മുകുന്ദന് മുസലിയാത്ത്
ശിവപാര്‍വ്വതിമാരുടെ അനുഗ്രഹത്തോടെ ഭഗവാന്റെയും രുക്മിണിയുടെയും പുത്രനായി ഒരു ഉണ്ണി പിറന്നു. ഉണ്ണിക്ക് പ്രദ്യുമ്നന് എന്നു പേരിട്ടു. കാമദേവന്റെ പുനര്ജന്മമായിരുന്നു പ്രദ്യുമ്നന്.
ജനിച്ച് ഏഴാം ദിവസം തൊട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ കാണാതായി. രുക്മിണി ദുഃഖിതയായി. കൃഷ്ണന് എല്ലാം അറിയുന്നുണ്ടായിരുന്നു. എന്നാല്‍ പുത്രനെ തിരിച്ചുകിട്ടുമെന്നു സമാധാനിപ്പിക്ക മാത്രം ചെയ്തു.
ശംബരാസുരനാണ് മായാവേഷത്തില്‍ വന്ന് കുട്ടിയെ മോഷ്ടിച്ചത്. രുക്മിണീ തനയനായി പിറക്കുന്ന കാമദേവനാല്‍ കൊല്ലപ്പെടുമെന്ന ഒരു ശാപം ദേവന്മാര് ശംബരാസുരനു നല്‍കിയിരുന്നു. അതാണ് പിഞ്ചുകുഞ്ഞായ പ്രദ്യുമ്നനെ മോഷ്ടിക്കാനുണ്ടായ കാരണം. ശംബരന് കുഞ്ഞിനെ കൊല്ലാനായി കടലിലെറിഞ്ഞു.
ദൈവഹിതം മറിച്ചാവാന്‍ തരമില്ലല്ലോ. കടലിലെറിഞ്ഞിട്ടും കുഞ്ഞു മരിച്ചില്ല. അവനെ ഒരു വലിയ മത്സ്യം വിഴുങ്ങി. ആ മത്സ്യം ഒരു മുക്കുവന്റെ വലയിലും വീണു. മുക്കുവ പത്നിക്ക് മത്സ്യത്തില്‍നിന്ന് കോമളനായ ഒരു കുട്ടിയെ കിട്ടി. അതു രാജാവിനു സമ്മാനിച്ച് രാജപ്രീതി നേടാന്‍ അവര്‍ നിശ്ചയിച്ചു. കുട്ടി ശംബരാസുരന്റെ കൊട്ടാരത്തില്‍ത്തന്നെ എത്തപ്പെട്ടു.
ശംബരാസുര കൊട്ടാരത്തില്‍ മായാവതി എന്ന പേരില്‍ രതീദേവിയും ഉണ്ടായിരുന്നു. നാരദന്റെ ഉപദേശപ്രകാരം മായാവതി കുഞ്ഞിനെ രഹസ്യമായി വളര്‍ത്തി. കുഞ്ഞു വലുതായി വന്നു. പ്രദ്യുമ്നനോടു മായാവതി അവരുടെ പൂര്‍വ്വജന്മം ഓര്‍മിപ്പിക്കുകയും ശംബരാസുര നിഗ്രഹത്തിനായി പ്രേരിപ്പിക്കുകയും ചെയ്തു. പ്രദ്യുമ്നന് ശംബരാസുരനെ നിഗ്രഹിച്ച് മായാവതിയുമായി ദ്വാരകയില്‍ തിരിച്ചെത്തി. ഭഗവാന് പുതിയ പത്നിയുമായി വരുന്നുവെന്ന് ദ്വാരകാവാസികള്‍ കരുതി. പക്ഷേ ഒറ്റ നോട്ടത്തില്‍ തന്നെ തന്റെ പുത്രനെ തിരിച്ചറിയാന്‍ രുക്മിണിക്കു കഴിഞ്ഞു.
പുത്രനേയും പുത്രവധുവിനേയും നെഞ്ചോടു ചേര്‍ത്ത് ആലിംഗനം ചെയ്തു. രുക്മിണി രണ്ടുപേരെയും കൊട്ടാരത്തിലേക്ക് ആനയിച്ചു. അന്നു ദ്വാരകയില്‍ മഹോത്സവമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: