കാബൂള്‍ : താലിബാനെ സഹായിക്കുന്നതില്‍ പാക്കിസ്ഥാനെതിരെ പ്രതിഷധവുമായി നിരത്തിലിറങ്ങി അഫ്ഗാന് പൗരന്മാര്. പഞ്ച്ശീറില്‍ ആക്രമണം നടത്തുന്നതിന് താലിബാന് പാക് സൈന്യം സഹായം നല്‍കുന്നതായി പ്രതിരോധ സേനയുടെ നേതാവ് അഹമ്മദ് മസൂദ് അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് ജനങ്ങള്‍ ചൊവ്വാഴ്ച പാക്കിസ്ഥാനെതിരെ നിരത്തില്‍ പ്രതിഷേധത്തിനിറങ്ങിയത്.
പാകിസ്താന് അഫ്ഗാന് വിട്ടു പോവുക എന്ന മുദ്രാവാക്യവും ബാനറുകളുമായി ആളുകള്‍ കാബൂളിലെ പാക് എംബസിക്ക് മുമ്പില്‍ പ്രതിഷേധിച്ചത്. ഇവരില്‍ കൂടുതല്‍ പേരും സ്ത്രീകളായിരുന്നു. തുടര്‍ന്ന് താലിബാന് വെടിയുതിര്‍ത്താണ് ഇവരെ പിരിച്ചുവിട്ടത്. പാക് ചാരസംഘടനയായ ഐഎസ്ഐ പ്രതിനിധി സംഘം താമസിക്കുന്ന കാബൂള്‍ സെറിന ഹോട്ടലിലേക്കും പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഇവരെ പിരിച്ചു വിടാന്‍ വേണ്ടി താലിബാന് ആകശത്തേക്ക് വെടിവെച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ആസ്വക ന്യൂസ് ഏജന്‍സി ട്വീറ്റ് ചെയ്തിട്ടുണ്ട്.
താലിബാന് പാക്കിസ്ഥാന് പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് കൂടാതെ പഞ്ച്ശീര്‍ താലിബാന് പിടിച്ചടക്കിയതായി ഇതിന് മുമ്പും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് ഇത് നിഷേധിച്ച പഞ്ച്ശീര്‍ പ്രതിരോധ സൈന്യത്തിന്റെ വക്താവ് നുണ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ പാക് സൈന്യമാണെന്നും അറിയിച്ചിരുന്നു.
താലിബാന് സര്‍ക്കാര്‍ രൂപവത്കരണത്തിന് മുന്നോടിയായി പാക് ചാരസംഘടനയായ ഐഎസ്ഐ മേധാവി ജനറല്‍ ഫൈസ് ഹമീദിന്റെ നേതൃത്വത്തില്‍ ഒരു സംഘം കാബൂളില്‍ എത്തിയിരുന്നു. താലിബാന് ഭരണകൂടത്തിന് പിന്തുണ നല്‍കുന്നതായി പാക്കിസ്ഥാന് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബാജ്വയും ബ്രിട്ടണ് സന്ദര്‍ശനത്തിനിടെ അറിയിച്ചിരുന്നു.
അതിനിടെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് താലിബാന് നേതാക്കളായ ബരാദര്‍ വിഭാഗവും ഹഖാനി വിഭാഗവും പരസ്പരം വെടിവെപ്പ് നടത്തി. ഇതില്‍ ബരാദറിന് പരിക്കേറ്റതായും അദ്ദേഹത്തെ പാക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: