കൊച്ചി: മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മലയാളത്തിലെ സിനിമ താരങ്ങൾ. യൗവ്വനത്തിന്റെ പര്യായപദമായി മാറിയ താരത്തിന്റെ യൗവ്വനത്തില്‍ സ്പര്‍ശിച്ചുകൊണ്ടുള്ള വ്യത്യസ്തമായ കുറിപ്പായിരുന്നു നടന് സുരേഷ് ഗോപി ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
“യൗവ്വനം വളർന്നു കൊണ്ടേയിരിക്കട്ടെ…വാഴ്ക വളമുടൻ!” പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു. ഇരുവരും ചേര്‍ന്നുള്ള ഒരു ചിത്രവും സുരേഷ് ഗോപി കുറിപ്പിനൊപ്പം പങ്കുവെച്ചിരിക്കുന്നു.
പിറന്നാള്‍ ആശംസയായി തന്റെ വീഡിയോ തന്നെയാണ് മോഹന്‍ലാല്‍ പങ്കുവെച്ചിരിക്കുന്നത്. ഇതുപോലൊരു പ്രതിഭയ്ക്കൊപ്പം ജീവിക്കാനാകുന്നു എന്നത് തന്നെ സുകൃതമാണെന്നാണ് മോഹൻലാൽ വീഡിയോയില്‍ പറഞ്ഞത്. സഹോദരന്റെ നിറവിശേഷമായ വാത്സല്യം കൊണ്ടും, ജ്യോഷ്ഠ തുല്യമായ കരുതൽ കൊണ്ടും, വ്യക്തി ജീവിതത്തിലേയും പ്രൊഫഷണൽ ജീവിതത്തിലേയും എല്ലാ ഉയർച്ച താഴ്ചകളിലും, സന്തോഷത്തിലും സങ്കടത്തിലും താങ്ങായി ഒപ്പം നിൽക്കുന്ന സാന്നിധ്യമാണ് തന്റെ ജീവിതത്തിൽ മമ്മൂട്ടിയെന്നും മോഹൻലാൽ പറഞ്ഞു.
തന്റെ പക്കല്‍ മമ്മൂട്ടിയുടെ നല്ല ചിത്രമില്ലെന്ന ക്ഷമാപണത്തോടെയാണ് പൃഥ്വിരാജ് ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്. മമ്മൂട്ടിയോടൊപ്പം ബിരിയാണിയും കട്ടന്‍ചായയും പങ്കുവെച്ച ഒരു വൈകുന്നേരത്തെ ചിത്രമാണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. താങ്കള്‍ എന്റെ ജീവിതത്തിലെത്രത്തോളമാണെന്ന് താങ്കള്ക്കറിയില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു.
യുവതാരങ്ങളായ പൃഥ്വിരാജ്,നിവിൻ പൊളി,ടോവിനോ തോമസ്, ആസിഫ് അലി,ജയസൂര്യ,ദിലീപ് തുടങ്ങിയ താരങ്ങൾ ആശംസകളുമായി എത്തി. ‘ഒന്നിച്ചായിരിക്കാന്‍ കഴിയുന്നതിനാല്‍ തന്നെ ഏറ്റവും ഭാഗ്യം ചെയ്ത കുടുംബമാണ് ഞങ്ങള്‍. ചുറ്റുമുള്ള ലോകം വാപ്പിയെ ആഘോഷിക്കുന്നത് കാണുമ്പോഴെല്ലാം അതെനിക്ക് ഓര്‍മ്മ വരും. പിറന്നാളുകളിലേറ്റവും മനോഹരമാകട്ടെ ഇത്. പതിവുപോലെ പ്രായം പിന്തിരിഞ്ഞ് നടക്കട്ടെ,’ മമ്മൂട്ടിയുടെ മകന് ദുല്‍ഖര്‍ സല്മാന് കുറിച്ചു.
സിനിമയെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും പ്രിയങ്കരനാണ് ‘മമ്മൂക്ക’ എന്ന് മഞ്ജു വാര്യർ. സിനിമയെ കുറിച്ച് പറയുമ്പോൾ പറയുന്ന ആദ്യ രണ്ടു പേരുകളിൽ ഒന്നാണ് മമ്മുക്കയുടേതെന്നും മഞ്ജു വാര്യർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: