ഡോ. അബ്ദുള്‍ ഗഫൂര്‍
ഇന്ഫെക്ഷന് കണ്‍സള്‍ട്ടന്റ്,
അപ്പോളോ ആശുപത്രി, ചെന്നൈ
ദേശീയതലത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു തന്ത്രമാണ് കേരളം തുടക്കത്തില്‍ തന്നെ കോവിഡ് നിയന്ത്രണത്തിനായി സ്വീകരിച്ചിരുന്നത്. താങ്ങാന്‍ കഴിയുന്നവിധത്തില്‍ കൊവിഡ് കേസുകളുടെ എണ്ണം കുറച്ച് കൊണ്ടു വരികയെന്നതായിരുന്നു എന്നതായിരുന്നു ദേശീയതലത്തിലെ തന്ത്രം. പക്ഷേ കേരളത്തില്‍ അവലംബിച്ചത് നിപ രോഗത്തെ പ്രതിരോധിക്കാനാനെടുത്ത നടപടികളായിരുന്നു. ആദ്യവ്യാപനത്തിന്റെ തുടക്കത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍,പോലീസ്, പൊതു ജനങ്ങള്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിലൂടെ, രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിക്കാതെ പിടിച്ചുകെട്ടാനായി. സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും രാപകലില്ലാതെ പ്രവര്‍ത്തിച്ചു.
മികച്ച ചികിത്സ സംവിധാനങ്ങളുളള കേരളത്തില്‍ കൊവിഡ് കേസുകള്‍ നാമമാത്രമായിരുന്നു. ദേശീയ തലത്തില്‍ ആയിരവും രണ്ടായിരവുമായി രോഗബാധിതരുടെ എണ്ണം വര്‍ധിച്ചപ്പോള്‍ കേരളത്തില്‍ ഒന്നോ രണ്ടോ പേര്‍ക്കായിരുന്നു തുടക്കത്തില്‍ കൊവിഡ് ബാധിച്ചിരുന്നത്. ചില ദിവസങ്ങളില്‍ ആര്‍ക്കും രോഗം പിടിപ്പെട്ടിരുന്നില്ല. കഴിഞ്ഞ വര്‍ഷം ജൂലായ്, ഓഗസ്റ്റ് സെപ്റ്റംബര്‍ മാസത്തോടെ രാജ്യത്ത് ബാധിതരുടെ എണ്ണം കുത്തനെ കുതിച്ചപ്പോള്‍, കേരളത്തില്‍ ദേശീയ ശരാശരിയെക്കാള്‍ വളരെ കുറഞ്ഞ തോ്തിലാണ് രോഗം വ്യാപിച്ചിരുന്നത്.
ആദ്യ വ്യാപനത്തില്‍ ദേശീയതലത്തില്‍ സെപ്റ്റംബര്‍ മാസത്തിലാണ് രാജ്യത്തില്‍ ഏറ്റവും കൂടുതല്‍ ബാധിതര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഒക്ടോബറോടെ മറ്റ് സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം കുറഞ്ഞു തുടങ്ങി. എന്നാല്‍ കേരളത്തില്‍ സ്ഥിതി മറിച്ചായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരും മറ്റു വകുപ്പുകളുടെ ജീവനക്കാരും ചേര്‍ന്നുളള ഒത്തൊരുമിച്ചുളള പ്രവര്‍ത്തനം മന്ദീഭവിച്ചു..ഇതിനു പ്രധാന കാരണം കോവിഡ് നിയന്ത്രണത്തിനായി സംസ്ഥാനം സ്വീകരിച്ച സംവിധാനത്തിലെ പിഴവായിരുന്നു. കേരളം പോലുളള സംസ്ഥാനത്തിന് വിശ്രമമില്ലാത്ത പോരാട്ടം വളരെക്കാലം മുന്നോട്ട് കൊണ്ടു പോകാനാകില്ലെന്ന് നാം മൂന്‍കൂട്ടി കാണണമായിരുന്നു. നവംബറിലും ഡിസംബറിലും കേരളത്തില്‍ കോവിഡ് വ്യാപനം തുടര്‍ന്നു.
ജനുവരിയിലും ഫെബ്രുവരിയിലും കൊവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് നാമമാത്രമായിരുന്നു. ഫെബ്രുവരി അവസാനത്തോടെ രാജ്യത്താകമാനം രണ്ടാം വ്യാപനം ശക്തമായപ്പോള്‍ കേരളത്തില്‍ ആദ്യ വ്യാപനത്തിലെ കേസുകള്‍ കാര്യമായി കുറഞ്ഞിരുന്നില്ല. ആദ്യ വ്യാപനം അവസാനിക്കുന്നതിന് മുമ്പ് തന്നെ രണ്ടാം വ്യാപനവും തുടങ്ങി.
ദേശീയ തലത്തിലെ തന്ത്രങ്ങളോടും നിയന്ത്രണങ്ങളോടുമൊപ്പം കേരളവും ചേര്‍ന്ന് പോയിരുന്നെങ്കില്‍ സെപ്റ്റംബറില്‍ രോഗികളുടെ എണ്ണം കൂടിയ നിലയിലെത്തുകയും നവംബറില്‍ കുറയുകയും ചെയ്യുമായിരുന്നു. തമിഴ്നാട് അടക്കമുളള സംസ്ഥാനങ്ങള്‍ ദേശീയതലത്തിലെടുക്കുന്ന തീരുമാനങ്ങളോട് യോജിച്ച് പോകുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ രോഗികളുടെ എണ്ണം അന്നുളളതിനേക്കാള്‍ കൂടിയാല്‍ പോലും അവരെ ചികിത്സിക്കാനുളള ഡോക്ടര്‍മാരും നഴ്സുമാരും സംവിധാനവും കേരളത്തിനുണ്ട്. മരണനിരക്ക് ക്രമാതീതമായി വര്‍ധിക്കാതെ പിടിച്ച് നിര്‍ത്താനുളള മികച്ച ചികിത്സ സൗകര്യങ്ങളും കേരളത്തിനുണ്ട്. മികച്ച ആരോഗ്യ സംവിധാനമാണ് നമ്മുടെ ശക്തി.ആ ശക്തി മനസിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.
സാമ്പത്തിക മേഖലയിലെ ആഘാതം
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായ കോവിഡ് പ്രതിരോധം മൂലം കേരളത്തില്‍ കൊവിഡ് വ്യാപനം ഒന്നര വര്‍ഷമായി കുറയാതെ നിലകൊളളുകയാണ്. ഇതു കാരണം മറ്റു സംസ്ഥാനങ്ങളിലേതിക്കാള്‍ കൂടുതല്‍ കാലം വ്യാപാരമേഖല നമുക്ക് അടച്ചിടേണ്ടി വന്നിരിക്കയാണ്. കൊവിഡ് മൂലമുളള സാമ്പത്തിക ആഘാതം മറ്റു സംസ്ഥാനങ്ങളെക്കാള്‍ കൂടുതല്‍ ബാധിക്കുന്നത് കേരളത്തെയായിരിക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ വ്യവസായ സ്ഥാപനങ്ങളില്ല. കേരളത്തിന്റെ വരുമാനമാര്‍ഗം പ്രവാസികളില്‍ നിന്നും വിനോദസഞ്ചാരമേഖലയില്‍ നിന്നുമാണ്. കോവിഡ് വ്യാപനം തുടര്‍ക്കഥയായപ്പോള്‍ വിനോദസഞ്ചാരമേഖല സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കാനായില്ല. അതേ സമയം ഇതര സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെ വ്യവസായ സ്ഥാപനങ്ങളും മറ്റു സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിച്ചു. കോവിഡ് മൂലമുളള സാമ്പത്തികാഘാതത്തില്‍ നിന്ന് മറ്റു സംസ്ഥാനങ്ങള്‍ 2024-2025 സാമ്പത്തിക വര്‍ഷത്തോടെ കരകയറാന്‍ സാധിക്കുകമായിരുമെങ്കില്‍, കേരളത്തിന് ഇത് പത്ത് വര്‍ഷമെങ്കിലുമെടുക്കും. കേരളത്തിന്റെ ലക്ഷ്യം ‘സേവ് ലൈഫ്’ (ജീവന് രക്ഷിക്കുക) എന്നതാണ്. ഇതോടപ്പം സേവ് ലൈവ്ലിഹുഡ് (ഉപജീവനം സാധ്യമാക്കുക)എന്നതു കൂടിയാകണം. ആരോഗ്യ വിദഗ്ധരും സാമ്പത്തിക വിദഗ്ധരും എല്ലാ രാഷ്ട്രിയ കക്ഷികളുടെ പ്രതിനിധികളും ഉള്‍പ്പെടുന്ന ഒരു കമ്മിറ്റിയായിരിക്കണം കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും എടുക്കേണ്ടത്. ആ തീരുമാനം കൂട്ടായി നടപ്പിലാക്കുന്നതായിരിക്കണം സര്‍ക്കാരിന്റെ ഉത്തരവാദിത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: