കാബൂള്‍: പഞ്ച്ശീര്‍ പൂര്‍ണ്ണമായും പിടിച്ചടക്കിയതായി താലിബാന് പ്രഖ്യാപിച്ചു. താലിബാന് വക്താവ് സബീബുല്ല മുജാഹിദ് ആണ് തിങ്കളാഴ്ച പഞ്ച്ശീര്‍ താലിബാന് നിയന്ത്രണത്തിലായതായി പ്രഖ്യാപിച്ചത്.
കാബൂളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണം ഉടനെയുണ്ടാകുമെന്നും ഇതിന്റെ ചടങ്ങുകളിലേക്ക് തുര്‍ക്കി, ചൈന, റഷ്യ, പാകിസ്ഥാന്, ഇറാന്, ഖത്തര്‍ എന്നീ രാഷ്ട്രങ്ങളെ ക്ഷണിച്ചതായും അദ്ദേഹം അറിയിച്ചു. പുതിയ സര്‍ക്കാര്‍ രൂപികരണം സംബന്ധിച്ച ചടങ്ങുകള്‍ എന്തൊക്കെയെന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇസ്ലാമിക സര്‍ക്കാരില്‍ എല്ലാവര്ക്കും പ്രാതിനിധ്യമുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ഇനി ആയുധമെടുക്കുന്ന അഫ്ഗാനികളെ സര്‍ക്കാരിന്റെ ശത്രുക്കളായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘അഫ്ഗാനിസ്ഥാനിലെ യുദ്ധം അവസാനിച്ചു. പഞ്ച്ശീര്‍ ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്. താലിബാന് ചര്‍ച്ചകള്‍ക്ക് സമീപിച്ചപ്പോള്‍ വടക്കന്‍ സഖ്യസേന നിസ്സഹകരിക്കുന്ന ഉത്തരങ്ങളാണ് തന്നത്. പഞ്ച്ശീര്‍ പിടിച്ചടക്കാന്‍ വലിയ ആള്‍നാശം വേണ്ടിവന്നില്ല,’- അദ്ദേഹം അഭിപ്രായപ്പെട്ടു.
പഞ്ച്ശീറില്‍ പാകിസ്ഥാന്റെ പിന്തുണയോടെ ആക്രമണം നടന്നുവെന്ന ആരോപണം അദ്ദേഹം നിഷേധിച്ചില്ല. പകരം പാക് സഹായത്തോടെ പഞ്ച്ശീറില്‍ നടത്തിയ താലിബാന് ആക്രമണത്തെ സബീഹുള്ള ന്യായീകരിക്കുകയായിരുന്നു. ‘ഈ പ്രശ്നം സമാധാനപൂര്‍ണ്ണമായി ഒത്തുതീര്‍പ്പാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ കാബൂളില്‍ നിന്നും രക്ഷപ്പെട്ടവര്‍ താലിബാനുമായി യുദ്ധം ചെയ്യാമെന്ന് ചിന്തിച്ചു. ഇനി പ്രശ്നം സൃഷ്ടിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ പഞ്ച്ശീറിലേതുപോലെ അവരെ കൈകാര്യം ചെയ്യും. അഫ്ഗാന്റെ മുന്‍ വൈസ് പ്രസിഡന്റായിരുന്ന അംറുല്ല സാലേയുടെ വിവരങ്ങള്‍ അറിയില്ല. അയാള്‍ക്ക് വേണ്ടി വേട്ട തുടരും. വൈകാതെ പഞ്ച്ശീറില്‍ വൈദ്യുതിയും ഇന്റര്‍നെറ്റും പുനസ്ഥാപിക്കും,’ സബീഹുള്ള പറഞ്ഞു.
ഖത്തര്‍, തുര്‍ക്കി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ സാങ്കേതിക സഹായത്തോടെ കാബൂള്‍ എയര്‍പോര്‍ട്ട് വീണ്ടും പ്രവര്‍ത്തനക്ഷമമാക്കും. ‘താലിബാന് നല്ല ബന്ധങ്ങളാണ് ലോകവുമായി ആഗ്രഹിക്കുന്നത്. ചൈന ഒരു വലിയ സാമ്പത്തിക ശക്തിയാണ്. അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മ്മാണത്തിനും വികസനത്തിനും ചൈനയുടെ സഹായം ആവശ്യമാണ്. കഴിഞ്ഞ 20 വര്‍ഷമായി അഫ്ഗാന് സര്‍ക്കാരിന് വേണ്ടി ജോലി ചെയ്ത സേനാംഗങ്ങള്‍ക്ക് ഇനി താലിബാന്റെ ഭാഗമായി ജോലി ചെയ്യാം,’ അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: