കോഴിക്കോട്: കൊളത്തൂര്‍ അദൈ്വതാശ്രമത്തിനെതിരേ വീണ്ടും സിപിഎം പടയൊരുക്കം. കൊളത്തൂരിലെ ശിവശക്തി കളരിസംഘം ഗുരുക്കള്‍ മജീന്ദ്രന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് സിപിഎമ്മും പോഷകസംഘടനകളും ആശ്രമത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്.
2019ല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് രക്ഷിതാക്കള്‍ നല്കിയ പരാതിയെ തുടര്‍ന്ന് കാക്കൂര്‍ പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും ഇക്കഴിഞ്ഞ ആഗസ്ത് 28ന് മജീന്ദ്രനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാല്‍ അദൈ്വതാശ്രമവുമായി യാതൊരുബന്ധവുമില്ലാത്ത ഈ കേസിന്റെ പേരിലാണ് സിപിഎം ആശ്രമത്തിലേക്ക് ഇന്ന് രാവിലെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ആശ്രമത്തെ കരിവാരിത്തേക്കാനുള്ള സിപിഎം ശ്രമത്തിനെതിരെ ഇന്ന് രാവിലെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സനാതന സംഗമം സംഘടിപ്പിച്ചിട്ടുണ്ട്. ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരി സംഗമത്തില്‍ പങ്കെടുക്കും.
അറസ്റ്റ് ചെയ്യപ്പെട്ട പേരാമ്പ്ര സ്വദേശി മജീന്ദ്രന് കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകാരമുള്ള കേരള കളരിപ്പയറ്റ് അസോസിയേഷന്റെയും മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സിന്റെ അംഗീകാരമുള്ള ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്റെയും അംഗത്വമുള്ളയാളാണ്. നാട്ടുകാരുടേയും മജീന്ദ്രന്റെയും അപേക്ഷ പരിഗണിച്ചാണ് ശ്രീശങ്കരാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്ഥലം നിയമവിധേയമായി കളരി പരിശീലനത്തിന് അനുവദിച്ചത്. 2018ല്‍ ആരംഭിച്ച കളരി 2020 ഫെബ്രുവരിവരെ തുടര്‍ന്നിരുന്നു. ഇതിനിടയിലാണ് 2019ല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നത്.
അദൈ്വതാശ്രമമോ ശ്രീശങ്കരാ ട്രസ്റ്റോ കളരി നടത്തുന്നില്ലെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. നാട്ടുകാരുടെ ആവശ്യത്തെത്തുടര്‍ന്ന് വാടകയില്ലാതെ സ്ഥലം വിട്ടുകൊടുക്കുകയായിരുന്നു. ആശ്രമവുമായി ബന്ധമില്ലാത്ത സംഭവത്തിന്റെ പേരിലാണ് ഒരു വിഭാഗം ആശ്രമത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. പ്രതി കുറ്റക്കാരനാണെങ്കില്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. കേസന്വേഷണവുമായി ആശ്രമത്തിന് യാതൊരു ബന്ധവുമില്ല, സ്വാമി ചിദാനന്ദപുരി പറഞ്ഞു.
ചെറുത്തു തോല്‍പ്പിക്കും: വത്സന് തില്ലങ്കേരി
കോഴിക്കോട്: സ്വാമി ചിദാനന്ദപുരിയെ അപകീര്‍ത്തിപ്പെടുത്താന്‍ നടക്കുന്ന ബോധപൂര്‍വ്വമായ ശ്രമത്തെ ചെറുത്തു തോല്‍പ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരി പറഞ്ഞു. ആശ്രമത്തെ സംരക്ഷിക്കാന്‍ ഹിന്ദുസമൂഹം രംഗത്തിറങ്ങും അദ്ദേഹം പറഞ്ഞു. ഹിന്ദു സമൂഹത്തിന് വേണ്ടി ധീരവും ശക്തവുമായി നടപടിയെടുക്കുന്ന സ്വാമിജിയെ പ്രതിരോധത്തിലാക്കാനാണ് മതരാഷ്ട്രീയ ജിഹാദി സംഘങ്ങള്‍ കരുതിക്കൂട്ടി രംഗത്തിറങ്ങിയിരിക്കുന്നു. ആദ്ധ്യാത്മിക സ്ഥാപനങ്ങളെയും ആദ്ധ്യാത്മിക ആചാര്യന്മാരെയും ബോധപൂര്‍വ്വം അവഹേളിക്കാനുള്ള പരിശ്രമത്തില്‍ നിന്ന് സിപിഎം പിന്മാറണം. .
സ്വാമി ചിദാനന്ദപുരിക്കെതിരെ സിപിഎം നടത്തുന്ന നിരന്തര പ്രചാരണത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യകാരി അംഗം പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍ പറഞ്ഞു. ആശ്രമത്തിനെതിരെ സിപിഎം നടത്തുന്ന നീക്കം ഗൗരവമായി കാണും. പ്രതിക്കുവേണ്ടി രംഗത്തുവന്ന ഇടതുപക്ഷം ആശ്രമത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണ്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: