താജികിസ്ഥാനിലെ അംബാസഡര്‍ നിഷേധിച്ചു. ഇവരുടെ നേതൃത്വത്തില്‍ ഇപ്പോഴും അഫ്ഗാന് സേന താലിബാനെതിരെ പൊരുതുകയാണെന്നും അംബാസഡര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: