തൃശൂര്‍: വിയ്യൂര്‍ ജില്ലാ ജയിലില്‍ 30 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം ജയിലില്‍ നടത്തിയ പരിശോധനയിലണ് തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നില ഗുരുതരമായതിനെ തുടര്‍ന്ന് ഒരാളെ തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രോഗം സ്ഥിരീകരിച്ച 29 പേരെ ജയിലിലെ സിഎഫ്എല്‍ടിസി കേന്ദ്രത്തില്‍ നിരീക്ഷണത്തിലാക്കി. ഇവരുമായി സമ്പര്‍ക്കത്തില്‍പ്പെട്ടവരെ നിരീക്ഷണത്തിലേക്ക് മാറ്റി.
ജില്ലയിലെ വിവിധ കോടതികളില്‍ നിന്ന് റിമാന്‍ഡ് ചെയ്യപ്പെടുന്ന പ്രതികള്‍ ആദ്യത്തെ പത്തുദിവസം കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നത് വിയ്യൂര്‍ ജില്ലാ ജയിലിലാണ്. ഈ കേന്ദ്രത്തില്‍ നിരീക്ഷണ കാലാവധിയില്‍ രോഗമില്ലെന്ന് സ്ഥിരീകരിച്ചതിന് ശേഷമാണ് ഇവരെ ജില്ലകളിലെ മറ്റ് സബ് ജയിലുകളിലേക്ക് മാറ്റുന്നത്. എന്നാല്‍ ജില്ലാ ജയിലില്‍ രോഗബാധയുണ്ടായത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല.
പരിശോധനകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ജയിലില്‍ തുടരുകയാണ്. രോഗവ്യാപനം രൂക്ഷമായതിനാല്‍ ശേഷിക്കുന്നവര്‍ക്കും ജയില്‍ ഉദ്യോഗസ്ഥര്‍ക്കും കൂടി അടുത്ത ദിവസം പരിശോധന നടത്തുമെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. നേരത്തെയും വിയ്യൂര്‍ ജയിലില്‍ തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അന്ന് നടത്തിയ പരിശോധനയില്‍ 51 തടവുകാര്‍ക്കും ഏഴ് ഉദ്യോഗസ്ഥര്‍ക്കും രോഗം കണ്ടെത്തിയിരുന്നു.
തൃശൂര്‍ ജില്ലയിലാകെ കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ തുടര്‍ച്ചയായി മൂന്നായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടര്‍ന്ന് പലയിടത്തും ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്.
ഉയര്‍ന്ന് തന്നെ: ടിപിആര്‍ 25.30%
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്നലെ ജില്ല വീണ്ടും ഒന്നാമത്. ഇന്നലെ 12,332 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 3,120 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3,107 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2,528 പേര് രോഗമുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.30% ആണ്. 2205 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച കോഴീക്കോടാണ് രണ്ടാം സ്ഥാനത്ത്.
ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത് 21,961 പേരാണ്. കൂടാതെ ജില്ലക്കാരായ 68 പേര് മറ്റു ജില്ലകളിലും 15,972 പേര് വീടുകളിലും ചികിത്സയിലുണ്ട്. 3,216 പേര് പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 425 പേര് ആശുപത്രിയിലും 2,791 പേര് വീടുകളിലുമാണ്. ഇതുവരെ 4,31,491 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4,07,639 പേരെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തു.
അണ്ടത്തോട്,എളവളളി, വേലൂര്‍, തെക്കുംകര, മുണ്ടൂര്‍, പുത്തൂര്‍, മാടക്കത്തറ, മതിലകം, ചാമക്കാല, വരന്തരപ്പിളളി, കൊടകര എന്നിവിടങ്ങളില്‍ ഇന്ന് സൗജന്യമായി കൊവിഡ് പരിശോധന ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: