അമ്പലപ്പുഴ: ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ച കേസില്‍ പ്രതിയായ പഞ്ചായത്തംഗത്തെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പരാതിക്കാരിയായ പട്ടികജാതി യുവതി അമ്പലപ്പുഴ പോലീസ് സ്റ്റേഷന് മുന്നില്‍ നില്പ്പു സമരം സംഘടിപ്പിച്ചു. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് ആമയിട സ്വദേശിനി രമണിയാണ് സമരം നടത്തിയത്. തെക്ക് ഗ്രാമ പഞ്ചായത്തംഗം അജീഷിനെതിരെ യുവതി ജൂലൈ 29 ന് അമ്പലപ്പുഴ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
തന്നെ ജാതീയമായി അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്നു കാട്ടിയാണ് പരാതി നല്‍കിയത്. എന്നാല്‍ അമ്പലപ്പുഴ പോലീസ് കേസെടുക്കാത്തതിനാല്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കിയ ശേഷമാണ് കേസെടുത്തത്.ഇതിനിടയില്‍ പഞ്ചായത്തംഗം നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളിയിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് താന്‍ സ്റ്റേഷന് മുന്നില്‍ നില്‍പ്പ് സമരം നടത്തിയതെന്ന് യുവതി പറഞ്ഞു. .
അതിനിടെ യുവതി അമ്പലപ്പുഴ ഇന്‍സ്പെക്ടര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കാന്‍ പാടില്ലെന്നും പരാതിയുണ്ടങ്കില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കിയാല് മതിയെന്നും ആക്രോശിച്ചാണ് യുവതിയെ ഭീഷണിപ്പെടുത്തിയത്.എന്നാല്‍ തനിക്ക് നീതി നിക്ഷേധിച്ചത് അമ്പലപ്പുഴ പോലീസാണന്നും പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ല എന്നും വാദിച്ച് യുവതി ഉറച്ചു നിന്നതോടെ സിഐ പിന്മാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: