കൊച്ചി : ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച നാവിക സേനയുടെ ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന് സന്ദേശം വന്നത് പ്രോട്ടോണ്‍ മെയിലായി. ഭീഷണിക്കത്തിന്റെ ഉറവിടം കണ്ടെത്തുക എളുപ്പമല്ല. ഇതുമായി ബന്ധപ്പെട്ട് കപ്പല്‍ശാല ഉദ്യോഗസ്ഥരെ അടക്കം ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍.
ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്നായിരുന്നു അജ്ഞാന്റെ ഭീഷണിക്കത്ത്. കപ്പല്‍ശാലയിലെ ഒന്നിലധികം ഉദ്യോഗസ്ഥര്‍ക്കും ഭീഷണി സന്ദേശം എത്തിയിട്ടുണ്ട്. ചൈന, പാക്കിസ്ഥാന് എന്നിവയുടെ ചാരവലയത്തില്‍ താന്‍ പെട്ടുപോയെന്ന് കത്തില്‍ പറയുന്നു. ഇനിയും വിവരങ്ങള്‍ കൈമാറാതിരിക്കാന്‍ ബിറ്റ്കോയിനായി പണം കൈമാറണമെന്ന് കത്തില്‍ പറയുന്നുണ്ട്.
കപ്പല്‍ശാല ഉദ്യോഗസ്ഥരുടെ പേരുകളും പദവികളും ഭീഷണിക്കത്തില്‍ പ്രതിപാദിക്കുന്നുണ്ട്. അതിനാല്‍ സംഭവത്തില്‍ ഉദ്യോഗസ്ഥരേയും ചോദ്യം ചെയ്യാനാണ് തീരുമാനം. ജോലിക്കിടെയുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ അയച്ച കത്താണോയെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ ഐപി അഡ്രസ് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
കൊച്ചി കപ്പല്‍ശാലയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നതായി എറണാകുളം സൗത്ത് പോലീസ് അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള സൈബര്‍ ആക്രമണം ലക്ഷ്യമിട്ടാണോ സന്ദേശം എന്നും സംശയിക്കുന്നുണ്ട്. ഭീഷണി സന്ദേശം ലഭിച്ചതിനു പിന്നാലെ ഐഎന്‍എസ് വിക്രാന്തിനു സമീപം നങ്കൂരം ഇട്ടിരിക്കുന്ന നാലു കപ്പലുകളിലും ബോംബ് സ്ക്വാഡ് പരിശോധന നടത്തി. സംശയകരമായി ഒന്നും കണ്ടെത്താനായില്ല.
അതിനിടെ കേന്ദ ഏജന്‍സികള്‍ കപ്പല്‍ശാലയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. അഫ്ഗാന് പൗരന് കൊച്ചി കപ്പല്‍ശാലയില്‍ ജോലി ചെയ്തു എന്നത് കടുത്ത സുരക്ഷാ വീഴ്ചയായാണ് കേന്ദ്ര ഏജന്‍സികളുടെ വിലയിരുത്തല്‍. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ജോലിക്ക് കയറിയ ഇയാള്‍ കറാച്ചി തുറമുഖത്തു ജോലി ചെയ്തിരുന്നു എന്നു കണ്ടെത്തിയതോടെ അന്വേഷണം സിബിഐക്കു വിടണമെന്നാണ് പോലീസ് നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: