യുണൈറ്റഡ് നേഷന്‍സ് : പാക്കിസ്ഥാന് അവരുടെ രാജ്യത്തും അതിര്‍ത്തികളിലുടനീളവും അക്രമസംസ്കാരം വളര്‍ത്തുന്നത് തുടരുകയാണെന്ന് യുഎന്നില്‍ ഇന്ത്യ. ഐക്യരാഷ്ട്ര സമ്മേളന വേദിയില്‍ കശ്മീര്‍ വിഷയം വീണ്ടും ഉന്നയിച്ച പാക് പ്രതിനിധിക്ക് ഇന്ത്യയുടെ യുഎന്നിലെ പ്രതിനിധി വിദിഷ മൈത്ര നല്കിയ മറുപടിയിലാണ് ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. ചൊവ്വാഴ്ച നടന്ന യുഎന്‍ പൊതുസഭയുടെ സമാധാന സംസ്കാരത്തെക്കുറിച്ചുള്ള ഉന്നതതല ഫോറത്തില്‍ സംസാരിക്കവേയാണ് പാക് പ്രതിനിധിക്ക് ഇതത്രത്തില്‍ തക്ക മറുപടി നല്‍കിയത്.
സമാധാനത്തിന്റെ സംസ്കാരം എന്നത് കേവലം സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യാനും ആഘോഷിക്കാനും മാത്രമുള്ളതല്ല. മറിച്ച് അംഗരാജ്യങ്ങള്‍ തമ്മിലുള്ള ആഗോള ബന്ധങ്ങളില്‍ സജീവമായി വളര്‍ത്തിയെടുക്കേണ്ട ഒന്നുകൂടിയാണ്. സ്വന്തം രാജ്യത്തും അതിര്‍ത്തിയിലും അക്രമസംസ്കാരം വളര്‍ത്തുന്നത് തുടരുകയാണ്. യുഎന്‍ വേദിയെ ഇത്തരത്തിലുള്ള എല്ലാ ശ്രമങ്ങളെയും ഇന്തയ തള്ളിക്കളയുകയും അപലപിക്കുകയും ചെയ്യുന്നതായും വിദിഷ മൈത്ര പറഞ്ഞു.
അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും പ്രതീകമായ ഭീകരവാദം എല്ലാ മതങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും എതിരാണെന്നതില്‍ സംശയമില്ല. ഭീകര പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാന്‍ മതത്തെ ഉപയോഗിക്കുന്ന ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും കുറിച്ചോര്‍ത്ത് ലോകത്തെ ആശങ്കപ്പെടണം. മാനവികതയുടെയും ജനാധിപത്യത്തിന്റെയും അഹിംസയുടെയും സന്ദേശം പ്രചരിപ്പിക്കുന്നത് ഇന്ത്യ ഇനിയും തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഐക്യരാഷ്ട്രസഭയിലെ പാക്കിസ്ഥാന് പ്രതിനിധി മുനീര്‍ അക്രം ജമ്മു കശ്മീര്‍ വിഷയം ഉന്നയിക്കുകയും, കശ്മീരില്‍ അന്തരിച്ച സയ്യിദ് അലി ഷാ ഗീലാനിയെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു, ഇതിനു പിന്നാലെയാണ് ഇന്ത്യ തക്ക മറുപടി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: