ഇന്ത്യയുടെ അസൂയാവഹമായ നേട്ടത്തോടെ ടോക്കിയോ പാരാലിമ്പിക്സിന് കഴിഞ്ഞദിവസം കൊടിയിറങ്ങി. ഒളിമ്പിക്സിന്റെയും പാരാലിമ്പിക്സിന്റെയും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മെഡല്‍ നേട്ടമാണ് ടോക്കിയോയില്‍ ഇന്ത്യയുടെ സുവര്‍ണ താരങ്ങള്‍ സ്വന്തമാക്കിയത്. ടോക്കിയോ ഒളിമ്പിക്സില്‍ ഒരു സ്വര്‍ണമടക്കം 7 മെഡലുകളാണ് നേടിയതെങ്കില്‍ പാരാലിമ്പിക്സില്‍ അഞ്ച് സ്വര്‍ണവും എട്ട് വെള്ളിയും ആറ് വെങ്കലവുമടക്കം 19 മെഡലുകളാണ് ഇന്ത്യന്‍ സംഘം വാരിക്കൂട്ടിയത്.
പാരാലിമ്പിക്സിന്റെ ചരിത്രത്തില്‍ 12-ാം തവണയാണ് ഇന്ത്യ മത്സരിക്കാനിറങ്ങിയത്. 1968-ലായിരുന്നു ആദ്യം. ടോക്കിയോയ്ക്ക് മുന്‍പ് നടന്ന 2016 റിയോ പാരാലിമ്പിക്സ് വരെ ഇന്ത്യക്ക് ആകെ നേടാനായത് നാല് വീതം സ്വര്‍ണം, വെള്ളി, വെങ്കലമടക്കം 12 മെഡലുകള്‍ മാത്രമായിരുന്നു. ഇതില്‍ രണ്ട് സ്വര്‍ണമുള്‍പ്പെടെ നാല് മെഡലുകള്‍ സ്വന്തമാക്കിയ റിയോ പാരാലിമ്പിക്സിലേതായിരുന്നു ഇന്ത്യന്‍ ടീമിന്റെ ഏറ്റവും മികച്ച പ്രകടനം. 1984ലെ പാരാലിമ്പിക്സിലും നാല് മെഡലുകള്‍ നേടി. രണ്ട് വീതം വെള്ളിയും വെങ്കലവുമാണ് അന്ന് നേടിയത്. ടോക്കിയോയില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ സംഘമാണ് പാരാലിമ്പിക്സില്‍ മത്സരിക്കാനിറങ്ങിയത്. 54 പേരടങ്ങിയ ഇന്ത്യന്‍ സംഘം തിരികെ മടങ്ങുന്നത് റിയോയില്‍ നേടിയ മെഡലുകളെക്കാള്‍ അഞ്ചിരട്ടിയോളം മെഡലുകള്‍ നേടിക്കൊണ്ടാണ്.
സമാനതകളില്ലാത്ത നിശ്ചയദാര്‍ഢ്യത്തിന്റെയും മനക്കരുത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും പ്രതീകമാണ് ഓരോ പാരാ അത്ലറ്റും. ശരീരത്തിന്റെ കുറവുകളെ ആത്മവിശ്വാസം കൊണ്ട് പൊരുതിത്തോല്‍പ്പിച്ചാണ് ഇവര്‍ വിജയം കൊയ്തത്. ടോക്കിയോ ഒളിമ്പിക്സില്‍ ഏറെ മെഡല്‍ പ്രതീക്ഷിച്ചിരുന്ന ഷൂട്ടിങിലെയും അമ്പെയ്ത്തിലെയും നിരാശ പാരാലിമ്പിക്സിലൂടെ ഇന്ത്യ മറികടക്കുകയും ചെയ്തു. ടോക്കിയോയില്‍ ഷൂട്ടിങ്ങില്‍ നിന്ന് രണ്ട് സ്വര്‍ണമടക്കം അഞ്ച് മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ വാരിക്കൂട്ടിയത്. ഇതില്‍ അവനി ലേഖര, സിങ്രാജ് അധാന എന്നിവര്‍ രണ്ട് മെഡലുകള്‍ വീതം നേടി രാജ്യത്തിന്റെ ഹീറോകളായി. വനിതകളുടെ ഷൂട്ടിങ്, 10 മീ. എയര്‍ റൈഫിള്‍ എസ്എച്ച് 1 വിഭാഗത്തിലായിരുന്നു അവനിയുടെ സ്വര്‍ണം. ഷൂട്ടിങ്, ആര്8 50 മീ. റൈഫിള്‍ 3 പൊസിഷന്‍ എസ്എച്ച് 1 വിഭാഗത്തില്‍ അവനി വെങ്കലവും സ്വന്തമാക്കി. സിങ്രാജ് അധാന ഷൂട്ടിങ് മിക്സഡ് പി 4 50 മീ. പിസ്റ്റള്‍ എസ്എച്ച് 1 വിഭാഗത്തില്‍ വെള്ളിയും പി 1 10 മീ. എയര്‍ പിസ്റ്റള്‍ എസ്എച്ച് 1 വിഭാഗത്തില്‍ വെങ്കലവും നേടി.
പുരുഷ ജാവലിന്‍ എഫ് 64 വിഭാഗത്തില്‍ സുമിത് ആന്റില്‍, പുരുഷ ഷൂട്ടിങ് മിക്സഡ് പി 4 50 മീ. പിസ്റ്റള്‍ എസ്എച്ച് 1 വിഭാഗത്തില്‍ മനീഷ് നര്‍വാള്‍, ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് എസ്എല്‍ 3 വിഭാഗത്തില്‍ പ്രമോദ് ഭഗത്, ബാഡ്മിന്റണ്‍, പുരുഷ സിംഗിള്‍സ് എസ്എച്ച് 6 വിഭാഗത്തില്‍ കൃഷ്ണ നാഗര്‍ എന്നിവരാണ് ടോക്കിയോ പാരാലിമ്പിക്സില്‍ പൊന്നണിഞ്ഞ് രാജ്യത്തിന്റെ ഹീറോകളായത്. ടേബിള്‍ ടെന്നീസ്, വനിതാ വ്യക്തിഗത ക്ലാസ് 4 വിഭാഗത്തില്‍ ഭവിന പട്ടേല്‍, പുരുഷ ഹൈജമ്പ് ടി 47 വിഭാഗത്തില്‍ നിഷാദ് കുമാര്‍, പുരുഷ ഡിസ്കസ് ത്രോ എഫ് 56 വിഭാഗത്തില്‍ യോഗേഷ് കതുനിയ, ജാവലിന്‍ ത്രോ എഫ് 46 വിഭാഗത്തില്‍ ദേവേന്ദ്ര ജജാരിയ, ഹൈജമ്പ് ടി 63 വിഭാഗത്തില്‍ മാരിയപ്പന് തങ്കവേലു, ഹൈജമ്പ് ടി 64 വിഭാഗത്തില്‍ പ്രവീണ്‍കുമാര്‍, ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്എല്‍ 4 വിഭാഗത്തില്‍ സുഹാസ് യതിരാജ് എന്നിവര്‍ വെള്ളി മെഡല്‍ നേടി അഭിമാനതാരങ്ങളുമായി. പുരുഷ ജാവലിന്‍ ത്രോ എഫ് 46 വിഭാഗത്തില്‍ സുന്ദര്‍ സിങ് ഗുര്‍ജാര്‍, ഹൈജമ്പ് ടി 63 വിഭാഗത്തില്‍ ശരദ്കുമാര്‍, അമ്പെയ്ത്ത് വ്യക്തിഗത റീകര്‍വ് ഓപ്പണില്‍ ഹര്‍വിന്ദര്‍ സിങ്, ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്എല്‍ 3 വിഭാഗത്തില്‍ മനോജ് സര്‍കാര്‍ എന്നിവര്‍ വെങ്കലവും നേടി വിശ്വകായിക മാമാങ്കത്തില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തി.
ടേബിള്‍ ടെന്നിസില്‍ ക്ലാസ് 4വിഭാഗത്തില്‍ ഭവിനാബെന്‍ പട്ടേല്‍ നേടിയ വെങ്കലത്തിലൂടെ മെഡല്‍ നേട്ടത്തിന് തുടക്കമിട്ട ഇന്ത്യ അവസാന ദിവസം എസ്എച്ച് 6 വിഭാഗം സിംഗിള്‍സ് ബാഡ്മിന്റണില്‍ കൃഷ്ണ സാഗര്‍ നേടിയ സ്വര്‍ണത്തോടെയാണ് മെഡല്‍ കൊയ്ത്തിന് സമാപനം കുറിച്ചത്.
തങ്ങളുടെ കുറവുകളെ ആത്മവിശ്വാസവും കഠിനാദ്ധ്വാനവും കൊണ്ട് മറികടന്നാണ് പാരാലിമ്പിക്സിലെ ഓരോ അത്ലറ്റുകളും വിസ്മയം തീര്‍ത്തത്.
ഷൂട്ടിങ്ങില്‍ രണ്ട് മെഡലുകള്‍ നേടിയ പത്തൊന്‍പതുകാരി അവനി ലേഖരയുടെ അരയ്ക്കു താഴെ തളര്‍ന്നതാണ്. 2012-ല്‍ പതിനൊന്നാം വയസ്സിലുണ്ടായ ഒരു കാറപകടത്തിനൊടുവിലാണ് അവനി വീല്‍ചെയറിലായത്. എന്നാല്‍ ഇതില്‍ തളര്‍ന്നിരിക്കാനായിരുന്നില്ല അവളുടെ തീരുമാനം. മാതാപിതാക്കളുടെ പിന്തുണേയാടെ കായികരംഗത്തേയ്ക്ക് പ്രവേശിച്ചു. തുടക്കത്തില്‍ അമ്പെയ്ത്തിലായിരുന്നെങ്കിലും പിന്നീട് ഷൂട്ടിങ്ങിലേക്ക് മാറുകയായിരുന്നു. 2001 നവംബര്‍ 8ന് രാജസ്ഥാനിലെയ ജയ്പൂരില്‍ ജനിച്ച ഈ മിടുക്കി ഇപ്പോള്‍ നിയമവിദ്യാര്‍ഥിനിയാണ്.
1998 ജൂലൈ 6ന് ഹരിയാനയിലെ സോനിപതിലാണ് പുരുഷ ജാവലിന്‍ എഫ് 64 വിഭാഗത്തില്‍ സ്വര്‍ണം നേടിയ സുമിത് ആന്റിലിന്റെ ജനനം.68.55 മീറ്റര്‍ ദൂരത്തേയ്ക്ക് ജാവലിന്‍ എറിഞ്ഞ് ലോക റെക്കോഡോടെയാണ് സുമിത് പാരാലിമ്പിക്സില്‍ പൊന്നണിഞ്ഞത്. 2019-ല്‍ സുമിത് തന്നെ സ്ഥാപിച്ച 62.88 മീറ്ററിന്റെ ലോക റെക്കോഡാണ് നീരജ് ചോപ്രയുടെ നാട്ടുകാരനായ സുമിത് ടോക്കിയോയില്‍ തിരുത്തിയത്. ഗുസ്തി താരമായിരിക്കെ 2015-ല്‍ തന്റെ 17-ാം വയസ്സിലുണ്ടായ ബൈക്കപകടത്തില്‍ കാല്‍മുട്ടിനു താഴെ മുറിച്ചു മാറ്റേണ്ടി വന്നു. ഇതില്‍ തളരാന്‍ സുമിത് തയാറായില്ല. തുടര്‍ന്ന് കൃത്രിമകാല് ഘടിപ്പിച്ച് ജാവലിന്‍ എറിയാന്‍ പരിശീലിച്ചു. ആ ആത്മവിശ്വാസത്തിന്റെ പരിണിതഫലമാണ് ടോക്കിയോയിലെ പൊന്‍തിളക്കം.
2001 ഒക്ടോബര്‍ 17ന് ജനിച്ച മനിഷ് നര്‍വാള്‍ ഉജ്ജ്വല പ്രകടനത്തോടെയാണ് ഷൂട്ടിങ്, മിക്സഡ് പി 4 50മീ. പിസ്റ്റള്‍ എസ്എച്ച് 1 വിഭാഗത്തില്‍ പൊന്നണിഞ്ഞത്. 2016ലാണ് നര്‍വാള്‍ ഷൂട്ടിങ് പരിശീലനം തുടങ്ങിയത്. 2021-ല്‍ പാരാ ഷൂട്ടിങ് ലോക കപ്പില്‍ 50 മീറ്റര്‍ പിസ്റ്റര്‍ എസ്എച്ച് 1 വിഭാഗത്തില്‍ ലോക റെക്കോഡോടെ സ്വര്‍ണം നേടി രാജ്യത്തിന്റെ അഭിമാനതാരമായി. ദേശീയ, രാജ്യാന്തര ചാമ്പ്യന്‍ഷിപ്പുകളില്‍ നിരവധി മെഡലുകളും ഈ 20കാരന് സ്വന്തമാക്കിയിട്ടുണ്ട്. 2020-ല്‍ കായികരംഗത്തെ മികവിന് രാജ്യം അര്‍ജുന അവാര്‍ഡ് നേടി ആദരിക്കുകയും ചെയ്തു.
1988 ജൂണ്‍ 4ന് ബീഹാറിലെ ഹാജിപൂരില്‍ ജനിച്ച താരമാണ് പ്രമോദ് ഭഗത്. ബാഡ്മിന്റണ്‍, പുരുഷ സിംഗിള്‍സ് എസ്എല്‍ 3 വിഭാഗത്തില്‍ സ്വര്‍ണം നേടിയ പ്രമോദ് ലോക ചാമ്പ്യന്‍ഷിപ്പില്‍ 4 സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും ഏഷ്യന്‍ പാരാ ഗെയിംസില്‍ ഒരു സ്വര്‍ണവും രണ്ട് വെങ്കലവും നേടിയ താരമാണ്. തീര്‍ന്നില്ല പ്രമോദ് ഭഗതിന്റെ നേട്ടങ്ങള്‍. ഏഷ്യന്‍ പാരാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലും ഐഡബ്ല്യൃു ലോക ഗെയിംസിലും മെഡലുകള്‍ നേടിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ നിലവില്‍ ലോക ഒന്നാം നമ്പര്‍ താരവുമാണ് ഈ 33 കാരന്. അഞ്ചാം വയസ്സിലാണ് ഇടംകാലിന്റെ സ്വാധീനക്കുറവു ശ്രദ്ധയില്‍പ്പെടുന്നത്. 13-ാം വയസ്സില്‍ ഒരു ബാഡ്്മിന്റണ്‍ മത്സരം കണ്ടതോടെയാണ് പ്രമോദ് കായികരംഗത്തേക്ക് എത്തുന്നത്. തുടര്‍ന്നുള്ള രണ്ട് വര്‍ഷങ്ങള്‍ പ്രമോദിന് കഠിനാദ്ധ്വാനത്തിന്റേതായിരുന്നു. 15-ാം വയസ്സില്‍ തന്റെ വൈകല്യം വകവയ്ക്കാതെ പൂര്‍ണ ആരോഗ്യവാന്മാര്‍ക്കൊപ്പം ടൂര്‍ണമെന്റ് കളിക്കാനിറങ്ങി. ആ കുതിപ്പാണ് ഇപ്പോള്‍ പാരാലിമ്പിക്സ് സ്വര്‍ണത്തിലെത്തി നില്‍ക്കുന്നത്.
2019ലെ ലോക ചാമ്പ്യന്‍ഷിപ്പിലും 2018ലെ ഏഷ്യന്‍ പാരാ ഗെയിംസിലും മെഡല്‍ നേടിയ ശേഷമാണ് കൃഷ്ണ നാഗര്‍ പാരാലിമ്പിക്സ് സ്വര്‍ണത്തില്‍ മുത്തമിട്ടത്. ജയ്പൂര്‍ സ്വദേശിയാണ് 22 കാരനായ കൃഷ്ണ നാഗര്‍. 2019ലെ ലോക പാരാ ചാമ്പ്യന്‍ഷിപ്പില്‍ എസ്എസ് 6 വിഭാഗത്തില്‍ പുരുഷ ഡബിള്‍സില്‍ വെള്ളിയും സംഗിള്‍സില്‍ വെങ്കലവും 2018 ജക്കാര്‍ത്ത ഏഷ്യന്‍ പാരാ ഗെയിംസില്‍ വെങ്കലവും നേടിയിട്ടുണ്ട് കൃഷ്ണ നാഗര്‍.
അതുപോലെ പാരാലിമ്പിക്സില്‍ പങ്കെടുത്ത ഓരോ താരങ്ങളും ആത്മവിശ്വാസത്തിന്റെ നിറകുടങ്ങളാണ്. അഞ്ചാം വയസ്സില്‍ സ്കൂളിലേക്കു നടന്നുപോകുന്നതിനിടെ ബസ് കയറി ചതഞ്ഞരഞ്ഞു വലതുകാല്‍പാദം നഷ്ടപ്പെട്ട മാരിയപ്പന് തങ്കവേലുവും എട്ടാം വയസ്സില്‍ പാടത്തു കളിക്കുന്നതിനിടെ പുല്ലരിയുന്ന യന്ത്രത്തില്‍ കുടുങ്ങി വലതുകൈ, മുട്ടിനുതാഴെ അറ്റുപോയ നിഷാദ് കുമാറും സാധാരണ ജീവിതത്തിനു വിരാമം വീണിടത്തുനിന്നാണു കളിക്കളത്തിലെ മെഡല്‍ത്തിളക്കത്തിലേക്കു പൊരുതിക്കയറിയത്. ചെറുപ്പത്തില്‍ പോളിയോബാധിതരായി കാലുകള്‍ തളര്‍ന്ന ഭാവിനബെന്‍ പട്ടേലും ശരദ്കുമാറുമൊക്കെ രാജ്യത്തിന്റെ സൂപ്പര്‍ താരങ്ങളായി മാറിയത് അര്‍പ്പണബോധംകൊണ്ടും കഠിനാദ്ധ്വാനം കൊണ്ടുമാണ്. ഒപ്പം രക്ഷിതാക്കളുടെ പിന്തുണയും ഈ താരങ്ങള്‍ക്ക് ജീവിതത്തില്‍ മുന്നേറാനുള്ള കരുത്തേകി.
ജന്മനാ അല്ലെങ്കില്‍ അപകടങ്ങള്‍മൂലം ഉണ്ടാകുന്ന ശാരീരിക വെല്ലുവിളികളോടു സമരസപ്പെടാന്‍ കഴിയാതെ നിരാശയുടെ പടുകുഴിയിലേക്കു വീണുപോകുന്നവരാണ് പലരും. ഒരു അപകടമോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം കൊണ്ടോ ശാരീരിക വൈകല്യം സംഭിച്ചാല്‍ വീട്ടിലെ നാലു ചുവരുകള്‍ക്കുള്ളില്‍ ശേഷിച്ച കാലം ജീവിച്ചു തീര്‍ക്കുകയാണ് മിക്കവാറും എല്ലാവരും ചെയ്യുന്നത്. ഇങ്ങനെയുള്ളവര്‍ക്ക് നേട്ടങ്ങള്‍ സ്വന്തമാക്കാനും മറ്റും ആത്മവിശ്വാസവും ഉള്‍ക്കരുത്തും സമ്മാനിക്കുന്നതാണ് പാരാലിമ്പ്യന്മാരുടെ വിജയഗാഥ.
ഇനി ഇന്ത്യയ്ക്ക് അഭിമാനനേട്ടം സമ്മാനിച്ചവര്‍ക്കു അര്‍ഹതപ്പെട്ട അംഗീകാരം നല്കാന് സര്‍ക്കാരുകളും കായികസംഘടനകളും തയ്യാറാകുകയും കൂടി ചെയ്താല്‍ അത് അവര്‍ക്ക് പുതിയ ജീവിതം കെട്ടിപ്പടുക്കാനുള്ള ആത്മവിശ്വാസവുമേകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: