ന്യൂദല്‍ഹി: കേരള പൊലീസിനെതിരെ സി.പി.ഐ ദേശീയ നേതാവ് ആനി രാജ നടത്തിയ പ്രസ്താവനയെ പിന്തുണച്ച് സിപി ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ. കേരളത്തിലായാലും യു.പിയിലായാലും പൊലീസിന് വീഴ്ചയുണ്ടായാല്‍ ചോദ്യമുയരുമെന്ന് അദ്ദേഹം പറഞ്ഞു.
കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുവെന്നും ഗാര്‍ഹിക പീഡനത്തിനെതിരെ സംസ്ഥാനത്ത് നിയമം കാര്യക്ഷമമായി നടപ്പാകുന്നില്ലെന്നുമായിരുന്നു ആനി രാജയുടെ വിവാദ പ്രതികരണം. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ പൊലീസില്‍ നിന്ന് ബോധപൂര്‍വം ഇടപെടലുണ്ടാകുകയാണെന്നും ആനി രാജ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ സിപി ഐയുടെ സംസ്ഥാന നേതാക്കള്‍ രംഗത്തെത്തി. ആനി രാജയുടെ നിലപാട് പാര്‍ട്ടി നിലപാടിനെതിരാണെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന് വിമര്‍ശനമുന്നയിച്ചിരുന്നു. സംസ്ഥാനത്തെ വിഷയത്തില്‍ പ്രതികരിക്കുമ്പോള്‍ കൂടിയാലോചിക്കണമെന്നും ഇത് ആനി രാജ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി കാനം രാജേന്ദ്രന് ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജയ്ക്ക് കത്തയച്ചിരുന്നു. ഡി. രാജയുടെ ഭാര്യ കൂടിയാണ് ആനി രാജ.
കേരളത്തിലെ പൊലീസിനെതിരായ വിമര്‍ശനം ഡി. രാജ അദ്ദേഹത്തിന്റെ പ്രസ്താവനയിലൂടെ വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു. പൊലീസ് ജനങ്ങളുടെ സുഹൃത്തായിരിക്കണം. പൊലീസ് ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കുകയും ഇരകള്‍ക്ക് നീതി ഉറപ്പാക്കുകയും ചെയ്യണമെന്നതാണ് സി.പി.ഐയുടെ നിലപാടെന്നും ഡി. രാജ പറഞ്ഞു.
സ്ത്രീ സുരക്ഷക്കായി പ്രത്യേക വകുപ്പും പൂര്‍ണ സമയ മന്ത്രിയും വേണമെന്ന ആവശ്യമുന്നയിച്ച ആനി രാജ പൊലീസിന് ഗാര്‍ഹിക പീഡന നിയമത്തെ കുറിച്ച് ബോധവത്കരണം നല്‍കണമെന്നും നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: