കേരളത്തില്‍ ആശയപ്രചരണങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ പൊരുതിയ ഒട്ടനവധി നേതാക്കളുണ്ട്. അതില്‍ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും ബിജെപിക്കാരും പെടും. ഈ കക്ഷികളിലെ തലയെടുപ്പുള്ളതും തലമൂത്തതുമായ ഒട്ടേറെ പേര് അന്ത്യവിശ്രമം കൊള്ളുന്നതും സ്മൃതിമന്ദിരങ്ങള്‍ തലയുയര്‍ത്തി നില്ക്കുന്ന തീരമെന്ന പ്രത്യേകതയും പയ്യാമ്പലത്തിനുണ്ട്. കേരളത്തില്‍ ഉടനീളം ബീച്ചുകളുണ്ട്. അവിടെയൊന്നുമില്ലാത്തെ പ്രാധാന്യം പയ്യാമ്പലത്തിനുണ്ടായതും പതിനായിരങ്ങളുടെ അന്ത്യവിശ്രമസ്ഥലമെന്നതിനാലാണ്.
ശ്മശാനമൂകതയാണെങ്കിലും ശാന്തവും അതിസുന്ദരവുമാണ് പയ്യാമ്പലം കടപ്പുറം. അവിടെ ഉയര്‍ന്ന് നില്ക്കുന്ന മന്ദിരങ്ങളില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ ദിവസമേ കാലൊച്ചയുണ്ടാകാറുള്ളൂ. എകെജി ശവകുടീരത്തിന് തൊട്ടടുത്ത് തന്നെയാണ് ബിജെപിയുടെ സമുന്നത നേതാവായിരുന്ന കെ.ജി. മാരാര്‍ജിയുടെയും സ്മൃതി മന്ദിരം. കോണ്‍ഗ്രസ് നേതാവായിരുന്ന പാമ്പന്‍ മാധവന്, കമ്മ്യൂണിസ്റ്റ് നേതാവായ എന്‍.സി. ശേഖര്‍, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, മുന്‍മുഖ്യമന്ത്രി ഇ.കെ. നായാനാര്‍, ചടയന്‍ ഗോവിന്ദന്, അഴീക്കോടന്‍ രാഘവന്, സി. കണ്ണന്, സുകുമാര്‍ അഴിക്കോട്, ഒ. ഭരതന് തുടങ്ങിയവരുടെ സ്മാരകങ്ങള്‍ എടുത്തു പറയേണ്ടതാണ്. കാനായി കുഞ്ഞിരാമന്റെ പ്രശസ്തമായ ‘അമ്മയും കുഞ്ഞും’ ശില്പവും പയ്യാമ്പലത്തിന് മാറ്റ് കൂട്ടുന്നു.
സ്മൃതിമന്ദിരങ്ങളില്‍ എന്നും പുതുമകൊണ്ട് തലയുയര്‍ത്തി നില്‍ക്കുന്നതാണ് കെ.ജി. മാരാര്‍ജിയുടേത്. വര്‍ഷാവര്‍ഷം ജന്മദിനത്തിനും ചരമദിനത്തിനും ചായം പൂശി പുഷ്പാര്‍ച്ചന നടത്തും. സ്പതംബര്‍ 17നാണ് മാരാര്‍ജിയുടെ ജന്മദിനം. ആ ദിനത്തിന് 10 ദിവസം മുമ്പുണ്ടായ സംഭവമാണ് ഈ കുറിപ്പിനാധാനം. മാരാര്‍ജിയുടെ മന്ദിരത്തിന് ചേര്‍ന്ന് പട്ടികളെ കൂട്ടിയിട്ട് കത്തിച്ചത് ദശലക്ഷക്കണക്കിന് മലയാളികളെ വല്ലാതെ വേദനിപ്പിച്ചിരിക്കുകയാണ്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍പ്പെട്ട ശ്മശാനത്തിന് തൊട്ടടുത്ത് തന്നെയാണ് സംഭവം നടന്നത്. സദാസമയവും ആളുള്ള സ്ഥലം. എന്നിട്ടും എങ്ങനെ ഈ സംഭവം എന്ന ചോദ്യം പ്രസക്തമാണ്. കോവിഡ് ബാധിച്ചവരെ സംസ്കരിക്കുന്നതിനായി കൂട്ടിയിട്ട വിറക് മാരാര്‍ജി മന്ദിരത്തിനടുത്തായി സൂക്ഷിച്ചത് നീക്കണമെന്നാവശ്യമുയര്‍ന്നിരുന്നു. അത് ഗൗനിക്കപ്പെട്ടില്ല.
പഞ്ചായത്തിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ അംഗമായിരുന്നില്ലെങ്കിലും ജനലക്ഷങ്ങളുടെ ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ച ജനകീയ നേതാവാണ് മാരാര്‍ജി. അതുകൊണ്ടാണ് രണ്ടര പതിറ്റാണ്ട് മുമ്പ്ചലനമറ്റ ദേഹം പയ്യാമ്പലത്തെത്തിച്ചപ്പോള്‍ എത്തിച്ചേര്‍ന്ന ജനക്കൂട്ടം. കേരളത്തിന്റെ പരിഛേദം തന്നെയായി അന്ന് ആ പ്രദേശം. അവിടെ രാഷ്ട്രീയ ഭേദമോ വലുപ്പചെറുപ്പമോ ഉണ്ടായിരുന്നില്ല.
വളരെ എളിയ നിലയില്‍ കഴിഞ്ഞ ഒരു കുടുംബത്തിലെ അംഗമായിട്ടാണ് ഗോവിന്ദനെന്ന കെ.ജി. മാരാര്‍ പിറന്നത്. അദ്ദേഹത്തെപ്പോലെ സാമ്പത്തിക ക്ലേശമനുഭവിച്ച് പഠിച്ചവര്‍ നന്നെ ചുരുങ്ങും. ആരാധകര്‍ ചുരുക്കമായ ഒരമ്പലത്തിലെ കഴകത്തിന് ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമേ കുടുംബത്തിനുണ്ടായിരുന്നുള്ളൂ. വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ രാഷ്ട്രീയസ്വയംസേവകസംഘം മാരാര്‍ജിയുടെ മനസ്സില്‍ ജീവിതാദര്‍ശത്തിന്റെ നെയ്ത്തിരി കൊളുത്തി, അതിനെ കെടാവിളക്കായി അദ്ദേഹം അന്ത്യശ്വാസംവരെ കാത്തുസൂക്ഷിച്ചു. അതൊരിക്കലും മങ്ങിയുമില്ല. ആളിക്കത്തിയുമില്ല. ആ തിരിയുടെ വെളിച്ചം അദ്ദേഹം ആയിരക്കണക്കിന് യുവാക്കള്‍ക്ക് വഴിതെളിക്കാന്‍ ഉപയോഗിച്ചു. മാരാര്‍ജിയുടെ പൊതുജീവിതം ആരംഭിക്കുന്നത് ആര്‍എസ്എസ് പ്രചാരകനായിട്ടാണ്. 1956ല്‍ പയ്യന്നൂരില്‍ ശാഖാ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം അടിത്തറപാകി. മാതൃകാ സ്വയംസേവകനെന്നപോലെ മാതൃകാ അധ്യാപകനുമായിരുന്നു അദ്ദേഹം.
പറശ്ശിനിക്കടവ് ഹൈസ്കൂളിലെ മലയാളം അധ്യാപകന്. ഭാരതീയ ജനസംഘത്തിന്റെ പ്രവര്‍ത്തനത്തിനായി അധ്യാപക ജോലി ഉപേക്ഷിച്ച് ഇറങ്ങിയത് വലിയൊരു സാഹസം തന്നെയായിരുന്നു. പത്തുവര്‍ഷത്തെ അധ്യാപകജോലി കൊണ്ട് ഏതാണ്ട് സാമ്പത്തിക ക്ലേശങ്ങള്‍ അകന്നു തുടങ്ങിയ അദ്ദേഹത്തിന്റെ ആ പ്രവൃത്തിക്ക് അസാമാന്യമായ മനക്കരുത്ത് തന്നെ വേണം. കണ്ണൂര്‍ ജില്ലയില്‍ ജനസംഘത്തിന്റെ പ്രവര്‍ത്തനം ഓരോ കല്ലും വച്ച് അദ്ദേഹം പടുത്തുയര്‍ത്തിയെന്ന് പറയുന്നത് അക്ഷരത്തിലും അര്‍ത്ഥത്തിലും ശരിയാണ്.
മാര്‍ക്സിസ്റ്റ് ഈറ്റില്ലങ്ങളും ശക്തിദുര്‍ഗ്ഗങ്ങളുമായി അറിയപ്പെട്ടിരുന്നതും മറ്റു രാഷ്ട്രീയ കക്ഷികള്‍ കടന്നുചെല്ലാന്‍ ഭയന്നിരുന്നതുമായ എത്രയെത്ര ഗ്രാമങ്ങളിലാണ് വശ്യമായ പുഞ്ചിരിയും വാചോവിലാസവുമായി കടന്നുചെന്ന് അവിടത്തെ ജനങ്ങളെ ആകര്‍ഷിച്ചത്. അധികം താമസിയാതെ ജനസംഘത്തിന്റെ സംസ്ഥാന കാര്യദര്‍ശിയായും അടിയന്തരാവസ്ഥയ്ക്കുശേഷം ജനതാ പാര്‍ട്ടിയുടെ സംസ്ഥാന സമിതി അംഗമായും നിയുക്തനായി.
ഭാരതീയ ജനതാപാര്‍ട്ടി രൂപവത്കൃതമായശേഷം ഔദ്യോഗിക സ്ഥാനത്തിരുന്നപ്പോഴും അല്ലാത്തപ്പോഴും മാരാര്‍ജി അതിന്റെ പര്യായവും വക്താവുമായി അറിയപ്പെട്ടു. സാധാരണപ്രവര്‍ത്തകരുമായി മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളുമായും ഹൃദ്യമായ ബന്ധം പുലര്‍ത്തി. അദ്ദേഹം ഒരു വീട്ടിലും അതിഥിയായിരുന്നില്ല, കുടുംബാംഗമായിത്തന്നെ വീട്ടുകാര്‍ കരുതിപ്പോന്നു.
രാഷ്ട്രീയസ്വയംസേവകസംഘ ത്തില്‍ നിന്ന് ലഭിച്ച സംസ്കാരസമ്പന്നമായ പെരുമാറ്റമാണ് അതിനു സഹായിച്ചത്. അങ്ങനെയുള്ള ഒരു മഹാത്മാവിന്റെ സ്മൃതിമന്ദിരം മലിനപ്പെടുത്താന്‍ തോന്നിയവരുടെ മനസ്സ് തന്നെയാണ് മാലിന്യക്കൂമ്പാരം. കണ്ണൂര്‍ക്കാരനായ മുഖ്യമന്ത്രി കുറ്റവാളികളെ കണ്ടെത്താന്‍ ശ്രമിക്കുമെന്നാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: