മുംബൈ : വര്‍ഗ്ഗീയ വാദത്തിനെതിരെ മുസ്ലിം നേതാക്കള്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് ആര്‍എസഎസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ഹിന്ദുക്കളുടെയും, മുസ്ലിങ്ങളുടെയും പൂര്‍വ്വികര്‍ ഒന്നാണ്. ബ്രിട്ടീഷുകാരാണ് ഇരു കൂട്ടര്‍ക്കുമിടയില്‍ ഭിന്നത വളര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു. പൂനെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ സ്ട്രാറ്റജിക് പോളിസി ഫൗണ്ടേഷന് സംഘടിപ്പിച്ച ചടങ്ങില്‍ രാഷ്ട്രം പ്രഥമം രാഷ്ട്രം സര്‍വ്വോപരി എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിങ്ങള്‍ക്കിടയില്‍ കടുത്ത വിഭാഗീയത വളര്‍ത്തിയെടുത്തത് ബ്രിട്ടീഷുകാരാണ്. ഇന്ത്യയില്‍ ഹിന്ദുക്കള്‍ മാത്രമേ വിജയിക്കൂ എന്നും അതിനാല്‍ മറ്റൊരു രാജ്യം ആവശ്യപ്പെടണമെന്നും മുസ്ലിങ്ങളോട് പറഞ്ഞത് ഇവരാണ്. ഇന്ത്യയില്‍ നിന്നും ഇസ്ലാം മതം ഇല്ലാതാകുമെന്നും ബ്രിട്ടീഷുകാര്‍ പറഞ്ഞിരുന്നതായും മോഹന്‍ ഭാഗവത് അറിയിച്ചു.
മുസ്ലിങ്ങളെല്ലാം മതമൗലിക വാദികളാണെന്ന് ബ്രിട്ടീഷുകാര്‍ ഹിന്ദുക്കളെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇരു വിഭാഗങ്ങളും തമ്മില്‍ തല്ലണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ തമ്മില്‍ തല്ലുന്നതിന് പകരം ഇരുവിഭാഗങ്ങളും തമ്മില്‍ അകലുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ പുരോഗതിയ്ക്കായി ഹിന്ദുക്കളും മുസ്ലിങ്ങലും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. ഹിന്ദു എന്ന വാക്ക് മാതൃരാജ്യം, പൂര്‍വികര്‍, ഇന്ത്യന്‍ സംസ്കാരം എന്നീ പദങ്ങള്‍ക്ക് സമാനമാണെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, കശ്മീര്‍ യൂണിവേഴ്സിറ്റി ചാന്‍സിലര്‍ റിട്ടയേര്‍ഡ് ലഫ്റ്റനന്റ് ജനറല്‍ സെയ്ദ് അതാ ഹസ്നൈന് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: