വാഷിങ്ടണ്‍ നഗരം സ്മാരകങ്ങളുടെ കേന്ദ്രം കൂടിയാണ്. സ്മാരക സമുച്ചയങ്ങള്‍ തന്നെയുള്ള നാഷണല്‍ മാളിലെ വേറിട്ടൊരു സ്മാരകമാണ് ലിങ്കണ് സൗധം. ഇന്നു കാണുന്ന അമേരിക്കയ്ക്ക് ബീജാപാപം ചെയ്ത 16ാമത് പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ സ്മരണ തുടിക്കുന്ന സ്ഥലം. കണ്ടു മടുത്ത അമേരിക്കന്‍ വാസ്തു രീതിയില്‍ നിന്ന് വ്യത്യസ്തം. ഗ്രീക്ക് ക്ഷേത്രമാതൃകയിലുള്ള മനോഹര സൗധം. 204 അടി നീളത്തില്‍ 134 അടി വീതിയില്‍ 99 അടി ഉയരത്തില്‍ പ്രഭചൊരിയുന്ന സ്മാരകം. പുറം ഭിത്തിയില്‍ കൊളോറാഡോയില്‍ നിന്നുള്ള മാര്‍ബിളുകള്‍. അകം ഭിത്തിയില്‍ ഇന്ത്യാനയിലെ ചെങ്കല്ലുകള്‍. തറയില്‍ ടെന്നിസിയിലെ മാര്‍ബിളും സീലിങ്ങില്‍ അലബാമയിലെ മാര്‍ബിളും ജോര്‍ജിയ മാര്‍ബിളില്‍ തീര്‍ത്ത 19 അടി ലിങ്കന്റെ വെങ്കല പ്രതിമയും. പ്രത്യേക രീതിയിലുള്ള പ്രകാശ സംവിധാനവും. ലിങ്കന് സൗധത്തിലെ കാഴ്ചകള്‍ അടിമത്തത്തിന്റേയും ആഭ്യന്തരയുദ്ധത്തിന്റേയും ചരിത്രത്തിലേക്ക് കൂട്ടികൊണ്ടു പോകും.
1861നും 1865നും ഇടയ്ക്ക് നടന്ന അഭ്യന്തരയുദ്ധമാണ് അമേരിക്കന്‍ അഭ്യന്തരയുദ്ധം .അടിമത്തത്തിന്റെ പേരിലുണ്ടായ ഏറ്റുമുട്ടല്‍. പതിനൊന്ന് തെക്കന്‍ അടിമത്ത സംസ്ഥാനങ്ങള്‍ യു.എസില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് അമേരിക്കന്‍ കോണ്‍ഫെഡറേറ്റ് സംസ്ഥാനങ്ങള്‍ (ദി കോണ്‍ഫെഡറസി) രൂപവത്കരിച്ചു. ഇവ യു.എസ്. ഫെഡറല്‍ സര്‍ക്കാരുമായി (‘യൂണിയന്’) പോരാടി. യൂണിയന് സര്‍ക്കാരിന് എല്ലാ സ്വതന്ത്ര സംസ്ഥാനങ്ങളുടെയും അഞ്ചു അതിര്‍ത്തി അടിമത്ത സംസ്ഥാനങ്ങളുടെയും പിന്തുണയുണ്ടായിരുന്നു.
അടിമത്തസമ്പ്രദായം നിലനിര്‍ത്തണമോ വേണ്ടയോ എന്നുള്ള പ്രശ്നമായിരുന്നു സംഘര്‍ഷത്തിന്റെ അടിസ്ഥാനകാരണം. അടിമത്തം സാര്‍വത്രികമായി അംഗീകരിക്കണമെന്ന് ദക്ഷിണ സംസ്ഥാനങ്ങള്‍ നിര്‍ബന്ധിച്ചപ്പോള്‍ വടക്കന്‍ സംസ്ഥാനങ്ങള്‍ അതിനെ എതിര്‍ത്തു. അമേരിക്കന്‍ സ്വാതന്ത്ര്യസമരകാലത്ത് മസാച്യുസെറ്റ്സ് ഒഴിച്ച് എല്ലാ അമേരിക്കന്‍ കോളനികളിലും അടിമത്തം നിലനിന്നിരുന്നു. കാലക്രമത്തില്‍ പെന്‍സില്‍വേനിയയുടെ ചില പ്രദേശങ്ങളില്‍ അടിമത്തം നിര്‍ത്തല്‍ ചെയ്തു. അല്ലിഗനി പര്‍വതനിരയുടെ പടിഞ്ഞാറും ഒഹായോ നദിയുടെ വടക്കും ഭാഗങ്ങളിലുള്ള പ്രദേശത്ത് 1787ല്‍ നിയമംമൂലം അടിമത്തം നിരോധിച്ചു. തെക്കുഭാഗത്താകട്ടെ അടിമത്തനിരോധന നിയമം ഉണ്ടായിരുന്നില്ലെങ്കിലും വ്യക്തികള്‍ സ്വമേധയാ അവരുടെ അടിമകള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിരുന്നു. കാലക്രമേണ ഓരോരോ സംസ്ഥാനങ്ങളിലായി അടിമക്കച്ചവടം നിര്‍ത്തലാക്കി.
മിസിസിപ്പി നദിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള പ്രദേശത്തുനിന്ന് യു.എസ്സില്‍ ചേര്‍ന്ന പുതിയ ഘടകസ്റ്റേറ്റുകളില്‍ അടിമത്തം അംഗീകരിക്കുന്നതിനെ സംബന്ധിച്ച് ഉത്തരദക്ഷിണ സ്റ്റേറ്റുകള്‍ തമ്മിലുണ്ടായ രൂക്ഷമായ താത്പര്യസംഘട്ടനമാണ് ആഭ്യന്തരയുദ്ധത്തിന് കളമൊരുക്കിയത്. 1787ലെ നിയമത്തില്‍ ഒളിച്ചോടിപ്പോകുന്ന അടിമകളെ പിടിച്ചേല്പിക്കാനുള്ള വ്യവസ്ഥയും ഉള്‍ക്കൊണ്ടിരുന്നു. 1820ല്‍ ഉണ്ടായ ‘മിസ്സൗറി ഒത്തുതീര്‍പ്പ്’ അടിമത്തപക്ഷക്കാരായ ദക്ഷിണ സ്റ്റേറ്റുകളുടെ ഒരു വിജയമായിരുന്നു. 1803ല്‍ ഫ്രഞ്ചു ചക്രവര്‍ത്തിയായ നെപ്പോളിയനില്‍നിന്ന് ഒന്നരക്കോടി ഡോളര്‍ കൊടുത്ത് യു.എസ്. വാങ്ങിയ ലൂയീസിയാന പ്രദേശത്തിന്റെ ഒരു ഭാഗമായിരുന്ന മിസ്സൗറിയെ ഫെഡറല്‍ ഗവണ്മെന്റിന്റെ ഒരു സ്റ്റേറ്റായി അംഗീകരിക്കുന്ന പ്രശ്നം പരിഗണനയ്ക്കു വന്നപ്പോള്‍ അവിടെ അടിമത്ത സമ്പ്രദായത്തിന് നിയമസാധുത്വം നല്കുന്ന പ്രശ്നവും ഉന്നയിക്കപ്പെട്ടു. ഒടുവില്‍ അടിമത്തം നിയമപരമായി അംഗീകരിച്ചിട്ടുള്ള സ്റ്റേറ്റ് എന്ന അടിസ്ഥാനത്തില്‍ മിസ്സൗറിയെ യു.എസ്സില്‍ ചേര്‍ക്കുന്നതിനും ലൂയീസിയാനയില്‍ മിസ്സൗറിയൊഴിച്ചുള്ള പ്രദേശങ്ങളില്‍ അടിമത്തം നിയമപരമായി നിരോധിച്ചുകൊണ്ടുമാണ് തീരുമാനമെടുത്തത്. അങ്ങനെ മിസ്സൗറിയെ ഒരു പുതിയ ‘അടിമസ്റ്റേറ്റാ’യി തങ്ങളുടെ കൂട്ടത്തില്‍ കിട്ടി എന്ന നേട്ടം ദക്ഷിണ സ്റ്റേറ്റുകള്‍ക്കുണ്ടായി. അടിമകളുടെ ഉടമകളായ പല ജന്മിമാരും അടിമത്തത്തെ ആസ്പദമാക്കി നിലവിലിരുന്ന അഴിമതികളെ പരസ്യമായിത്തന്നെ അപലപിച്ചിരുന്നുവെങ്കിലും അടിമകളെ സ്വകാര്യസ്വത്തായി അനുഭവിക്കാനുള്ള നിയമപരമായ അവകാശം നിഷേധിക്കാവുന്നതല്ലെന്നു ശഠിച്ചു. വെള്ളക്കാരും കറുത്ത വര്‍ഗക്കാരായ നീഗ്രോകളും തമ്മില്‍ യജമാനനും അടിമയും എന്ന രീതിയിലല്ലാതെ മറ്റൊരു തരത്തിലുള്ള ബന്ധവും വിഭാവനം ചെയ്യാന്‍ പാടില്ലെന്നായിരുന്നു അടിമത്ത വിഭാഗങ്ങളുടെ നിലപാടെന്ന് അവര്‍ വാദിച്ചു.
നീഗ്രോവര്‍ഗക്കാരനായ അടിമയുടെ ഗുണത്തിനു വേണ്ടിത്തന്നെയാണ് അവന് അടിമയായിരിക്കേണ്ടതെന്നും കൂടി അവര്‍ വാദിച്ചിരുന്നു. അടിമ, അടിമയല്ലാതായാല്‍ അവന് മടിയനും തെണ്ടിയും തെമ്മാടിയും ദരിദ്രനുമായിത്തീര്‍ന്നു സ്വയം നശിച്ചുപോകും പോലും. ഈ അധാര്‍മികമായ വാദത്തെ ഉത്തര സ്റ്റേറ്റുകളുടെ നേതാവായ എബ്രഹാം ലിങ്കണ് എതിര്‍ത്തു. ‘ അടിമത്തം അധാര്‍മികമല്ലെങ്കില്‍ പിന്നെ യാതൊന്നും തന്നെ അധാര്‍മികമാകയില്ല’ എന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. എന്നിരുന്നാലും നിയമപ്രകാരം അംഗീകരിച്ചിട്ടുള്ള അടിമത്തം റദ്ദു ചെയ്യുന്നത് ഭരണഘടനാലംഘനമായി തീരുമെന്നുള്ളതിനാല്‍ ദക്ഷിണ സ്റ്റേറ്റുകളില്‍ നിലവിലുള്ള അടിമത്തം തുടര്‍ന്നുപോകുന്നതില്‍ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ അഭിപ്രായഗതിക്കാരായ മിതവാദികള്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. പുതിയ സ്റ്റേറ്റുകളിലേക്കും അടിമത്തം നിലവിലില്ലാതിരുന്ന സ്റ്റേറ്റുകളിലേക്കും അതു വ്യാപിപ്പിക്കരുതെന്നു മാത്രമേ അവര്‍ക്കു നിര്‍ബന്ധമുണ്ടായിരുന്നുള്ളു. എന്നാല്‍ അടിമത്തം നിശ്ശേഷം ഉന്മൂലനം ചെയ്യണമെന്നു ശഠിച്ചിരുന്ന ഒരു കൂട്ടം തീവ്രവാദികളും ഉത്തര സ്റ്റേറ്റുകളിലുണ്ടായിരുന്നു. ‘അബോളിഷനിസ്റ്റുകള്‍’ എന്നറിയപ്പെട്ടിരുന്ന ഇവര്‍ പ്രക്ഷോഭണം തുടങ്ങി. അടിമകളുടെ ഉടമകള്‍ക്കു നഷ്ടപരിഹാരം നല്‍കാതെ അടിമത്തം അവസാനിപ്പിക്കാനായിരുന്നു ഇവരുടെ സംരംഭം. ഇത് ദക്ഷിണ സ്റ്റേറ്റുകളിലെ യജമാനന്മാരുടെ ഇടയില്‍ രൂക്ഷമായ എതിര്‍പ്പുളവാക്കി; അമേരിക്കന്‍ യൂണിയനില്‍നിന്നു വിട്ടുപോകാന്‍ ദക്ഷിണ സ്റ്റേറ്റുകള്‍ക്ക് ഇത് പ്രേരണ നല്‍കുകയും ചെയ്തു.
യു.എസ്. മെക്സിക്കോയില്‍നിന്നു പിടിച്ചെടുത്ത പ്രദേശങ്ങള്‍ ‘ അടിമരാജ്യങ്ങള്‍’ ആയിരിക്കണമോ ‘സ്വതന്ത്രരാജ്യങ്ങള്‍’ ആയിരിക്കണമോ എന്നുള്ള തര്‍ക്കമുണ്ടായി. മെക്സിക്കോയുടെ കൈവശമായിരുന്നപ്പോള്‍ അടിമത്തമില്ലാതിരുന്ന ടെക്സാസ് യു.എസ്സിന്റെ കൈവശമായപ്പോള്‍, ദക്ഷിണ സ്റ്റേറ്റുകാരുടെ ആഗ്രഹപ്രകാരം ‘അടിമരാജ്യം’ ആയിത്തീര്ന്നതില് ഉത്തര സ്റ്റേറ്റുകാര്‍ക്ക് വലിയ അമര്‍ഷമുണ്ടായി. മെക്സിക്കോയില്‍നിന്നു പിടിച്ചെടുത്ത മറ്റൊരു പ്രദേശമായ കാലിഫോര്‍ണിയയിലെ ജനത സ്വയം നിര്‍ണയാവകാശം ഉപയോഗപ്പെടുത്തിയുണ്ടാക്കിയ ഭരണഘടനയില്‍ അടിമത്തം നിരോധിക്കുകയും ഈ ഭരണഘടനയെ അംഗീകരിച്ചുകൊണ്ടു കാലിഫോര്‍ണിയയെ ഫെഡറല്‍ യൂണിയന്റെ ഘടകസ്റ്റേറ്റായി സ്വീകരിക്കുകയും ചെയ്തതില്‍ ദക്ഷിണ സ്റ്റേറ്റുകാരും പ്രക്ഷുബ്ധരായി. ഉത്തരദക്ഷിണ സ്റ്റേറ്റുകള്‍ തമ്മില്‍ സംഘട്ടനം അനിവാര്യമാണെന്നുളള ഘട്ടത്തിലെത്തി. എന്നാല്‍ മധ്യസ്ഥന്മാരുടെ പരിശ്രമംമൂലം 1850ല്‍ ഒരു ഒത്തുതീര്‍പ്പുണ്ടാക്കിയതിന്റെ ഫലമായി തത്ക്കാലം സമരം ഒഴിവാക്കപ്പെട്ടു. കാലിഫോര്‍ണിയയെ അടിമത്തമംഗീകരിക്കാത്ത സ്റ്റേറ്റായിത്തന്നെ ഫെഡറല്‍ യൂണിയനില്‍ ചേര്‍ക്കുക, മെക്സിക്കോയില്‍നിന്നു പിടിച്ചെടുത്ത മറ്റു പ്രദേശങ്ങളില്‍ അടിമത്തത്തെക്കുറിച്ചു പ്രത്യേക വ്യവസ്ഥ ചെയ്യാതെ ഗവണ്മെന്റുകള് സ്ഥാപിക്കുക, ‘ അടിമത്ത’ സ്റ്റേറ്റുകളില്‍നിന്ന് ഒളിച്ചോടിപ്പോയി അടിമത്തരഹിത സ്റ്റേറ്റുകളില്‍ അഭയം പ്രാപിക്കുന്ന അടിമകളുടെമേലുള്ള ശിക്ഷാനടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്ന അടിമത്തനിയമം യൂണിയന് കോണ്‍ഗ്രസ് പാസാക്കുക എന്നിവയായിരുന്നു ഒത്തുതീര്‍പ്പിലെ വ്യവസ്ഥകളില്‍ ചിലത്.
1854ല്‍ കോണ്‍ഗ്രസ് പാസാക്കിയ നിയമം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. ഈ നിയമം ഓരോ സ്റ്റേറ്റിലും അടിമത്തം അംഗീകരിക്കണമോ വേണ്ടയോ എന്ന് അവിടത്തെ (അടിമകളല്ലാത്ത) ജനങ്ങള്‍ തീരുമാനിക്കാന്‍ വിട്ടുകൊടുക്കണമെന്നു വ്യവസ്ഥ ചെയ്യുകയും ചെയ്തു. ഈ നിയമം അടിമത്തവിരോധികളായ ഉത്തര സ്റ്റേറ്റുകള്‍ക്ക് ഒരു കനത്ത പ്രഹരമായിരുന്നു. കന്‍സാസില്‍ അടിമത്തവാദികളും അടിമത്തവിരോധികളും തമ്മില്‍ 1856ല്‍ സംഘട്ടനമുണ്ടായി.
1857ലെ ഡ്രെഡ് സ്കോട്ട് വിധിന്യായം ആഭ്യന്തരയുദ്ധത്തിന്റെ പ്രമുഖ കാരണങ്ങളിലൊന്നാണ്. അടിമയായിരുന്നു ഡ്രെഡ് സ്കോട്ടിനെ. യജമാനന് ് അടിമത്ത നിരോധിതപ്രദേശമായ നോര്‍ത്ത് ലൂയീസിയാനയിലേക്കും കൊണ്ടുപോയി. സ്വതന്ത്രസ്റ്റേറ്റില്‍ വന്ന സ്കോട്ട് സ്വാതന്ത്ര്യം സ്ഥാപിച്ചുകിട്ടാന്‍ കേസ് നല്കി. സുപ്രീംകോടതിവിധി സ്കോട്ടിനു പ്രതികൂലമായിരുന്നു. അടിമയായ നീഗ്രോയ്ക്കും അയാളുടെ സന്തതിപരമ്പരകള്‍ക്കും യു.എസ്സിലെ പൗരത്വത്തിനവകാശമില്ലെന്നും യൂണിയന് നിയമസഭയ്ക്കു ഘടകസ്റ്റേറ്റുകളില്‍ അടിമത്തം നിരോധിക്കാന്‍ അധികാരമില്ലെന്നുമായിരുന്നു വിധിന്യായം. ഈ വിധിന്യായത്തില്‍ അടിമത്തവാദികളായ ദക്ഷിണ സ്റ്റേറ്റുകള്‍ ആഹ്ലാദിച്ചപ്പോള്‍ ഉത്തര സ്റ്റേറ്റുകളില്‍ സംഭ്രമമുളവായി.
എബ്രഹാം ലിങ്കണെ 1860 ല്‍ യു.എസ്. പ്രസിഡണ്ടായി തെരഞ്ഞെടുത്തതാണു യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ പെട്ടെന്നുണ്ടായ കാരണം. അടിമത്തം വ്യാപിപ്പിക്കുന്നതിനെ ചെറുക്കാന്‍ 6 വര്‍ഷം മുന്‍പ് ഉടലെടുത്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിട്ടാണു ലിങ്കണ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വിജയം യുദ്ധപ്രഖ്യാപനത്തിനു തുല്യമായിട്ടാണു ദക്ഷിണ സ്റ്റേറ്റുകള്‍ വീക്ഷിച്ചത്. ‘പകുതി അടിമയും പകുതി സ്വതന്ത്രവു’മായി ഒരു ജനതയ്ക്കു നിലനില്ക്കാന് സാധ്യമല്ലെന്നു പ്രസിഡന്റ് പദത്തില്‍ അവരോധിക്കപ്പെടുന്നതിനു രണ്ടു കൊല്ലം മുന്‍പു പ്രഖ്യാപിച്ച എബ്രഹാം ലിങ്കന്റെ തെരഞ്ഞെടുപ്പു വിജയം അടിമത്തത്തില്‍ വിശ്വസിച്ചിരുന്ന ദക്ഷിണ സ്റ്റേറ്റുകള്‍ക്ക് പൊറുക്കാവുന്നതല്ലായിരുന്നു. ലിങ്കണ് തെരഞ്ഞെടുപ്പില്‍ ജയിച്ചതായി വ്യക്തമായതോടുകൂടി 1860 സെപ്റ്റംബര്‍ 20ന് സൗത്ത് കരോലിന യൂണിയനില്‍നിന്നു വിട്ടുപിരിഞ്ഞതായി പ്രഖ്യാപിച്ചു. ഈ വിഘടനവ്യഗ്രത മറ്റു സ്റ്റേറ്റുകളിലേക്കും വ്യാപിച്ചു. 1861 ഫെ. 8ന് യൂണിയനില്‍നിന്നു വിട്ടുപിരിഞ്ഞുപോയ 7 സ്റ്റേറ്റുകളുടെ പ്രതിനിധികള്‍ അലബാമാ സ്റ്റേറ്റിലെ മോണ്ട്ഗോമറിയില്‍ ഒന്നിച്ചുകൂടി അമേരിക്കന്‍ കോണ്‍ഫെഡറേറ്റ് സ്റ്റേറ്റുകള്‍ എന്ന പേരില്‍ ഒരു പുതിയ രാഷ്ട്രത്തിനു രൂപം നല്കി. മിസിസിപ്പി, ഫ്ളോറിഡ, അലബാമ, ജോര്‍ജിയ, ലുയീസിയാന, ടെക്സസ്, തെക്കന്‍ കരൊലൈന എന്നിവയായിരുന്നു മേല്പറഞ്ഞ സ്റ്റേറ്റുകള്‍. നീഗ്രോ അടിമത്തത്തിന് അംഗീകാരവും സംരക്ഷണവും നല്കുന്ന വ്യവസ്ഥകള്‍ ഇവര്‍ തയ്യാറാക്കിയ പുതിയ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരുന്നു. നിലവിലുള്ള യൂണിയന് ഭരണഘടനയോടുള്ള കൂറു പിന്‍വലിക്കുന്ന പ്രഖ്യാപനവും ഇതോടുകൂടിത്തന്നെയുണ്ടായി. മോണ്ട്ഗോമറിയില്‍ വിട്ടുപോകല്വാദികള് ആയ 7 സ്റ്റേറ്റുകളുടെ കോണ്‍ഗ്രസ് സമ്മേളിച്ച ദിവസം തന്നെ വാഷിങ്ടണില്‍ ദക്ഷിണ സ്റ്റേറ്റുകളുടെയും എല്ലാ ഉത്തര സ്റ്റേറ്റുകളുടെയും പ്രതിനിധികള്‍ കൂടിച്ചേര്‍ന്ന് ഒരു സമാധാന കോണ്‍ഗ്രസ് നടത്തി. എന്നാല്‍ ഈ കോണ്‍ഗ്രസ്സിലെ ചര്‍ച്ചകള്‍ സമാധാനമുണ്ടാക്കാന്‍ പര്യാപ്തമായില്ല. കെന്റക്കി സ്റ്റേറ്റിലെ സെനറ്റംഗമായ ക്രിറ്റന്‍ഡണ്‍ നടത്തിയ ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ അടിമത്തം പുതിയ സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കുന്ന നിര്‍ദേശത്തെ ലിങ്കണ് ശക്തിയായി എതിര്‍ത്തതിന്റെ ഫലമായി പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ യുദ്ധം അനിവാര്യമായിത്തീര്‍ന്നു.
1861 ആരംഭിച്ച ആഭ്യന്തരയുദ്ധം നാലു വര്‍ഷം നീണ്ടുനിന്നു. ആഭ്യന്തരയുദ്ധത്തിലെ ഏറ്റവും നിര്‍ണായകമായ സമരമായിരുന്നു ഗെറ്റിസ്ബെര്‍ഗ് യുദ്ധം. ഇതു കോണ്‍ഫെഡറേറ്റ് സൈന്യത്തിന്റെ തുടര്‍ച്ചയായ പരാജയത്തിന്റെ പ്രാരംഭമായിരുന്നു. ഇതിനിടയില്‍ 1863 ജനുവരി ഒന്നിന് അടിമത്തത്തിനെതിരായി ലിങ്കന്റെ ചരിത്രപ്രധാനമായ പ്രഖ്യാപനമുണ്ടായി. യൂണിയനെതിരായി ലഹള തുടങ്ങിയിട്ടുള്ള എല്ലാ സ്റ്റേറ്റുകളിലെയും അടിമകള്‍ക്കു മോചനം നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനമായിരുന്നു അത്.
1861ല്‍ എബ്രഹാം ലിങ്കണ് സൗത്ത് കരോലിന മുതല്‍ ഫ്ളോറിഡവരെയുള്ള അറ്റ്ലാന്തിക് സമുദ്രതീരത്തിന്റെമേല്‍ ഉപരോധം പ്രഖ്യാപിച്ചു. ഇതു കോണ്‍ഫെഡറസിയെ പട്ടിണിക്കിട്ടു കീഴടക്കാനുള്ള ശ്രമമായിരുന്നു.
യുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ കോണ്‍ഫെഡറേറ്റ് സൈന്യം ധീരോദാത്തതയോടെ പൊരുതിയെങ്കിലും അടിക്കടി പരാജയപ്പെട്ടുകൊണ്ടിരുന്നു. 1865 ഏ. 26ന് അവസാനത്തെ കോണ്‍ഫെഡറേറ്റു സൈന്യം ജനറല്‍ ജോണ്‍സ്റ്റന്റെ നേതൃത്വത്തില്‍ ഷെര്‍മാനു കീഴടങ്ങിയതോടുകൂടി യുദ്ധമവസാനിച്ചു. ഇതിനിടയില്‍ 1865 ഏപ്രില്‍ 15ന് ഒരു നാടകശാലയില്‍ വച്ചു വെടിയേറ്റതിനെത്തുടര്‍ന്ന് എബ്രഹാം ലിങ്കണ് അപമൃത്യുവിന് ഇരയായി.
യുദ്ധരംഗത്തിന്റെ വ്യാപ്തികൊണ്ടും യുദ്ധത്തില്‍ പങ്കെടുത്തവരുടെ സംഖ്യകൊണ്ടും ഒന്നാം ലോകയുദ്ധത്തിനു മുന്‍പ് നടന്ന ഏറ്റവും വലിയ യുദ്ധമായി അമേരിക്കന്‍ ആഭ്യന്തരയുദ്ധം കണക്കാക്കപ്പെടുന്നു. രണ്ടു ലക്ഷത്തിലധികം പേര് യുദ്ധത്തില്‍ മരിച്ചുവീഴുകയോ മുറിവേറ്റു മരണമടയുകയോ ചെയ്തു. 4,13,000 പേര് രോഗവും അപകടവും മറ്റു കാരണങ്ങളും കൊണ്ട് അപമൃത്യുവിനിരയായി. കെട്ടുറപ്പുള്ള കേന്ദ്രഭരണ സംവിധാനം അരക്കിട്ടുറപ്പിക്കുകയാണ് ആഭ്യന്തരയുദ്ധം കൊണ്ടുണ്ടായ നേട്ടം. ഐക്യത്തിന്റെ കൊടിക്കീഴില്‍ സ്വയംഭരണാധികാരതത്ത്വം നിലനിര്‍ത്തിക്കൊണ്ട് യു.എസ്. പുരോഗമിക്കുകയും ലോകത്തിലെ ശക്തിയേറിയ രാഷ്ട്രമെന്ന സ്ഥാനത്തേക്ക് കുതിച്ചുകയറുകയും ചെയ്യുന്നതിന് അടിത്തറ പാകിയത് ആഭ്യന്തരയുദ്ധത്തില്‍ യൂണിയന് പക്ഷക്കാര്‍ക്കുണ്ടായ വിജയമാണ്. സമരത്തില്‍ അടിമത്തവിരോധകക്ഷികളുടെ വിജയത്തെത്തുടര്‍ന്ന് അടിമകള്‍ക്കു വിമോചനവും വ്യക്തിപരമായ അവകാശങ്ങളും പ്രദാനം ചെയ്യുവാന്‍ സാധിച്ചു. യു.എസ്സില്‍ നിന്ന് അടിമത്തം തുടച്ചുമാറ്റാനുള്ള സാഹചര്യമുണ്ടാക്കിയത് ആഭ്യന്തര സമരമാണ് .ഇന്നത്തെ അമേരിക്കയുടെ അടിത്തറയും.
അമേരിക്ക കാഴ്ചക്കപ്പുറം
01- പാതാളപ്പിളര്‍പ്പിലെ വിഷ്ണു, ശിവ, രാമ ശിലകള്‍
02-അവിചാരിതമായി അമേരിക്കയിലേക്ക്
04- ഊര്‍ജ്ജ നഗരത്തിലെ ഗുരുവായൂരപ്പന് ക്ഷേത്രം
06-സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍
07-ഹഡ്സണ്‍ നദിക്കരയിലെ കുത്താന്‍ വരുന്ന കാള
08- മാലാഖ നഗരത്തിലെ മായ കാഴ്ച്ചകള്‍
09- വേശ്യാവൃത്തിക്ക് കരം പിരിക്കുന്ന പാപ നഗരം
10-ക്യാപിറ്റോള്‍ കുന്നും വെണ്‍സൗധവും
പ്രതികരിക്കാൻ ഇവിടെ എഴുതുക: